Connect with us

Articles

ബദ്ര്‍ പോരാട്ടം: കടന്നാക്രമണത്തിനും തീവ്രവാദത്തിനും മധ്യേ

Published

|

Last Updated

മുത്ത് റസൂല്‍(സ) നേതൃത്വം നല്‍കിയ പ്രഥമ ധര്‍മസമരമായിരുന്നു ബദറില്‍ നടന്ന പോരാട്ടം. നിരായുധരായ, കാലില്‍ ചെരിപ്പ് പോലും ധരിക്കാനില്ലാത്ത, ഒരു പറ്റം പട്ടിണിപ്പാവങ്ങള്‍ നിലനില്‍പ്പിനായി നടത്തിയ സമര്‍പ്പണമായിരുന്നു അത്. ബദറില്‍ നടന്ന പ്രതിരോധ സമരത്തെ ചൂണ്ടിക്കാട്ടി ഇസ്‌ലാം വാളിന്റെ ശക്തിയില്‍ വളര്‍ന്ന മതമാണെന്ന് വാദിക്കുന്നവരും, തങ്ങളുടെ വിശ്വാസത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ ഒരു നിബന്ധനയുമില്ലാതെ ഏത് സാഹചര്യത്തിലും ആയുധമെടുക്കാമെന്ന് ജല്‍പിക്കന്ന തീവ്രവാദികളും ഇസ്‌ലാമിന്റെ യുദ്ധത്തെ മനസ്സിലാക്കാത്തവരാണ്.

ബദര്‍ കടന്നാക്രമണത്തിന്റെയോ തീവ്രവാദത്തിന്റെയോ ഭാഗമായിരുന്നില്ല. മറിച്ച് സായുധ പോരാട്ടത്തിന്റെ ഉദാത്തമായ ഒരു പുതിയ മാതൃക ലോകത്തിന് നല്‍കുകയായിരുന്നു. നാട്ടില്‍ സമാധാനമുണ്ടാവുക എന്നതാണ് പ്രധാനം. ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷയൊരുക്കുക, സ്വത്വവും സംസ്‌കാരങ്ങളും മതവിശ്വാസവും നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യം ഉണ്ടാകുക എന്നിവ പരമപ്രധാനമാണ്. ഇതിന് തടസ്സം നില്‍ക്കുന്ന ദുഃശക്തികളെ അമര്‍ച്ച ചെയ്യേണ്ടത് ഭരണകൂടങ്ങളുടെ ബാധ്യതയാണ്. ഇത് സിവിലിയന്മാര്‍ ഏറ്റെടുത്താല്‍ നാട്ടില്‍ സമാധാനം പുലരുകയില്ല. നിയമം കൈയിലെടുക്കാന്‍ ഏതെങ്കിലും ജനവിഭാഗം തയ്യാറായാല്‍ അതാണ് തീവ്രവാദം.

മുസ്‌ലിംകളുടെ ജീവനും സ്വത്തിനും മതവിശ്വാസത്തിനുമെതിരെ ശത്രുക്കള്‍ ശക്തമായ അതിക്രമങ്ങള്‍ കാണിച്ചത് മക്കയില്‍ പ്രവാചകര്‍(സ) ജീവിച്ച 13 വര്‍ഷക്കാലമായിരുന്നു. സുമയ്യ ബീവി(റ) എന്ന പാവം സ്ത്രീയെ മുസ്‌ലിമായി എന്ന ഒറ്റക്കാരണത്താല്‍ കുന്തം കൊണ്ട് കുത്തിക്കൊന്നത് ശത്രുക്കളുടെ നേതാവ് അബൂജഹ്‌ലായിരുന്നു. അമ്മാറുബിന് യാസിറിനെ ഇരുമ്പു ചീളുകള്‍ പഴുപ്പിച്ച് അതില്‍ മലര്‍ത്തിക്കിടത്തിയത് കാരണം പുറത്ത് പൊള്ളലേറ്റ് ആഴത്തില്‍ കുഴി രൂപപ്പെട്ടപ്പോള്‍, മഹാനായ ബിലാല്‍(റ)നെ മലര്‍ത്തിക്കിടത്തി നെഞ്ചത്ത് വലിയ പാറക്കല്ലുകള്‍ കയറ്റിവെച്ചായിരുന്നു പീഡിപ്പിച്ചിരുന്നത്. ഉസ്മാനു ബിന്‍ അഫാന്‍ മുതല്‍ പ്രവാചക പുത്രി റുഖിയ്യ ബീവി വരെ ഹബ്ശീനിയയിലേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇതിനൊക്കെ പുറെ, ഒരു മണി ഗോതമ്പ് പോലും നല്‍കാതെ പ്രാവചക കുടുംബത്തെ മക്കയിലെ ശിഅബ് അബീതാലിബ് എന്ന മലയോരത്ത് മൂന്ന് വര്‍ഷം പട്ടിണിക്കിട്ട് ഉപരോധിച്ചതും മക്കാ ജീവിതത്തിലാണ്.

