ശ്രീവത്സം: യുഡിഎഫിനെതിരായ ആരോപണത്തില്‍ സിബിഐ അന്വേഷണം: ചെന്നിത്തല

Posted on: June 13, 2017 11:50 am | Last updated: June 13, 2017 at 6:08 pm

തിരുവനന്തപുരം: ആദായ നികുതി വകുപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവല്‍സം ഗ്രൂപ്പിന്റെ ബന്ധങ്ങള്‍ സിബിഐയെക്കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. യുഡിഎഫിനും ഒരു മുന്‍മന്ത്രിക്കും ശ്രീവല്‍സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം സമൂഹത്തില്‍ സൃഷ്ടിച്ച സംശയം ദൂരീകരിക്കുന്നതിന് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി യുഡിഎഫിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ ഇടപെടല്‍. സിപിഐയുടെ നേതാക്കള്‍ക്കു ശ്രീവല്‍സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍നിന്നു രക്ഷപ്പെടുന്നതിനാണ് സിപിഐ, യുഡിഎഫിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫിലെ ഒരു മുന്‍മന്ത്രിക്ക് ശ്രീവല്‍സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.