ഖത്വറിനെതിരായ ഉപരോധം നീക്കണമെന്ന് ജർമനി

Posted on: June 9, 2017 5:02 pm | Last updated: June 22, 2017 at 9:41 pm
ജർമൻ, ഖത്വർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നു

ദോഹ: ഖത്വറിനു മേല്‍ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ ഉപരോധം പിന്‍വലിക്കണമെന്ന് ജര്‍മനി അഭിപ്രായപ്പെട്ടു. ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ആണ് ആ ആവശ്യം മുന്നോട്ടു വെച്ചത്. പ്രശ്‌ന പരിഹാരത്തിനായി ഇടപെടാനുള്ള സന്നദ്ധതയും ജര്‍മനി പ്രകടിപ്പിച്ചു.
അനുരഞ്ജനം സാധ്യമാക്കേണ്ട നയതന്ത്ര യത്‌നത്തിന്റെ സമയമാണിതെന്ന് മനസ്സിലാക്കുന്നുവെന്നും മറ്റുള്ളവരുമായി സംസാരിച്ച് തീര്‍ച്ചയായും ജര്‍മനി അതിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു അമേരിക്കയുമായി ചേര്‍ന്നും ചര്‍ച്ചകള്‍ക്കു ശ്രമിക്കും. പക്ഷേ ഇപ്പോള്‍ എല്ലാറ്റിനും മേലെ പ്രധാനമായും കര വായു മാര്‍ഗങ്ങള്‍ തടഞ്ഞത് ഒഴിവാക്കുന്നതിനുള്ള പരിഹാര മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് ഖത്വറിന് കര, വായു, സമുദ്ര മാര്‍ഗങ്ങള്‍ ഉപരോധിച്ചിരിക്കുന്നതെന്ന് ഖത്വര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കപ്പെട്ടു. ഇതൊരുക്കലും ഗുണപരമായ പ്രതിഫലനമല്ല മേഖലയില്‍ ഉണ്ടാക്കുക. അതേസമയം വിപരീതഫലങ്ങളുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഖത്വറിനെതിരെ കൂട്ടായ ശിക്ഷ ചുമത്തുന്നതിന് എന്ത് കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കൂടുതല്‍ നയമലംഘനങ്ങളോ അസ്വസ്ഥകളോ ഇല്ലാതെ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്ന് ശുഭാപ്തി വിശ്വാസമുള്ളതായി ജര്‍മന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്ക, കുവൈത്ത്, യൂറോപ്യന്‍ യൂനിയന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു.