11 പാക് തടവുകാരെ ഇന്ത്യ ഇന്ന് ജയില്‍ മോചിതരാക്കും

Posted on: June 12, 2017 9:25 am | Last updated: June 12, 2017 at 11:47 am

ന്യൂഡല്‍ഹി: പാക് തടവുകാരായ 11 പേരെ ഇന്ത്യ ഇന്ന് ജയില്‍ മോചിതരാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന അനൗപചാരിക ചര്‍ച്ചകള്‍ക്ക് ശേഷമാണ് നടപടി. ശിക്ഷാ കാലാവധി പൂര്‍ത്തിയായ തടവുകാരെ മോചിപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച നടപടിക്ക് ശേഷം ഇതാദ്യമായാണ് പാക്ക് തടവുകാരെ ഇന്ത്യന്‍ മോചിപ്പിക്കുന്നത്. മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. ഇത് കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ പിറകോട്ട് പോകാന്‍ കാരണമാകില്ലെന്നും അവര്‍ വ്യക്തമാക്കി.

ആസ്റ്റാനയില്‍ എസ്ഇഒ ഉച്ചകോടിക്കിടെയാണ് മോഡിയും ശരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അനൗപചാരിക കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും സൗഹൃദം പുതുക്കുകയായിരുന്നു. ശരീഫിന്റെ ആരോഗ്യ സ്ഥിതി മോഡി ആരാഞ്ഞു. മോഡിയുടെ മാതാവിനെക്കുറിച്ചായിരുന്നു ശരീഫിന് അറിയേണ്ടിയിരുന്നത്.