ശ്രീവത്സം ഗ്രൂപ്പിന് 425 കോടിയുടെ അനധികൃത സമ്പാദ്യം

Posted on: June 13, 2017 11:36 pm | Last updated: June 14, 2017 at 10:07 am

കേന്ദ്രഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ ശ്രീവത്സം ഗ്രൂപ്പിന് 425 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയിലാണ് ഗ്രൂപ്പിന് 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതോടൊപ്പം നാഗാലാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ ഗ്രൂപ്പ് ചെയര്‍മാനായ എം കെ ആര്‍ പിള്ളയുടെയും ഭാര്യയുടെയും പേരില്‍ നാഗാലാന്‍ഡില്‍ 28 അക്കൗണ്ടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനക്കിടെയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നാഗാലാന്‍ഡിലെ ഉദ്യോഗസ്ഥരുടെ കള്ളപ്പണം എത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പരിശോധന തുടരുകയാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ എട്ടാം തീയതി ശ്രീവത്സം ഗ്രൂപ്പ് ചെയര്‍മാന്റെയും ഡയറക്ടര്‍മാരുടെയും വീടുകളില്‍ നടത്തിയ റെയ്ഡിനൊപ്പം ആദായ നികുതി വകുപ്പ് നാഗാലാന്‍ഡിലും പരിശോധന നടത്തിയിരുന്നു. കൊഹിമ കേന്ദ്രമാക്കിയുള്ള 28 അക്കൗണ്ടുകളില്‍ 20 എണ്ണം പിള്ളയുടെ പേരിലും ബാക്കിയുള്ള എട്ടെണ്ണം ഭാര്യയുടെയും മകന്റെയും പേരിലുമാണ്. കേരളത്തിലേക്ക് പണം എത്തിക്കാനാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്. നാഗാലാന്‍ഡിലെ കൊഹിമയിലും ദിമാപൂരിലും ലെറിയിലുമായി 10 ബേങ്കുകളിലാണ് 20 അക്കൗണ്ടുകള്‍ ഉള്ളത്.
2016 ജൂണ്‍ ഒന്നിന് എം കെ ആര്‍ പിള്ളയുടേതായ ബേങ്ക് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന പണത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നത്.

2016 ജൂണ്‍ ഒന്നിന് 1,49,96,321 രൂപയാണ് ഈ അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകള്‍ വഴിയാണ് കേരളത്തിലേക്ക് കോടിക്കണക്കിന് പണം എത്തിയത്. ഈ അക്കൗണ്ടുകളെക്കുറിച്ചും അവയില്‍ എത്ര കോടിയുടെ ഇടപാടുകളാണ് നടത്തിയിരുന്നതെന്നും നാഗാലാന്‍ഡ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. എം കെ ആര്‍ പിള്ളയുടെ ഭാര്യ വത്സല രാജിന് കൊഹിമയിലും ദിമാപൂരിലുമായി അഞ്ച് അക്കൗണ്ടുകളുണ്ട്. ബാക്കിയുള്ളവ ബംഗളൂരുവിലും ചെന്നെയിലുമാണ്. ഈ അക്കൗണ്ടുകളിലായി 89,36,481.13 ലക്ഷം രൂപയാണ് ജൂണ്‍ ഒന്നിന് ഉണ്ടായിരുന്നത്. മകന്‍ അരുണ്‍ രാജിന് നാല് ബേങ്കുകളിലായി കൊഹിമയില്‍ മാത്രം അഞ്ച് അക്കൗണ്ടുകളാണ് ഉള്ളത്. ബാക്കിയുള്ളവ ബെംഗളൂരുവിലും മറ്റുമാണ്. 49,45,475 രൂപയാണ് ഈ അക്കൗണ്ടുകളില്‍ ഉള്ളത്.

അതേസമയം, സ്ഥാപനങ്ങളിലെ പരിശോധന ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 50 കോടി രൂപയുടെ അധികസ്വത്ത് ഉണ്ടെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ 425 കോടിയെന്ന അധിക സ്വത്ത് പ്രാഥമിക നിഗമനം മാത്രമാണെന്നും ഇത് സംബന്ധിച്ച പരിശോധന പൂര്‍ത്തിയാകുമ്പോള്‍ സംഖ്യ ഉയര്‍ന്നേക്കാമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിഗമനം. റെയ്ഡില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ ഉപയോഗിച്ച് പിള്ളയുടെ ആസ്തികള്‍ തിട്ടപ്പെടുത്തേണ്ടതുണ്ട്. ആസ്തികള്‍ തിട്ടപ്പെടുത്തിയതിന് ശേഷം പിള്ളയെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ആദായനികുതി വകുപ്പ് ആരംഭിക്കും. കേസില്‍ സി ബി ഐ അന്വേഷണം നടത്തുന്നതിന്റെ സാധ്യതയും ആദായ നികുതി വകുപ്പ് തേടുന്നുണ്ട്. അതേസമയം, പിള്ളയുടെ സാമ്പത്തിക ഇടപാടുകള്‍ രാജ്യ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.