കടല്‍ ദുരന്തം: കപ്പലിന്റെ ഡാറ്റ റെക്കോര്‍ഡര്‍ പിടിച്ചെടുക്കും

Posted on: June 12, 2017 9:41 am | Last updated: June 12, 2017 at 2:01 pm

കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന് കാരണമായ വിദേശകപ്പലിന്റെ വോയേജ് ഡാറ്റ റെക്കോര്‍ഡര്‍ പിടിച്ചെടുക്കും. അപകടം വരുത്തിയത് ആംബര്‍ എന്ന കപ്പലാണോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് ഡാറ്റ റെക്കോര്‍ഡര്‍ പിടിച്ചെടുക്കുന്നത്. അപകടം നടക്കുമ്പോള്‍ ഏഴോളം കപ്പലുകള്‍ സ്ഥലത്തുണ്ടായിരുന്നു.

അതിനിടെ, അപകടത്തെക്കുറിച്ച് അന്വേഷയിക്കുന്നതിനായി പ്രത്യേക സംഘം അല്‍പസമയത്തിനകം കപ്പല്‍ പരിശോധിക്കും. കൊച്ചി തുറമുഖത്ത് അടുപ്പിക്കാന്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് കപ്പല്‍ ഇപ്പോള്‍ ആഴക്കടലില്‍ തന്നെ നങ്കൂരമിട്ടിരിക്കുകയാണ്.

പനാമയില്‍ നിന്ന് എത്തിയ ആംബര്‍ എന്ന കപ്പലാണ് കൊച്ചി തീരത്തിന് സമീപം വെച്ച് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ 11 പേരും രക്ഷപ്പെടുകയും ചെയ്തു. ഞായറാഴ്ച പുലർെച്ചയായിരുന്നു അപകടം.