സിവിലിയന്മാര്‍ ആയുധമെടുക്കുന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുക മാത്രമാണ് ചെയ്യുക എന്നതിനാല്‍ സാധ്യമായ പ്രതിരോധത്തിന് സമ്മതം ചോദിച്ചവര്‍ക്ക് അല്ലാഹു നല്‍കിയ മറുപടി “ക്ഷമിക്കുക” എന്നതായിരുന്നു. ഖുര്‍ആനില്‍ എഴുപതിലധികം സൂക്തങ്ങളാണ്, അക്രമം കൊണ്ട് നേരിടരുത് എന്ന് പറഞ്ഞുകൊണ്ട് ഈ ഘട്ടത്തില്‍ അവതരിച്ചത്.
തീവ്രവാദത്തിനും ഭീകരാക്രമണത്തിനും നബി(സ) സമ്മതം കൊടുത്തിരുന്നു എങ്കില്‍ ഒരാള്‍ വിചാരിച്ചാല്‍ പോലും അന്നത്തെ സാഹചര്യത്തില്‍ നിരവധി പേരെ കൊന്നൊടുക്കാന്‍ കഴിയും. വൈദ്യുതി പ്രകാശം പോലുമില്ലാത്ത, അക്കാലത്ത് രാത്രിയായാല്‍ മദ്യത്തില്‍ മയങ്ങി, സ്വബോധമില്ലാതെ കഅബക്ക് ചുറ്റും ഇരിക്കുന്ന ഖുറൈശികളെ വകവരുത്താന്‍ ഒരാള്‍ ഒന്നു വാള്‍ വീശിയാല്‍ മാത്രം മതി. പക്ഷേ, അത് പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. നീതിയും ധര്‍മവും എന്നെന്നും അകന്നുനില്‍ക്കാനാകും ഇത്തരം ആക്രമണങ്ങള്‍ വഴി വെക്കുക. ഇതുകൊണ്ട് തന്നെ അല്ലാഹു പറഞ്ഞു: “(തിന്മയെ) നന്മകൊണ്ട് താങ്കള്‍ പ്രതിരോധിക്കുക. അപ്പോള്‍ താങ്കളുമായി ശത്രുതയില്‍ കഴിയുന്നവര്‍ ആത്മമിത്രമായി മാറുന്നതായിരിക്കും ഫലം”
ഈ സമീപനം മക്കയില്‍ ഫലം കണ്ടു. ശത്രുപക്ഷത്തായിരുന്ന പല പ്രമുഖരും നബി(സ)യെ പിന്തുണക്കാന്‍ തുടങ്ങി. ഹംസതുല്‍ ഖര്‍റാര്‍(റ), ഉമറുല്‍ ഫാറൂഖ് (റ) അടക്കം ഇസ്‌ലാമിലേക്ക് വന്നു. ഉന്നത തറവാട്ടുകാരുടെയും ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെയും ഇസ്‌ലാമിലേക്കുള്ള കൂടുമാറ്റം മക്കയിലെ എതിരാളികളെ കടുത്ത ക്രൂരതക്ക് പ്രേരിപ്പിച്ചു. അവര്‍ നബി(സ) കൊന്നുകളയാന്‍ തന്നെ തീരുമാനിച്ചു. നൂറോളം ചെറുപ്പക്കാര്‍ ആയുധവുമായി നബിയുടെ വീട് വളഞ്ഞു. അത്ഭുതകരമായി രക്ഷപ്പെട്ട് അവിടുന്ന് മദീനയിലെത്തി.

