കൊച്ചി മെട്രോ: ഇ ശ്രീധരനും ചെന്നിത്തലയും ഉദ്ഘാടന വേദിയില്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിപ്പ് ലഭിച്ചു
Posted on: June 15, 2017 2:31 pm | Last updated: June 15, 2017 at 11:41 pm

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തി. ഇത് സംബന്ധിച്ച അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു.

മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 13 പേരുടെ പേരുകളായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇത് ഏഴായി വെട്ടിച്ചുരുക്കി. പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം. രാവിലെ 10.30ന് പാരാരിവട്ടത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് മെട്രോയില്‍ പത്തടിപ്പാലം വരെയും തിരച്ച് പാലാരിവട്ടത്തേക്കും യാത്ര ചെയ്യും. കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ്. ഇവരെ ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി വലിയ വിവാദമായിരുന്നു.