സ്വകാര്യ ബസുകള്‍ക്ക് കളര്‍കോഡ് നടപ്പാക്കും; സിറ്റി ബസുകളുടെ നിറം ഏകീകരിക്കും

Posted on: June 14, 2017 11:21 pm | Last updated: June 14, 2017 at 11:21 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് കളര്‍ കോഡ് നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. സിറ്റി സര്‍വീസ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് പ്രത്യേക നിറങ്ങള്‍ നല്‍കി സംസ്ഥാന വ്യാപകമായി ബസുകളുടെ നിറങ്ങള്‍ ഏകീകരിക്കും.

ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റില്‍ ചേര്‍ന്ന ഗതാഗത അതോറിറ്റി യോഗത്തിലാണ് തീരുമാനം. എന്നാല്‍ ഏതു നിറമാണ് നല്‍കുന്നതെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിലവില്‍ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സിറ്റി ബസുകള്‍ അതതു ആര്‍ ടി ഓഫീസ് നിര്‍ണയിച്ചു നല്‍കിയ നിറങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരത്തും കൊച്ചിയിലും നീലയും കോഴിക്കോട് പച്ചയും നിറങ്ങളാണ് സിറ്റിബസുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം, മറ്റു സ്വകാര്യ ബസുകള്‍ വൈവിധ്യമാര്‍ന്ന നിറങ്ങളിലാണ് റോഡിലിറങ്ങുന്നത്. ഇത് അനാരോഗ്യ പ്രവണതകളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് നിറം ഏകീകരിക്കുന്നതിനുള്ള നടപടികളെടുക്കുന്നത്. ഇതോടൊപ്പം കൊച്ചിയിലും തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഹൈടെക് റെന്റ് എ ക്യാബ് സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും തീരുമാനമായി. പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ ആഡംബരകാറുകള്‍ റെന്റിന് നല്‍കും. ഡ്രൈവര്‍ ഇല്ലാതെ തന്നെ ലഭ്യമാകുന്ന വാഹനങ്ങള്‍ മണിക്കൂര്‍, ദിവസ വാടകക്കായിരിക്കും നല്‍കുന്നത്.
24 മണിക്കൂറും ലഭ്യമാകുന്ന ഈ സര്‍വീസുകള്‍ക്ക് പ്രത്യേക തരം നമ്പര്‍ പ്ലേറ്റാണ് ഘടിപ്പിക്കുന്നത്. നിലവില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് മഞ്ഞയില്‍ കറുപ്പ് നിറമാണ് മോട്ടോര്‍ വാഹനവകുപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ റെന്റ്് എ ക്യാബുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് കറുപ്പില്‍ മഞ്ഞ നിറമാണ് നല്‍കുന്നത്. ആദ്യം മൂന്ന് നഗരത്തില്‍ പരീക്ഷിക്കുന്ന പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കാനും മോട്ടോര്‍വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്.

സ്വകാര്യ കെ എസ് ആര്‍ ടി സി വാഹനങ്ങളുടെ അന്തര്‍ സംസ്ഥാന പെര്‍മിറ്റുകള്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തുടര്‍ന്നുള്ള യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്, എന്നിവരോടൊപ്പം മറ്റ് അതോറിറ്റി അംഗങ്ങളും പങ്കെടുത്തു.