Connect with us

International

ബ്രിട്ടനില്‍ തൂക്കുസഭ: തെരേസ മേയ്ക്ക് തിരിച്ചടി; കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ ഒറ്റക്കക്ഷി

Published

|

Last Updated

 

ലണ്ടന്‍: ബ്രിട്ടന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി.വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തേരേസ മേയ് നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ ജെറമി കോര്‍ബിന്‍ നയിക്കുന്ന ലേബര്‍പാര്‍ട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 312 സീറ്റും ലേബര്‍ പാര്‍ട്ടി 256 സീറ്റും നേടി. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 34 സീറ്റും ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 സീറ്റും നേടിയിട്ടുണ്ട്. കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് ഡേവിഡ് കാമറൂണിന്റെ പിന്‍ഗാമിയായി എത്തിയ തെരേസ മേ തിരഞ്ഞെടുപ്പ് നേരിട്ടത്.

പാര്‍ലമെന്റിലെ 650 അംഗ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 641 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 312 സീറ്റാണ് ലഭിച്ചത്. ഒമ്പത് സീറ്റുകളിലെ ഫലം മാത്രം പുറത്തുവരാനുള്ളപ്പോള്‍ കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള 326 എന്ന മാര്‍ജിന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് കിട്ടില്ല.

ജനവിധി പ്രതികൂലമായ സാഹചര്യത്തില്‍ തേരേസ മേ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. അതേസമയം, ബ്രിട്ടനില്‍ സ്ഥിരതയുള്ള സര്‍ക്കാരിനെ ഉറപ്പാക്കാനാണ് തന്റെ ശ്രമമെന്ന് തെരേസ മേ പ്രതികരിച്ചു.

വോട്ടെണ്ണലിന്റെ ആരംഭം മുതല്‍ ലീഡു നിലനിര്‍ത്തി മുന്നേറിയ ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും നില മെച്ചപ്പെടുത്തിയ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. മെയ്ഡന്‍ഹെഡില്‍നിന്ന് ജനവിധി തേടിയ പ്രധാനമന്ത്രി തെരേസ മേ വിജയിച്ചു. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഇസ്‌ലിംഗ്ണിലും ജയിച്ചുകയറി.

കണ്‍സര്‍വേറ്റീവിന് 314 സീറ്റും ലേബറിന് 266 സീറ്റും ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. ഇന്ത്യന്‍സമയം രാവിലെ പതിനൊന്ന് മണിയോടെ തിരഞ്ഞെടുപ്പുഫലം പൂര്‍ണമായും പുറത്തുവന്നേക്കും.

Latest