Connect with us

Eranakulam

നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാമ്പിന് ഒരുക്കങ്ങള്‍ തുടങ്ങുന്നു

Published

|

Last Updated

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ കൊച്ചി വഴി പോകുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ നെടുമ്പാശ്ശേരിയില്‍ താത്കാലികമായി തയ്യാറാക്കിയ ഹജ്ജ് ക്യാമ്പില്‍ ഒരുക്കങ്ങള്‍ തുടങ്ങാന്‍ തീരുമാനം. ഇന്നലെ ആലുവ ഗസ്റ്റ് ഹൗസില്‍ കൂടിയ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതരുടെയും യോഗത്തിലാണ് ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് ഈ വര്‍ഷവും ഹജ്ജ് ക്യാമ്പ് ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ ഉള്ളതിനാല്‍ കഴിഞ്ഞ പ്രാവശ്യത്തേ തില്‍ നിന്ന് 15 ശതമാനത്തോളം അധികം സൗകര്യം ഈ വര്‍ഷം കൊച്ചിയില്‍ താത്കാലികമായി ഒരുക്കിയ ക്യാമ്പില്‍ ഒരുക്കേണ്ടി വരുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി വിമാനത്താവള അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള 12,500 ഓളം ഹാജിമാരാണ് ഈ വര്‍ഷം കൊച്ചി വിമാനത്താവളം വഴി ഈ തവണ യാത്രപോകുന്നത്. ഇപ്രാവശ്യം പുതുതായി കമ്മീഷന്‍ ചെയ്ത ടെര്‍മിനല്‍ മൂന്നില്‍ നിന്നായിരിക്കും ഹാജിമാര്‍ യാത്രയാകുന്നതെന്ന് സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍ യോഗത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കുന്നതിന് സിയാല്‍ ഇതുവരെ നല്‍കിയിട്ടുള്ള സൗകര്യങ്ങളും സഹായങ്ങളും പ്രശംസാര്‍ഹമാണെന്ന് യോഗം വിലയിരുത്തി.

Latest