മദീനക്കാര്‍ ഹാര്‍ദമായ വരവേല്‍പ്പാണ് നബി(സ)ക്ക് കൊടുത്തത്. തങ്ങളുടെ രാഷ്ട്രനായകനായി അവര്‍ നബിയെ തിരഞ്ഞെടുത്തു. നബി(സ) ഇസ്‌ലാമിക രാഷ്ട്രത്തിന് അടിത്തറ പാകി. കലഹിച്ചു നിന്ന ഔസ്, ഖസ്‌റജ് കുടുംബങ്ങളെ ഇണക്കുക എന്നതായിരുന്നു സമാധാന സ്‌നേഹിയായ നബി(സ) ആദ്യം ചെയ്തത്. മദീനയുടെ പരിസരത്ത് താമസിച്ചിരുന്ന മൂന്ന് ജൂത ഗോത്രങ്ങളുമായും സമാധാന കരാറുണ്ടാക്കി. ഒരു ബഹുസ്വര സമൂഹത്തില്‍ വ്യക്തിസ്വാന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയവ എങ്ങനെയായിരക്കണമെന്നതിന്റെ ആദ്യ മാതൃകയായിരുന്നു ആ കരാര്‍.
പക്ഷേ, മദീനയില്‍ പ്രവാചകര്‍ സ്ഥാപിച്ച ഭരണം ശക്തിപ്പെടുന്നതും പുരോഗമിക്കന്നതും ഏറെ ഭീതിയോടെ നോക്കിക്കണ്ട ഖുറൈശികള്‍ അഭയം തേടിപ്പോയ നാട്ടിലും സ്വാസ്ഥ്യം കൊടുക്കാന്‍ തയ്യാറായിരുന്നില്ല.
മക്കവിട്ടു മദീനയിലേക്ക് പലായനം ചെയ്ത പലരുടെയും സ്വത്തുക്കള്‍ ഖുറൈശി നേതാക്കള്‍ വിറ്റു കാശാക്കി. മറ്റു ചിലത് കൈയേറി. ഒപ്പം അവര്‍ തീരുമാനിച്ചു, മുഹമ്മദ് ശക്തിയാര്‍ജിക്കുന്നതിന് മുമ്പ് കടന്നാക്രമണം നടത്തണം. മക്ക വിട്ട് പോയ മുസ്‌ലിംകളുടെ സ്വത്തെടുത്ത് യുദ്ധഫണ്ടുണ്ടാക്കി. ഇതില്‍ എല്ലാവരുടെയും വിഹിതം ചേര്‍ത്ത് കച്ചവടം ചെയ്ത് യുദ്ധഫണ്ട് വികസിപ്പിക്കണം.

ആ കച്ചവട സംഘമാണ് മുസ്‌ലിം രാജ്യമായ മദീനയിലൂടെ സിറിയയെ ലക്ഷ്യം വെച്ച് യാത്ര ചെയ്തത്. വിവരമറിഞ്ഞ നബി(സ) അനുയായികളുമായി കൂടിയാലോചിച്ചു. നമ്മുടെ പണം കൊണ്ട് യുദ്ധഫണ്ടുണ്ടാക്കി, നമ്മുടെ രാജ്യത്തുകൂടെ തന്നെ യാത്ര ചെയ്ത് കച്ചവടത്തിലൂടെ വികസിപ്പിക്കന്നു. ഈ അനീതി കൈയും കെട്ടി നോക്കി നിന്നാല്‍ വടി കൊടുത്ത് അടി വാങ്ങലാകും. അതുകൊണ്ട് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ വരുന്ന ഈ കച്ചവട സംഘത്തെ തടഞ്ഞ് നമ്മുടെ സമ്പത്ത് തിരിച്ചുപിടിക്കണം. ഇതിനായി പെട്ടെന്നൊരു സൈനിക റിക്രൂട്ട്‌മെന്റ് നടത്തി. നിരായുധരായ മൂന്നൂറ്റിപ്പതിമൂന്ന് പേരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. പലര്‍ക്കും കാലില്‍ ചെരിപ്പ് പോലുമുണ്ടായിരുന്നില്ല. ഈ സൈനിക നീക്കം അനീതിയാണെന്നോ അക്രമമാണെന്നോ ഒരു ന്യായാധിപനും പറയില്ല.

