ജി സുധാകരനും കടകംപള്ളി സുരേന്ദ്രനും ടെലിഫോണ്‍ ഭീഷണി

Posted on: June 9, 2017 9:19 pm | Last updated: June 9, 2017 at 11:45 pm

തിരുവനന്തപുരം: മന്ത്രി ജി സുധാകരനെതിരെ ഭീഷണിയുമായി വര്‍ഗ്ഗീയ ശക്തികള്‍ രംഗത്ത്. സിപിഐ എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുണ്ടായ അതിക്രമത്തിനു പിന്നാലെയാണ് ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ് അടുത്ത ലക്ഷ്യമെന്ന് ഫോണില്‍ ഭീഷണി സന്ദേശം എത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോണ്‍ വിളിയിലൂടെയും സന്ദേശത്തിലൂടെയും ഭീഷണികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 5, 6 തിയതികളില്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ ഗൌരവമായി പരിഗണിക്കാതിരുന്നതിനാല്‍ തള്ളിക്കളയുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു.

ദേശീയതലത്തില്‍ സീതാറാം യെച്ചൂരിക്കെതിരെയുണ്ടായ അതിക്രമത്തിനുശേഷം തന്റെ മൊബൈല്‍ ഫോണിലേക്ക് 7ന് വര്‍ഗ്ഗീയതയുടെ സ്വരങ്ങള്‍ ഉപയോഗിച്ച് വീണ്ടും ഭീഷണി സന്ദേശം വന്നു.
മന്ത്രിമാരായ ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ് അടുത്ത ലക്ഷ്യമെന്നും സന്ദേശത്തിലൂടെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 9 ന് വീണ്ടും മറ്റൊരു സന്ദേശം ലഭിക്കുകയുണ്ടായി എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതു സംബന്ധിച്ച് പോലീസ് ഇന്റലിജന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കും ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.