അവശതകള്‍ മറന്ന് ചക്രക്കസേരയില്‍ അവര്‍ മഅ്ദിന്‍ ഇഫ്താറിനെത്തി

Posted on: June 14, 2017 10:19 pm | Last updated: June 15, 2017 at 11:29 am

മലപ്പുറം: വിശുദ്ധ റമളാന്‍ പുണ്യം കരസ്ഥമാക്കുന്നതിനും മഅ്ദിന്‍ പ്രകൃതിസൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ സംബന്ധിക്കുന്നതിനുമായി വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഗമിച്ചു. നൂറിലേറെ ഭിന്നശേഷിക്കാര്‍ ഒത്തുകൂടിയ സംഗമം പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും മുഹൂര്‍ത്തമായി മാറി.

ഇരുപത് വര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു സമൂഹ നോമ്പ്തുറയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ സൗഭാഗ്യം നിറകണ്ണുകളോടെയാണ് കോഴിക്കോട് പതിമംഗലത്ത് നിന്നെത്തിയ അബ്ദുല്‍ അസീസ് പങ്കുവെച്ചത്. വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട തന്നെപ്പോലുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നതാണ് മഅ്ദിന്‍ അക്കാദമിയുടെ ഇത്തരം സംരംഭങ്ങളെന്ന്് അരീക്കോട് പത്തനാപുരത്ത് നിന്ന് വന്ന അസിക്ക പറഞ്ഞു.
വിശുദ്ധ റംസാന്‍ വിരുന്നെത്തിയതോടെ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക സൗകര്യങ്ങളാണ് മഅ്ദിന്‍ കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. മുപ്പത് ദിവസവും നോമ്പ്തുറ, അത്താഴം, മുത്താഴം സൗകര്യങ്ങളും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി വീല്‍ചെയര്‍ സൗഹൃദ ബാത്ത്‌റൂമുകളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. തടസ്സങ്ങളില്ലാതെ വീല്‍ചെയറോടെ പള്ളിയില്‍ പ്രവേശിക്കാനുള്ള സൗകര്യം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു.

ജീവിതം വീല്‍ചെയറുകളില്‍ തള്ളി നീക്കുന്നവരെ സമൂഹ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി മഅ്ദിന്‍ അക്കാദമി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പാരാപ്ലീജിയ ഹെല്‍പ്പ് ഡെസ്‌ക് മഅ്ദിന്‍ ഹോസ്‌പൈസിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു. ഭിന്നശേഷിക്കാര്‍ക്കായി കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍, തയ്യല്‍ പരിശീലനം, വീല്‍ചെയര്‍ സൗഹൃദ സംഗമങ്ങള്‍, എബിലിറ്റി സമ്മിറ്റ്, റിലീഫ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും സജീവമായി നടന്ന് വരുന്നു.
ഇഫ്ത്വാര്‍ സംഗമത്തിനെത്തിയവര്‍ക്ക് മഅ്ദിന്‍ കാരുണ്യക്കൈനീട്ടം പദ്ധതിയുടെ ഭാഗമായി റമളാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി റമളാന്‍ സന്ദേശം നല്‍കി. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, ശാക്കിര്‍ സഖാഫി കണ്ണൂര്‍, ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്, മഅ്ദിന്‍ ഹോസ്‌പൈസ് ഡയറക്ടര്‍ സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, മുനീര്‍ പൊന്മള എന്നിവര്‍ സംബന്ധിച്ചു.