രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാനം തെറിച്ചു

Posted on: June 14, 2017 12:59 pm | Last updated: June 14, 2017 at 8:44 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് അഭിസംബോധന ചെയ്ത ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവിന് പണികിട്ടി. പാര്‍ട്ടിയുടെ മീററ്റ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാനിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിനയ് പ്രധാന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് അഭിസംബോധന ചെയ്തത്.

എന്നാല്‍ ആരോപണം പ്രധാന്‍ നിഷേധിച്ചു. പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ ഫോട്ടോഷോപ്പ് ചെയ്തവയാണെന്നും തന്നോടു വിശദീകരണം ചോദിക്കാതെയാണ് പാര്‍ട്ടി നടപടി എടുത്തതെന്നും ഇയാള്‍ പറഞ്ഞു.

താന്‍ വളരെയധികം ബഹുമാനിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ ഒരിക്കലും ഇത്തരം ഭാഷ ഉപയോഗിച്ച് താന്‍ അധിക്ഷേപിക്കില്ല. രാഹുലിനെ നേരിട്ടു കണ്ട് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തും- പ്രധാന്‍ പറഞ്ഞു.