Connect with us

Articles

ഋതുയോജ്യമാകണം ജീവിതക്രമം

Published

|

Last Updated

മഴക്കാലമാരംഭിച്ചതോടെ സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയിലാണ്. കൃത്യമായി ശ്രദ്ധിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്താല്‍ പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷപ്പെടാമെന്ന് അലോപ്പതി വിദഗ്ധര്‍ പറയുന്നു. നിരവധി പകര്‍ച്ചവ്യാധികളാണ് സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്നത്.

കടുത്ത ശരീര വേദന, തലവേദന, പനി, ജലദോഷം എന്നിവയാണ് വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍. വായുവില്‍കൂടി രോഗം പടരും. ഒരാള്‍ക്കുവന്നാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം പടരും. കടുത്ത പനി, വിറയല്‍, കഠിനമായ തലവേദന, മഞ്ഞപ്പിത്തം എലിപ്പനിയുടെ ലക്ഷണമാണ്. ഹെപ്പറ്റൈറ്റിസ് എ എന്ന ജലജന്യരോഗത്തിന്റെയും ലക്ഷണം കാണിക്കും. എലികളുടെ വിസര്‍ജ്യം വെള്ളത്തിലെത്തി അതുവഴിയാണ് രോഗം പടരുന്നത്. വെള്ളത്തിലൂടെ ശരീരത്തിലെ മുറിവുകളിലൂടെ രോഗാണുക്കള്‍ ഉള്ളിലെത്തും. ഡെങ്കിപ്പനിയും മാരകമാണ്. ശക്തമായ പനി, തലവേദന. പ്രത്യേകിച്ച് തലയുടെ മുന്‍വശത്ത് കണ്ണിന്റെ പിറകില്‍ അതികഠിനമായ വേദന, ശരീരവേദനയുണ്ടാകും. രണ്ടാം ഘട്ടത്തില്‍ രക്തത്തില്‍ പേറ്റ്‌ലെറ്റുകളുടെ കൗണ്ട് ക്രമാതീതമായി കുറയും. തുടര്‍ന്ന് രോഗം അപകടകരമായ അവസ്ഥയിലെത്തും. ഈഡിസ് കൊതുകുകളാണ് ഡെങ്കി പരത്തുന്നത്.

എച്ച് 1 എന്‍ 1
ഈ പനിക്ക് ജലദോഷവും ശ്വാസം മുട്ടലും ഉണ്ടാവും. ഈ രോഗത്തിന്റെ ടെസ്റ്റുകള്‍ എല്ലാവര്‍ക്കും ചെയ്യാന്‍ സാധ്യമല്ലാത്തതിനാല്‍ പനി, ശ്വാസംമുട്ടല്‍ എന്നിവ വന്നാല്‍ ഒസല്‍ട്ടാവിമിര്‍ കഴിച്ചാല്‍ രോഗത്തെ ഒരു പരിധിവരെ തടയാം.

സ്രക്ബ് ടൈഫസ്
പൊള്ളിയതുപോലെയുള്ള വ്രണം, പനി എന്നിവയാണ് ലക്ഷണങ്ങള്‍. മലബാറില്‍ പുതുതായി കണ്ടെത്തിയ രോഗമാണിത്. എലികളിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്.

ടൈഫോയ്ഡ്
ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തി രോഗം നിര്‍ണയിക്കാം. രോഗിയുടെയും രോഗാണുവാഹകരുടെയും വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പടരും. ഈച്ചകളാണ് പ്രധാന രോഗവാഹകര്‍.

മഞ്ഞപ്പിത്തം
മൂത്രത്തിനും കണ്ണിനും ഉണ്ടാകുന്ന മഞ്ഞനിറമാണ് പ്രധാന ലക്ഷണം. വിശപ്പില്ലായ്മ, വയറുവേദന, പനി, ഛര്‍ദി എന്നിവയുമുണ്ടാകും. രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം.

കോളറ
പനി, ഛര്‍ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണം. രോഗിക്ക് പരമാവധി വേഗത്തില്‍ ചികിത്സ ലഭ്യമാക്കണം. ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും രോഗം പടരും.