എന്നാല്‍, നബി(സ)യുടെ നീക്കം മണത്തറിഞ്ഞ അബൂസുഫ്‌യാന്‍ തന്റെ കച്ചവട സംഘത്തെ ബീച്ച് വഴി നയിച്ച് മക്കയിലേക്ക് രക്ഷപ്പെട്ടു. അതിന് മുമ്പ് മക്കയില്‍ വിവരമെത്തിയതിനാല്‍ അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ആയിരം പേരടങ്ങുന്ന, സര്‍വായുധ സജ്ജരായ ഒരു സേന മദീനയിലേക്ക് മാര്‍ച്ച് ആരംഭിച്ചിരുന്നു. ഇസ്‌ലാമിനെയും മുസ്‌ലിം രാഷ്ട്രത്തെയും എന്നെന്നേക്കുമായി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നൂറ്റി അമ്പതിലധികം കിലോമീറ്റര്‍ താണ്ടി അവര്‍ ബദര്‍ എന്ന സ്ഥലത്ത് തമ്പടിക്കുകയായിരുന്നു. അവിചാരിതമായാണ് ഒരു ചെറിയ കച്ചവട സംഘത്തെ തടയാന്‍ പുറപ്പെട്ട നിരായുധരായമുസ്‌ലിം സേന ഒരു വന്‍ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്.

നബി(സ) സൈന്യവുമായി കൂടിയാലോചന നടത്തി. ഈ വന്‍ ശക്തിയെ പ്രതിരോധിക്കാതെ മദീനയിലേക്ക് പിന്‍വലിഞ്ഞാല്‍ അവര്‍ മദീനയില്‍ കടന്ന് സ്ത്രീകളെയും കുട്ടികളെയും വകവരുത്തും. എന്നാല്‍, ആ വന്‍ പടയെ നേരിടാനുള്ള ശക്തി മുസ്‌ലിം സേനക്കില്ല താനും. ഈ അവസരത്തിലാണ് അതിക്രമകാരികളെ പ്രതിരോധിക്കാന്‍ ആയുധമെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ആദ്യ സൂക്തം(സൂറ ഹജ്ജ്2940) അവതരിക്കുന്നത്.

അനിവാര്യമായ ഘട്ടത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ടി ഭരകൂടമാണ് ആയുധമെടുക്കേണ്ടത് എന്ന് ഈ അവതരണ പശ്ചാത്തലം വ്യക്തമാക്കുന്നുണ്ട്. ഒരു ഭരണകൂടം തങ്ങളുടെ നാടിനെയും നാട്ടുകാരെയും നശിപ്പിക്കാന്‍ വരുന്നവരുടെ മുമ്പില്‍ സാധ്യമായ പ്രതിരോധം നടത്തുന്നത് അതിക്രമമല്ല. ഇന്നും ലോകരാജ്യങ്ങള്‍ക്കെല്ലാം പ്രതിരോധ മന്ത്രാലയങ്ങളും പ്രതിരോധത്തിന് വേണ്ടി മാത്രം മന്ത്രിയും വന്‍ സൈന്യവും വമ്പിച്ച ആയുധ ശേഖരവുമുണ്ട്. ഇതെല്ലാം നാടിനെ ആക്രമിക്കാന്‍ വരുന്നവരെ തുരത്താനുള്ള പ്രതിരോധത്തിന്റെ ഭാഗമാണെങ്കില്‍ അത് തന്നെയാണ് ബദ്‌റിലും നടന്നിട്ടുള്ളത്. ഇതിന്റെ പേരില്‍ ഇസ്‌ലാം വാള് കൊണ്ട് പ്രചരിപ്പിക്കപ്പെട്ടു എന്ന് ആരോപിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

അല്ലാഹുവിന്റെ സഹായം കൊണ്ട് അഹങ്കാരത്തിന്റെ തേരിലേറി ആക്രോശങ്ങള്‍ മുഴക്കിവന്ന അബൂജഹ്‌ലിന്റെ സൈന്യത്തെ പ്രാര്‍ഥന വജ്രായുധമാക്കിയ മുത്ത് നബി(സ)യുടെ സേന നിലംപരിശാക്കി. അബൂജഹ്ല്‍, ഉത്ബ, ശൈബ്, വലീദ് അടക്കമുള്ള 70 പ്രമുഖര്‍ വധിക്കപ്പെട്ടു. 70 പേരെ തടവുകാരാക്കി. ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ 17ന് മുസ്‌ലിം സേന വിജയഭേരി മുഴക്കി.
(അവസാനിച്ചിട്ടില്ല)

Latest