ജിനശലഭങ്ങളുടെ വീട് പച്ചപ്പിന്റെ ആത്മീയതയിലേക്കൊരു യാത്ര

കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്താന്‍ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നു എന്ന വിചിത്രമായ വാദവുമായി ട്രംപിന്റെ അമേരിക്ക പാരിസ് ഉടംബടിയില്‍ നിന്നും പിന്‍മാറുകയുണ്ടായി. ആഗോളതാപനം അനിയന്ത്രിതമാം വിധം വര്‍ധിക്കുന്ന അവസരത്തിലും കുത്തകള്‍ക്ക് വേണ്ടി സൗകര്യങ്ങളൊരുക്കികൊടുക്കുന്ന കോര്‍പ്പറേറ്റ് കണ്ണുകളെ ജാഗ്രതയോടെവേണം നിരീക്ഷിക്കാന്‍. മനുഷ്യരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ പ്രതിരോധത്തിന്റെ വിരല്‍ ചൂണ്ടിയും അതിവിദൂരമല്ലാത്ത ഭാവിയില്‍ ഭൂമിയില്‍ സംഭവിക്കാനിരിക്കുന്നതുമായ പാരിസ്ഥിതിക വെല്ലുവിളികളെ വരച്ചുകാണിക്കുകയുമാണ് ജിനശലഭങ്ങളുടെ വീട്
Posted on: June 13, 2017 10:26 pm | Last updated: June 13, 2017 at 10:30 pm

പരിസ്ഥിതി സംരക്ഷണം ഒരു ജീവല്‍ പ്രശനമായി മാറിയിരിക്കുന്ന ഘട്ടത്തിലാണ് 2012ല്‍ പാരീസില്‍ ലോകരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് പാരിസ്ഥിതിക സംരക്ഷണത്തിന്നായി കൈകള്‍ചേര്‍ത്തുപിടിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്താന്‍ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നു എന്ന വിചിത്രമായ വാദവുമായി കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ലോകത്ത് രണ്ടാമത് നില്‍ക്കുന്ന ട്രംപിന്റെ അമേരിക്ക പാരിസ് ഉടംബടിയില്‍ നിന്നും പിന്‍മാറുകയുണ്ടായി. ആഗോളതാപനം അനിയന്ത്രിതമാം വിധം വര്‍ധിക്കുന്ന അവസരത്തിലും കുത്തകള്‍ക്ക് വേണ്ടി സൗകര്യങ്ങളൊരുക്കികൊടുക്കുന്ന കോര്‍പ്പറേറ്റ് കണ്ണുകളെ ജാഗ്രതയോടെവേണം നിരീക്ഷിക്കാന്‍.