രക്ഷ നേടാന്‍ നമുക്കും
ചിലതു ചെയ്യാനുണ്ട്
1. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക
2. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം പാടെ വര്‍ജിക്കുക.
3. പരിപൂര്‍ണ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
4. വസ്ത്രങ്ങള്‍ നിലത്തിട്ട് ഉണക്കാതിരിക്കുക
5. ഭക്ഷണ സാധനങ്ങള്‍ കഴുകിമാത്രം ഉപയോഗിക്കുക. അടച്ച് സൂക്ഷിക്കുക.
6. മത്സ്യ, മാംസങ്ങള്‍ നന്നായി വേവിച്ച് ഉപയോഗിക്കുക
7. ഭക്ഷ്യവസ്തുക്കള്‍ ചെറുചൂടോടെ ഉപയോഗിക്കുക. പഴകിയ ഭക്ഷണം ഉപേക്ഷിക്കുക.
8. ജലസംഭരണികള്‍ അടച്ചു സൂക്ഷിക്കുക.
9. മഴവെള്ളം കിണറ്റില്‍ അതേ പടി ഒലിച്ചിറങ്ങുന്നത് ഒഴിവാക്കുക.
10. വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, ഉപയോഗശൂന്യമായ സംഭരണികള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക.
11. വെള്ളം കെട്ടിനിര്‍ത്തല്‍ അനിവാര്യമാണെങ്കില്‍ അതില്‍ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക. ഇവ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുന്നു.
12. ഓടകളിലും അഴുക്കുചാലുകളിലും ഫോഗിംഗ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക
13. കൊതുകുനിവാരണം നടത്തുക, കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക.
14. മലിനജല സംസര്‍ഗം ഒഴിവാക്കുക.
15. എച്ച്1 എന്‍1 രോഗം സംശയിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ തൂവാലയോ മാസ്‌കോ ഉപയോഗിച്ച് മൂക്കും വായയും മൂടുക.
16. പകര്‍ച്ചവ്യാധികളുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍തന്നെ അംഗീകൃത ഡോക്ടര്‍മാരില്‍ നിന്നും ചികിത്സ തേടുക. സ്വയം ചികിത്സ തീര്‍ത്തും ഒഴിവാക്കുക.

ആയുര്‍വേദത്തില്‍ വര്‍ഷകാല
രോഗങ്ങളും പ്രതിവിധികളും
പരമ്പരാഗതമായി കേരള സംസ്‌കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു ജീവിതചര്യ അഥവാ ചികിത്സാക്രമമെന്ന രീതിയിലാണ് വര്‍ഷകാല ചികിത്സയെ ആയുര്‍വേദം നോക്കിക്കാണുന്നത്. ഈ കാലത്ത് പെയ്യുന്ന ശക്തമായ മഴയും തുടര്‍ന്നുണ്ടാകുന്ന ഭക്ഷ്യക്ഷാമവും മറ്റും കണക്കിലെടുത്തിട്ടാവണം പഴമക്കാര്‍ മഴക്കാല മാസത്തെ പഞ്ഞമാസമെന്നു വിളിച്ചിരുന്നത്. പൗരാണിക കാലം മുതല്‍ക്കേ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ ഈ വര്‍ഷകാലത്തെ ശരീരശുദ്ധിക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള കാലഘട്ടമായി കണക്കാക്കിയിരുന്നു. ശരീരത്തിലെ ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയും പകര്‍ച്ചവ്യാധികള്‍ പിടിക്കുന്നതും കണ ക്കിലെടുത്ത് പ്രത്യേക ജീവിതചര്യയും ഭക്ഷണ ക്രമവും ആയുര്‍വേദം ഈ കാലയളവില്‍ നിഷ്‌ക ര്‍ഷിക്കുന്നു.
ശരീരത്തിലെ ദോഷങ്ങളെ പുറന്തള്ളി ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഒരു ചികിത്സാ പ്രക്രിയയാണ് വര്‍ഷകാല ചികിത്സ. വര്‍ഷകാലത്ത് അന്തരീക്ഷത്തിലുണ്ടാകുന്ന ഈര്‍പ്പം പൊതുവേ ശരീരത്തിന്റെ ഓജസ്സിനെ ദോഷകരമായി ബാധിക്കാറുണ്ട്. തന്മൂലം ശ്വാസതടസ്സവും ക്ഷീണവും അനുഭവപ്പെട്ടു കാണാറുണ്ട്. വര്‍ഷകാലത്ത് ശരീരത്തിലെ സപ്തധാതുക്കള്‍ വളരെ മൃദുവായും, പാകപ്പെടുകയും ചെയ്യുന്നതുവഴി, കര്‍ക്കിടകചികിത്സക്ക് അനുചിതമായി ശരീരത്തെ ഒരുക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് ഈ കാലം ആത്മപരിശോധനക്കും ഔഷധസേവക്കും വേണ്ടി ഉപയോഗപ്പെടുത്താനായി തിരഞ്ഞെടു ത്തിട്ടുള്ളത്. വര്‍ഷകാല ചികിത്സകളും ആഹാര ക്രമങ്ങളും വര്‍ഷകാല ചികിത്സകളില്‍ പ്രധാനമായും സ്‌നേഹപാനം, അഭ്യംഗം, നസ്യം, പിഴിച്ചില്‍, ധാര, വിരേചനം, തര്‍പ്പണം, കര്‍ണ്ണപൂരണം തുടങ്ങിയ ചികിത്സാവിധികള്‍ ശാരീരിക അവസ്ഥക്ക് ഉചിതമായി ചെയ്യേണ്ടതാണെന്ന് ആയുര്‍വേദം വിധിക്കുന്നു.
ഋതുക്കള്‍ക്കും ഋതുചര്യകള്‍ക്കും പരമപ്രാധാന്യം കൊടുക്കുന്ന വൈദ്യശാസ്ത്രമാണ് ആയുര്‍വ്വേദം. ഓരോ ഋതുക്കള്‍ക്കുമനുസരിച്ച് ആരോഗ്യപരിപാലനവും രോഗപ്രതിരോധവും എപ്രകാരമായിരിക്കണമെന്നുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളുമാണ് ഋതുചര്യകളില്‍ അടങ്ങിയിരിക്കുന്നത്.

