സമൂഹ നോമ്പ് തുറകളില്‍ മുങ്ങിപ്പോകരുത് വീടുകളിലെ ഇഫ്താറുകള്‍

Posted on: June 9, 2017 9:45 am | Last updated: June 9, 2017 at 9:39 am

സമൂഹ നോമ്പ്തുറകള്‍ സജീവവും സാര്‍വത്രികവുമായി. നഗരങ്ങളിലും പട്ടണങ്ങളിലും ഉള്‍ഗ്രാമങ്ങളില്‍ പോലും വമ്പന്‍ ഇഫ്താര്‍ സംഗമങ്ങള്‍. സാമൂഹിക മാധ്യമങ്ങളില്‍ കിടിലന്‍ പരസ്യങ്ങളും. നോമ്പനുഷ്ഠിച്ചവനും നോമ്പിനെ നിഷേധിക്കുന്നവനും സംബന്ധിക്കുന്ന അടിപൊളി സമൂഹതുറകള്‍.

വിശുദ്ധ മദീനയിലെ പതിനായിരങ്ങളോ ലക്ഷങ്ങളോ പങ്കെടുക്കുന്ന ഇഫ്താറുകള്‍, അബൂദബിയിലെ ശൈഖ് സായിദ് മസ്ജിദ് പരിസരത്ത് സംഘടിക്കപ്പെടുന്ന സമൂഹതുറകള്‍, കോഴിക്കോട് മര്‍കസ് കോംപ്ലക്‌സിലും മെഡിക്കല്‍ കോളജ് സഹായി ഓഡിറ്റോറിയത്തിലും സ്ഥിരമായി നടക്കുന്ന ഇഫ്താറുകളുമെല്ലാം എന്നും ചൂട് പിടിച്ച ചര്‍ച്ചയാണ്. അനേകായിരങ്ങളാണ് ഈ സമൂഹ നോമ്പ് തുറകളിലെല്ലാം സംബന്ധിക്കുന്നത്. ആവേശപൂര്‍വം ജനം നോമ്പ്തുറകളില്‍ ഒഴുകിയെത്തുന്നു. സ്‌പോണ്‍സര്‍ ചെയ്യുന്നവരും അനുദിനം വര്‍ധിച്ചു വരുന്നു.
സമ്പന്നരുടെ ഫണ്ടുകളുപയോഗിച്ച് സംഘടിപ്പിക്കപ്പെടുന്ന സമൂഹ തുറകള്‍ സാര്‍വത്രികമായതോടെ വീടുകളിലെ നോമ്പുതുറകള്‍ അപ്രത്യക്ഷമാവുകയോ കുറഞ്ഞു പോകുകയോ ചെയ്തു കഴിഞ്ഞു. സൂപ്പര്‍- ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വര്‍ധിച്ചതോടെ ചെറുകിട കച്ചവടക്കാര്‍ വെറുതെ ഇരിപ്പായി എന്നു പറയുന്നത് പോലെയാണിത്. നോമ്പ് തുറയുടെ പ്രതിഫലം സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രം മതിയോ.? സാധാരണക്കാര്‍ക്ക് അത് നഷ്ടപ്പെട്ടുകൂടാ. വീണ്ടെടുക്കണം വീട്ടിലെ നോമ്പ്തുറകള്‍. എന്തൊരു സന്തോഷമായിരുന്നു ആ നോമ്പുതുറകള്‍ക്ക്. അക്ഷരാര്‍ഥത്തില്‍ മധുരതരമായിരുന്നു അത്.

വീട്ടില്‍ സൗകര്യമില്ല. വീട്ടുകാര്‍ സഹകരിക്കില്ല. വിളിച്ചാല്‍ ആളെ കിട്ടില്ല. ഇത്തരം ദുര്‍ബലമായ ന്യായീകരണങ്ങളൊന്നും വീടുകളിലെ നോമ്പുതുറകള്‍ ഒഴിവാക്കുന്നതിന് മതിയായ കാരണങ്ങളല്ല. മുമ്പത്തേതിലും സൗകര്യങ്ങളും വിഭവങ്ങളും സാമ്പത്തിക ശേഷിയും വര്‍ധിച്ച വര്‍ത്തമാന കാലത്ത് വിശേഷിച്ചും.
നമ്മളെത്ര നോമ്പ് തുറകളില്‍ പങ്കെടുത്തു എന്നതല്ല. നമ്മുടെ വീട്ടില്‍ എത്ര പേരെ നോമ്പ് തുറപ്പിച്ചു എന്നതാണ് പ്രശ്‌നം. നമ്മുടെ ചെലവില്‍ എത്ര നോമ്പ് തുറകള്‍ സംഘടിപ്പിച്ചു എന്നതാണ് സഗൗരവം ആലോചിച്ച് അതിവേഗം പരിഹാരം കാണേണ്ടത്. ഇനിയുമുണ്ട് വിലപ്പെട്ട അവസരം. ചെറുസംഘങ്ങളെ വിളിച്ച് ഇടക്കിടെ നോമ്പ് തുറകള്‍ സംഘടിപ്പിക്കാം. മുഴുത്ത നോമ്പുതുറയല്ല. ലളിതവും മധുരവുമായ തുറ.
‘നിന്റെ സഹോദരനെ നോമ്പ് തുറപ്പിക്കുന്നത് നിന്റെ നോമ്പിനേക്കാള്‍ ശ്രേഷ്ടമാണ്. ദോഷം പൊറുക്കുന്നതും അടിമയെ മോചിപ്പിച്ച പ്രതിഫലം ലഭിക്കുന്നതുമാണ്. നോമ്പുകാരന്റെ പ്രതിഫലം അല്‍പവും കുറയാതെ തുറപ്പിച്ചവര്‍ക്കും ലഭിക്കുന്ന അത്ഭുതകരമായ പുണ്യ കര്‍മമാണ് മറ്റുള്ളവരെ നോമ്പ് തുറപ്പിക്കല്‍ (ഹദീസ് ശരീഫ്).