മനുഷ്യരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ പ്രതിരോധത്തിന്റെ വിരല്‍ ചൂണ്ടിയും അതിവിദൂരമല്ലാത്ത ഭാവിയില്‍ ഭൂമിയില്‍ സംഭവിക്കാനിരിക്കുന്നതുമായ പാരിസ്ഥിതിക വെല്ലുവിളികളെ വരച്ചുകാണിക്കുകയുമാണ് ജിനശലഭങ്ങളുടെ വീട് എന്ന പുസ്തകത്തിലൂടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ പി സുരേന്ദ്രന്‍.
പരിസ്ഥിതി ദിനത്തിലും സഹിക്കാനാകാത്ത വേനല്‍കാലത്തും മാത്രം ഉയര്‍ന്നുവരുന്ന പുതിയകാലത്തെ പരിസ്ഥിതി ബോധത്തെക്കൂടിയാണ് എഴുത്തുകാരന്‍ പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. വിപണിയുടെയും ലാഭാര്‍ത്ഥിയുടെയും ചൂഷണകണ്ണുകളുടെയും രാഷ്ട്രീയമാണ് പുസ്തകത്തിന്റെ ആദ്യാവസാനം ചര്‍ച്ചചെയ്യപ്പെടുന്നത്. സങ്കുചിതമായ രാഷ്ട്രീയത്തില്‍ എങ്ങിനെയാണ് ദേശസ്‌നേഹം വില്‍പനചെയ്യപ്പെടുന്നതെന്നും അദ്ദേഹം ഈ നോവലിലൂടെ കാണിച്ചുതരുന്നു.
നോവലിന്റെയും ലേഖനത്തിന്റെയും കഥയുടെയും വ്യത്യസ്തമായ ശൈലിയാണ് ജിനശലഭങ്ങളുടെ വീട് എഴുതാന്‍ സ്വീകരിച്ചിരിക്കുന്നത്. ഫഌറ്റ് വാങ്ങാനായി ഓഫീസിലെത്തുന്ന കഥാപാത്രങ്ങളായ രാമനും ധനവും ആദ്യമായി മാനേജരില്‍ നിന്നും കേള്‍ക്കുന്നത് ദേശസ്‌നേഹത്തെക്കുറിച്ചും മഹാത്മജിയുടെ മഹത്വത്തെക്കുറിച്ചുമാണ്. പ്രായോഗികമായി പരിസ്ഥിതി ബോധം ആര്‍ജിച്ചെടുക്കുന്നത് എങ്ങിനെയാണെന്നും ഈ രണ്ട് കഥാപാത്രങ്ങളില്‍ നിന്നും എളുപ്പത്തില്‍ വായിച്ചെടുക്കാനാകും.
വീട് താമസിക്കാനൊരിടം എന്നതിനപ്പുറം അലങ്കാരത്തിന്റെയും അഹങ്കാരത്തിന്റെയും വസ്തുക്കളാണിന്ന്. ഇവിടെയാണ് സ്വന്തമായൊരു വീട് തേടി അലയുന്ന രാമന്റെയും ധനലക്ഷ്മിയുടെയും യാത്രയിലൂടെയും ഇടപെടലുകളിലൂടെയും പച്ചപ്പിന്റെ നഷ്ടപ്പെടുന്ന മുഖം കൃത്യമായി വരച്ചുകാണിക്കാനാകുന്നുണ്ട്.

”നമ്മുടെ വീട്ടില്‍ നിന്നും നോക്കിയാല്‍ നിലാവ് മാത്രം കണ്ടാല്‍ പോര ചന്ദ്രനെ മുഴുവനായും കാണാന്‍ പറ്റണം. പിന്നെ വെയില്‍ മുഴുവന്‍ വരിവരിയായി അകത്തേക്ക് വീഴാന്‍ പാകത്തിലുള്ള ജാലകങ്ങള്‍ വേണം……” ദേശാടന തൊഴിലാളികളുടെ വീടുകള്‍ ശലഭങ്ങളെപ്പോലെയാണ്” ഇത്തരത്തിലുള്ള പരിസ്ഥിതിയിലേക്ക് തുറന്നുവെച്ച ഒരു വീടിന്റെ സങ്കല്‍പ്പം പങ്കുവെയ്ക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്. വെളിച്ചത്തെ അകറ്റി ലൈറ്റുകളിട്ട് കാറ്റിനെ മാറ്റി ഫാന്‍കറക്കി പരിസ്ഥിതിയെ മനുഷ്യന്റെ താമസ ഇടങ്ങളില്‍ നിന്നും പൂര്‍ണമായും അകറ്റിനിര്‍ത്താനുമാണ് പുതിയ മനുഷ്യന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്ന് ബഷീര്‍ പറഞ്ഞത്‌പോലെ പുതിയകാലത്ത് അതേ വാദത്തിന് വീണ്ടും അടിവരയിടുകയാണ് പി സുരേന്ദ്രന്‍ ഒരേ സമയം പരിസ്ഥിതിയും ചൂഷണങ്ങളില്‍ തലപൂഴ്ത്തിയുറങ്ങുന്ന കോര്‍പ്പറേറ്റുകളോടുള്ള ശക്തമായ പോരാട്ടവും പരസ്യവിപണികള്‍ കീഴടക്കുന്ന ജീവിതചുറ്റുപാടുകളും നോവലില്‍ ചര്‍ച്ചായാവുന്നുണ്ട്. ഒരോസമയം ഭൗതികമായും ആത്മീയമായും പരിസ്ഥിതി ബോധം ജനങ്ങളുടെ മനസ്സിലേക്കെത്തിക്കാന്‍ നോവലിന് കഴിയുന്നു എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.