വര്‍ഷകാല ഋതു
ഭൂമിയെ ചൂട്ടുപൊള്ളിച്ചും നദികളെ വറ്റി വരളിച്ചും സസ്യജാലങ്ങളെയെല്ലാം ഉണക്കി നിലംപരിശാക്കിയും സംഹാരതാണ്ഡവം നടത്തുന്ന ഗ്രീഷ്മ ഋതു(വേനല്‍ക്കാലം) ഭൂമിയിലെ സമസ്ത ജീവജാലങ്ങളുടെയും ശക്തിയെ നശിപ്പിക്കുമ്പോള്‍, വര്‍ഷ ഋതു(മഴക്കാലം) ആരംഭിക്കുകയായി. ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുകയും ഇടിയുടെയും മിന്നലിന്റേയും അകമ്പടിയോടെ കാലവര്‍ഷം തുടങ്ങുകയും ചെയ്യുമ്പോള്‍ പടിഞ്ഞാറേ സമുദ്രത്തില്‍ നിന്നും ശക്തമായി വീശിയടിക്കുന്ന കാറ്റും (തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍) എത്തികഴിയും. അപ്പോള്‍ വര്‍ഷ ഋതു അതിന്റെ സര്‍വ്വ പ്രഭാവത്തോടും കൂടി ആവിര്‍ഭവിച്ചതായി കരുതാം. കഠിനമായ ചൂടിന് ശേഷം പെയ്യുന്ന മഴ സ്വാഭാവികമായും മനുഷ്യമനസ്സിനെ ആഹ്ലാദിപ്പിക്കുന്നതും ശരീരത്തിന് സുഖം പകരുന്നതുമാണെങ്കിലും, ധാരാളം രോഗങ്ങളുടെയും ആരോഗ്യ പ്രശ്‌നങ്ങളുടെയും ആഗമനം കൂടി ഈ വര്‍ഷകാലത്തുണ്ടാകും. അതിന് കാരണം ഭൂമിക്കും ജലത്തിനും കാലാവസ്ഥക്കും പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങളാണ്.

അമ്ലരസമുള്ള നീരാവി
ചുട്ടുപഴുത്തു കിടക്കുന്ന ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന മഴ ഭൂമിയെ തണുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂമിയില്‍നിന്നു അമ്ല (പുളി) രസം കലര്‍ന്ന നീരാവി ഉയരുവാന്‍ തുടങ്ങും. ഈ നീരാവി ശ്വസിക്കുമ്പോള്‍ പിത്തം അധികരിക്കും, അതോടൊപ്പം തന്നെ വാതകഫങ്ങളും അധി കരിക്കാനുള്ള സാധ്യതയും വര്‍ഷകാലത്ത് ഉണ്ട്. പലരോഗങ്ങള്‍ക്കും ഇതു കാരണമാകും.
ഭൂമിയിലെ മാലിന്യങ്ങള്‍ വര്‍ഷകാലത്ത് ഒഴുകി ജലാശയങ്ങളില്‍ ചേരുന്നതിനാല്‍ മിക്കവാറും എല്ലാ ജലാശയങ്ങളും മലിനമാകും. ഇങ്ങിനെയുള്ള കലങ്ങിയ മലിന ജലത്തിന്റെ ഉപയോഗം അനേകം രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും. വിവിധ തരം പകര്‍ച്ചവ്യാധികളെ കൂടാ തെ വാതരോഗങ്ങള്‍ക്ക് വളരെയേറെ സാധ്യതകളുള്ള കാലമാണ് വര്‍ഷകാലം. ആരോഗ്യകാര്യങ്ങളില്‍ സവിശേഷമായ ശ്രദ്ധ ആവശ്യമുള്ള ഈ കാലത്ത് ദൈനംദിന ജീവിതവും ഭക്ഷണപാനീയങ്ങളും ദിനചര്യകളും എല്ലാം വളരെയേറെ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ടതാണ്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍
1. ഖരഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കി പാനീയങ്ങള്‍ ശീലമാക്കുക.
2. പച്ചക്കറികള്‍, സലാഡുകള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
3. ദിവസവും രണ്ടു ലിറ്റര്‍ വെള്ളം (തിളപ്പിച്ചാറിയത്) കുടിക്കുക.
4. മാംസാഹാരം, പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.
5. ആവശ്യാനുസരണം ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അതുവഴി ദഹനക്കുറവിന് പരിഹാരമുണ്ടാകുന്നു.
6. എരിവും പുളിയും ചേരുന്ന ആഹാരങ്ങള്‍ ഉപേക്ഷിക്കുക. അതുവഴി അസിഡിറ്റി, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല.
7. ഭക്ഷണക്രമം ലഘൂകരിക്കുക. ദഹിക്കാന്‍ സമയമെടുക്കുന്ന ആഹാരങ്ങള്‍, തണുത്ത ആഹാരങ്ങള്‍, പാനീയങ്ങള്‍ ഒഴിവാക്കുക.