Connect with us

Socialist

ഒ. അബ്ദുല്ലമാരും സുന്നീ സമുദായവും

Published

|

Last Updated

നസ്രേത്തില്‍ നിന്നും നന്മ പ്രതീക്ഷിക്കരുത് എന്നാണല്ലോ. ഒ. അബ്ദുല്ലയില്‍ നിന്നും സുന്നി സമുദായം ആ നന്മ പ്രതീക്ഷിക്കേണ്ടതില്ല. അടിസ്ഥാനപരമായി സുന്നി വിരുദ്ധതയാണ് ഒ. അബ്ദുല്ലയുടെ മൂലധനം. ആ മൂലധനം ഉപയോഗിച്ച് ബില്‍ഡ് ചെയ്തതാണ് തുടക്കം മുതലേ അയാളുടെ കരിയര്‍. സുന്നികള്‍ക്ക് അനുകൂലം എന്നു പുറമേക്ക് ദ്യോതിപ്പിക്കുന്ന ഒരു കാര്യം പറയുമ്പോഴും അതിലേക്ക് അയാള്‍ എത്തിച്ചേരാന്‍ ഉപയോഗിക്കുന്നത് കടുത്ത സുന്നി വിരുദ്ധ വാദങ്ങളും പരിഹാസങ്ങളുമാണ്.

മര്‍കസിനോടുള്ള പിന്തുണ തന്റെ നിഷ്പക്ഷ നിലപാടിന്റെ ഭാഗമാണ് എന്നറിയിക്കാന്‍ തന്റെ സുന്നി വിമര്‍ശനങ്ങളിലാണ് അബ്ദുല്ല ഊന്നുന്നത്. വുളു മുറിയുന്നതിനെ കുറിച്ച് തര്‍ക്കമാകാം, അത്തഹിയ്യാത്തില്‍ കൈ ചൂണ്ടുന്ന രീതികളില്‍ വിയോജിക്കാം, എന്നാല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പക്ഷേ പിന്തുണച്ചേ മതിയാകൂ എന്നാണ് അബ്ദുല്ല പറഞ്ഞത്. വിയോജിക്കാവുന്ന കാര്യങ്ങളെ കുറിച്ചുള്ള അബ്ദുല്ലയുടെ പറച്ചില്‍ സുന്നി വിശ്വാസആചാരങ്ങളെ പരിഹസിക്കുക ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ശുദ്ധിയെ കുറിച്ച് ദിവസങ്ങളോളം വഅള് പറഞ്ഞ മതപണ്ഡിതനെ ചൂണ്ടി, “മുസ് ലിയാര്‍ മൂത്രപ്പുരയില്‍ നിന്ന് ഇനിയും ഇറങ്ങുന്നില്ലല്ലോ” എന്ന് ഉത്കണ്ഠപ്പെട്ടയാളുടെ അനുയായിയാണല്ലോ ടിയാന്‍. ഒരേ സമയം സുന്നികള്‍ക്ക് അബ്ദുല്ലമാരോടുള്ള വിയോജിപ്പിന്റെ “ആഴമില്ലായ്മ”യെ സൂചിപ്പിക്കാനും എന്നിട്ടും തങ്ങള്‍ സുന്നികളോട് കാണിക്കുന്ന “വിശാല മനസ്‌കത”യെ നാട്ടുകാരെ ബോധ്യപ്പെടുത്താനും അബ്ദുല്ലമാര്‍ ഇത്തരം നമ്പറുകള്‍ തരാതരം പോലെ ഇറക്കാറുണ്ട്. തങ്ങളുടെ പിന്തുണ സുന്നികള്‍ക്ക് കിട്ടാവുന്ന മികച്ച ഒരു ബോണസാണെന്ന മട്ടില്‍. സത്യത്തില്‍ ഈ പിന്തുണയോളം പരിഹാസ്യമായ മറ്റൊന്നില്ല തന്നെ.

