അജ്മലിനുള്ള സഹായം കൈമാറി; ഇനി സോഫ്റ്റ് ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാം

Posted on: June 8, 2017 11:15 pm | Last updated: June 8, 2017 at 10:56 pm

ദുബൈ: ലോകകപ്പ് സോഫ്റ്റ് ബോള്‍ മത്സരത്തിനായി ഇനി പി പി അജ്മലിന് കാനഡയിലേക്ക് വിമാനം കയറാം. മത്സരത്തില്‍ പങ്കെടുക്കാനുള്ള സാമ്പത്തിക സഹായം ദുബൈ ആസ്ഥാനമായ കോസ്‌മോസ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എ കെ നിഷാദ് കോഴിക്കോട്ട് അജ്മലിന്റെ മാതാവിനെ ഏല്‍പിച്ചു. സീനിയര്‍ സോഫ്റ്റ്‌ബോള്‍ ലോകക്കപ്പില്‍ ഇന്ത്യക്ക് വേണ്ടി മത്സരിക്കാന്‍ അജ്മല്‍ യോഗ്യത നേടിയിരുന്നു. എന്നാല്‍ സാമ്പത്തികമായ പ്രയാസം കാരണം മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം അജ്മലിന് നഷ്ടപ്പെടും എന്ന വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കോസ്‌മോസ് സ്‌പോര്‍ട്‌സ് കോ ചെയര്‍മാന്‍ എ കെ ഫൈസല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവിശ്യമായ സഹായം നല്‍കുമെന്ന് ദുബൈയില്‍ നിന്ന് അറിയിച്ചിരുന്നു. ഈ സഹായമാണ് കോസ്‌മോസ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എ കെ നിഷാദ് അജ്മലിന്റെ മാതാവിനെ ഏല്‍പിച്ചത്.

അജ്മലിന്റെ പ്രയാസം മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ലോകകപ്പ് പോലെ വലിയ മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കുബോള്‍ സാമ്പത്തികമായ പ്രയാസം ഒരു താരത്തിനും ഒരു അവസരം നിഷേധിക്കപ്പെടരുതെന്നും എ കെ ഫൈസല്‍ ദുബൈയില്‍ പറഞ്ഞു. ഈ കാര്യത്തില്‍ തന്റെയും തന്റെ സ്ഥാപനത്തിന്റെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കാനഡയിലേക്ക് പോകുന്ന അജ്മലിന് എല്ലാ ആശംസകള്‍ നേരന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായ അജ്മലിന് മുമ്പ് പരിശീലനത്തിനുള്ള സഹായവും കോസ്‌മോസ് നല്‍കിയിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, അജ്മലിന്റെ കോച്ച് അശ്‌റഫ്, കായിക സംഘാടകന്‍ ഷാനവാസ്, കോസ്‌മോസ് എം ഡി. ടി സി അഹ്മദ്, ഇ ടി നൗഷാദ്, ഇ ടി നിസാര്‍ പങ്കെടുത്തു.