തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ടി പി സെന്‍കുമാര്‍

Posted on: June 14, 2017 7:59 pm | Last updated: June 15, 2017 at 11:10 am

തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി ഡിജിപി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍നിന്നാണ് തച്ചങ്കരി രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് സെന്‍കുമാര്‍ ആരോപിച്ചു. തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ വ്യക്തമാക്കി.

അതേസമയം, പൊലീസ് ആസ്ഥാനത്തുവച്ച് തച്ചങ്കരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചിട്ടുമുണ്ട്. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും താക്കീതു ചെയ്യുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ പൊലീസ് മേധാവി സെന്‍കുമാര്‍ നീക്കം നടത്തിയെന്നും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരെ വ്യവഹാരങ്ങളില്‍ അതു തെളിവായി ഉപയോഗിക്കാനാണെന്നു സംശയിക്കുന്നതായും എഡിജിപി ടോമിന്‍ തച്ചങ്കരി നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാരിനു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലായിരുന്നു തച്ചങ്കരിയുടെ ആരോപണം.