ഖത്വർ ബേങ്കുകളുടെ പ്രവര്‍ത്തനം സാധാരണമെന്ന് ഗവര്‍ണര്‍

Posted on: June 12, 2017 9:33 pm | Last updated: June 12, 2017 at 10:51 pm

ദോഹ: ഖത്വര്‍ ബേങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും സുഗമമായി പ്രവര്‍ത്തിച്ചു വരുന്നതായും ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി പറഞ്ഞു. ആഭ്യന്തര, രാജ്യാന്തര ഇടപാടുകള്‍ക്ക് യാതൊരു തടസവുമുണ്ടായിട്ടില്ലെന്നും ഖത്വര്‍ ന്യൂസ് ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിനകത്തുനിന്നും പുറത്തേക്കും തിരിച്ചും പണമിടപാടുകള്‍ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ക്യു സി ബി പ്രതിജ്ഞാബദ്ധമാണ്. എല്ലാ ആവശ്യകതകളും നിറവേറ്റാന്‍ പര്യാപ്തമായ വിധം ആവശ്യത്തിന് വിദേശ കറന്‍സികളുടെ കരുതല്‍ ക്യു സി ബിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന വിധം ഖത്വറിന്റെ ബേങ്കിംഗ് മേഖലയിലെ ലിക്വിഡിറ്റി ശക്തമാണ്. ഏഷ്യയിലെയും യൂറോപ്പിലെയും പ്രമുഖമായ ധനകാര്യ കേന്ദ്രങ്ങളിലടക്കം ഖത്വരി ബേങ്കുകള്‍ക്ക് വിപുലമായ രീതിയില്‍ രാജ്യാന്തര സാന്നിധ്യമുണ്ട്. ആഭ്യന്തര തലത്തിലായാലും രാജ്യാന്തര തലത്തിലായാലും എല്ലാ ബേങ്കിംഗ് ഇടപാടുകളും നടപ്പാക്കുന്നതില്‍ ബേങ്കുകള്‍ക്ക് അധിക വഴക്കവും ശേഷിയും ഈ രാജ്യാന്തര സാന്നിധ്യം നല്‍കുന്നുണ്ട്. രാജ്യത്തെ ബേങ്കിംഗ് മേഖലക്ക് തടസങ്ങള്‍ നേരിടാതെ സാധാരണഗതിയില്‍ പ്രവര്‍ത്തനം സാധ്യമാക്കുന്നതിനാവശ്യമായ സംവിധാനങ്ങളും ധനകാര്യ സങ്കേതങ്ങളും ക്യുസിബിക്കുണ്ടെന്നും ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി പറഞ്ഞു.