ഖത്വര്‍ ഉപരോധത്തെ വിമര്‍ശിച്ച് കൂടുതല്‍ രാജ്യങ്ങള്‍

  • സിറിയന്‍ സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പടുത്തുമെന്ന് റഷ്യ
  • ജനങ്ങള്‍ക്കെതിരായ ഉപരോധമെന്ന് ഇറാന്‍
  • വധശിക്ഷക്കു സമാനമെന്നു തുര്‍ക്കി
Posted on: June 14, 2017 1:24 am | Last updated: June 22, 2017 at 9:44 pm

ദോഹ: ഖത്വറിനെതിരെ ഏതാനും ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തു വന്നു. മേഖലയുടെ ഐക്യം തകര്‍ക്കുന്നതും അസ്ഥിരപ്പെടുത്തുന്നതും മാനുഷിക മര്യാദകള്‍ ലംഘിക്കുന്നതുമാണ് നടപടികളെന്ന് റഷ്യ, ഇറാഖ്, തുര്‍ക്കി രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ സങ്കീര്‍ണതയിലേക്കു നീങ്ങുമെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു. അതേസമയം, ഉപരോധ രാജ്യങ്ങളുടെ നിലപാടില്‍ അയവു വന്നില്ല. ചര്‍ച്ചക്കു സന്നദ്ധമെന്ന് ആവര്‍ത്തച്ച ഖത്വര്‍ രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തല്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഖത്വറിനെതിരായ ഉപരോധം സിറിയയിലെ സമാധാന ശ്രമങ്ങള്‍ അപകടത്തിലാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പു നല്‍കി. ഐ സിനെതിരായ പോരാട്ടം കൂടിയാണ് ഇതോടെ ദുര്‍ബലപ്പെടുക സഊദി രാജാവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനു ശേഷം നടത്തിയ പ്രസ്താവനയിലാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്. സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഉപരോധത്തെ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇന്നലെ വിമര്‍ശിച്ചു. സാധാരണ പൗരന്‍മാരുടെ ജീവിതത്തെ പ്രയാസത്തിലാക്കുന്ന നടപടിയെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇന്ന് സഊദി രാജാവുമായി കൂടിക്കാഴ്ചക്കായി പുറപ്പെടുന്നതിനു മുമ്പാണ് ഇറാഖ് പ്രസിഡന്റിന്റെ പ്രസ്താവന. ഖത്വറിനെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ സഊദി രാജാവിനോട് ആരായുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്വറിനെതിരായ ഉപരോധം പിന്‍വലിച്ച് പ്രശ്‌നം പരിഹരിക്കുന്നതിന് സഊദി നേതൃത്വം നല്‍കണമെന്ന ആവശ്യവുയാണ് തുര്‍ക്കി പ്രസിഡന്റ് രംഗത്തു വന്നത്. വധശിഷക്കു സമാനമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ അറബ് രാജ്യങ്ങള്‍ ഇപ്പോള്‍ ഇസ്രായേലിനെ ശത്രുവായി കാണാതെ പങ്കാളിയായി കാണുകയാണെന്ന വിവാദ പ്രസ്താവനയുമായി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു രംഗത്തു വന്നു. ഇസ്രായേലുമായി ചേര്‍ന്ന് ചില അറബ് രാജ്യങ്ങള്‍ ഖത്വറിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ഖത്വര്‍ നേരത്തേ ആരോപിച്ചിരുന്നു. അതിനിടെ ഖത്വറില്‍ ഒരു ഉപരോധവുമില്ലെന്നും അവിടെ എയര്‍പോര്‍ട്ടും തുറമുഖവുമെല്ലാം പ്രവര്‍ത്തച്ചു വരുന്നതായും തങ്ങളുടെ വ്യോമ, സമുദ്ര അതിര്‍ത്തികള്‍ ഉപയോഗിക്കുന്നതു മാത്രമാണ് തടഞ്ഞതെന്നും സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
അതേസമയം ഖത്വറില്‍ വ്യാപാര, വാണിജ്യ മേഖലകളെ ബാധിക്കാത്ത വിധമുള്ള നടപടികള്‍ തുടരുന്നു. തുര്‍ക്കി, ഇറാന്‍, ഒമാന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി വ്യാപിപ്പിച്ചു. പെട്രോളിയം ഉ്ത്പാദനവും വിതരണവും ബേങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനവും പതിവു പോലെ നടക്കുന്നതിയ ബന്ധപ്പെട്ട അതോറിറ്റികള്‍ അറിയിച്ചു. എന്നാല്‍ അയല്‍ രാജ്യങ്ങളുടെ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഖത്വറിലെ രണ്ട് ഹീലിയം പ്ലാന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി ലോകത്തെ രണ്ടാമത്തെ വലിയ ഹീലിയം ഉത്പാദക രാജ്യമാണ് ഖത്വര്‍.