രീതി ശാസ്ത്രപരമായി സുന്നി അല്ലാത്ത ഒരാളുടെ പിന്തുണ തങ്ങള്‍ക്കാവശ്യമില്ല എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ സുന്നികളെ പ്രാപ്തരാക്കി എന്നതാണ് അലീഗര്‍ വിപ്ലവം പോലെയെന്ന് അബ്ദുല്ല പറയുന്ന മര്‍കസ് സാധിച്ചെടുത്ത വിപ്ലവം. അല്ലാതെ ലോ കോളേജ് സ്ഥാപിച്ചതോ ആളുകള്‍ക്ക് തെഴില്‍ നല്‍കിയതോ അല്ല. പ്രാര്‍ഥനകളില്‍ കൈ കെട്ടേണ്ടതും കൈ ചൂണ്ടേണ്ടതും എങ്ങിനെ എന്നു പഠിപ്പിക്കുന്ന മര്‍കസ് ശരീഅത്ത് കോളേജിലാണ് സുന്നികള്‍ അവരുടെ “അലിഗഡ് വിപ്ലവം” കണ്ടത്. പക്ഷേ കൈ വെട്ടന്നതിലൂടെ വിപ്ലവം വരുമെന്ന് സ്വപ്നം കാണുന്ന, അത്തരക്കാര്‍ക്ക് പിന്തുണ നല്‍കലാണ് ദീനീ പ്രവര്‍ത്തനം എന്നു വിശ്വസിക്കുന്നവര്‍ക്ക് ആ ലോജിക് മനസ്സിലാകാന്‍ പക്ഷെ സമയമെടുക്കും.

സുന്നികളുടെ ശത്രു/വിമര്‍ശക സ്ഥാനത്ത് തന്നെ സ്വയം പ്രതിഷ്ഠിച്ചു കൊണ്ടാണ് അബ്ദുല്ല സ്വന്തം മാര്‍ക്കറ്റ് വാല്യു ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് തന്റെ കൈവെട്ടുമെന്ന് സുന്നികള്‍ ഭീഷണിപ്പെടുത്തി എന്നൊക്കെ അബ്ദുല്ല തള്ളുന്നത്. യഥാര്‍ഥത്തില്‍ സുന്നികളെ സംബന്ധിച്ചടുത്തോളം അബ്ദുല്ലമാര്‍ ബിലോ ആവറേജ് നിലവാരം മാത്രം വരുന്ന വിമര്‍ശകരാണ്. അബ്ദുല്ലയെ പോലുള്ളവരെ മികച്ച ശത്രു/വിമര്‍ശകകരായി കണക്കാക്കാന്‍ മാത്രമുള്ള നിലവാരത്തകര്‍ച്ച കേരളീയ പാരമ്പര്യ ഇസ് ലാമിന് ഇതുവരെയും ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ അബ്ദുല്ല മാരുടെ വിമര്‍ശനങ്ങളിലല്ല, പുകഴ്ത്തലുകളിലാണ് ഈ സമുദായം അപകടം മണക്കുന്നത്.

അബ്ദുല്ലമാരുടെ സുന്നികളോടുള്ള യോജിപ്പും വിയോജിപ്പും എവിടെ തുടങ്ങുന്നുവെന്നതിലാണ് കാര്യങ്ങളുടെ മര്‍മ്മം. മര്‍കസിലെ തിരുകേശ ത്തോടെ തുടങ്ങിയതല്ല അബ്ദുല്ലയുടെ സുന്നി വിമര്‍ശം. കാന്തപുരത്ത പിടിച്ചു കെട്ടാന്‍ സമുദായം രംഗത്തിറങ്ങണം എന്നതരത്തില്‍ അബ്ദുല്ല അതിനും എത്രയോ മുമ്പേ പറഞ്ഞിട്ടുണ്ട്. നോളജ് സിറ്റി വന്നപ്പോള്‍ തുടങ്ങിയ സ്നേഹവുമല്ല അബ്ദുല്ലയുടേത്. ശഅറേ മുബാറകിനെ പരിഹസിക്കുകയും നോളേജ് സിറ്റിയെ പ്രശംസിക്കുകയും ചെയ്യുന്നവരുടെ എതിര്‍പ്പോ പ്രതിരോധമോ സുന്നികള്‍ക്ക് ആവശ്യമില്ല. അങ്ങനെ ആവശ്യമുണ്ട് എന്ന് തോന്നുന്നുവെങ്കിലാണ് സുന്നികള്‍ പ്രതിസന്ധിയിലകപ്പെട്ടു എന്നു കരുതേണ്ടത്.

---- facebook comment plugin here -----

Latest