വിഴിഞ്ഞം: തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സി.എ.ജിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

Posted on: June 11, 2017 12:50 pm | Last updated: June 11, 2017 at 8:51 pm

തിരുവന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ഉമ്മന്‍ചാണ്ടി ഓഡിറ്റ് ജനറലിന് കത്തയച്ചു. സി.എ.ജി ശശികാന്ത് ശര്‍മ്മക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. സി.എ.ജിയുടെ നടപടി ക്രമങ്ങള്‍ ശരിയായി നടന്നിരുന്നില്ലെന്നാണ് കത്തില്‍ പ്രധാനമായും ചൂണ്ടികാട്ടുന്നത്.

കരാര്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സി.എ.ജി സമീപിച്ച കണ്‍സള്‍ട്ടന്റ് നിരന്തരമായി വിഴിഞ്ഞം പദ്ധതിക്കെതിരെ ലേഖനങ്ങള്‍ എഴുതിയ ആളാണ് എന്നീ ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടി കത്തില്‍ മുഖ്യമായും ഉന്നയിക്കുന്നത്.

വിഴിഞ്ഞം കരാര്‍ ഏറ്റെടുത്തിരിക്കുന്ന അദാനി പോര്‍ട്‌സിന് കാലാവധി നീട്ടി നല്‍കിയത് വഴി സര്‍ക്കാറിന് നഷ്ടമുണ്ടെന്നായിരുന്നു സി.എ.ജി കണ്ടെത്തല്‍. ഈ കണ്ടെത്തലുകള്‍ക്കെതിരെയാണ് ഉമ്മന്‍ചാണ്ടി അക്കൗണ്ട് ജനറലിന് കത്തയച്ചിരിക്കുന്നത്‌