കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും; മഹാരാഷ്ട്രയില്‍ കര്‍ഷക സമരം പിന്‍വലിച്ചു

Posted on: June 11, 2017 8:18 pm | Last updated: June 11, 2017 at 8:18 pm

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പത്ത് ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതോടെയാണ് സമരം നിര്‍ത്തിയത്. സമരത്തിലേര്‍പ്പെട്ട കര്‍ഷകര്‍ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഒരു സമിതി രൂപവത്കരിക്കാനും തീരുമാനമായി.

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, സൗജന്യമായി വൈദ്യുതി അനുവദിക്കുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച് വില നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചിരുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് ഒപ്പം മറ്റു ആവശ്യങ്ങളും അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

കര്‍ഷക സമരത്തിന് നേരെ നേരത്തെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ മരിച്ചിരുന്നു. ഇതോടെ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വഴങ്ങിയത്.