Connect with us

Gulf

ഗൾഫ് പ്രതിസന്ധി: കേരളത്തിലേക്ക് വിമാന നിരക്കുയരുന്നു

Published

|

Last Updated

ദുബൈ: മേഖലയില്‍ ഉടലെടുത്ത രാഷ്ട്രീയ സംഘര്‍ഷത്തില്‍ ആശങ്കയിലായി പ്രവാസി മലയാളികള്‍. പുതിയ സാഹചര്യത്തെ തുടര്‍ന്ന് യു എ ഇ, സഊദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്വറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തതോടെ വ്യാപാര സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസി മലയാളികളും പ്രവാസി കുടുംബങ്ങളും സാധാരണക്കാരും ആശങ്കയിലായി.
ഖത്വര്‍ കേന്ദ്രമായി നിരവധി ചെറുതും വലുതുമായ വാണിജ്യ സംരംഭങ്ങള്‍ മലയാളികളുടെ കീഴില്‍ നടന്നു വരുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നത് പ്രധാനമായും യു എ ഇയില്‍ നിന്നാണ്. കര മാര്‍ഗം സഊദി അതിര്‍ത്തിയായ അബു സംറ ചെക്ക് പോസ്റ്റ് വഴിയാണ് വ്യാപാര സാധനങ്ങള്‍ വഹിച്ചു കൊണ്ടുള്ളതും മറ്റ് യാത്ര വാഹനങ്ങളും കടന്നു പോയിരുന്നത്. കര മാര്‍ഗം ഖത്വറിലേക്കുള്ള ഏക പ്രവേശന കവാടവുമായ അബു സംറ ചെക്ക് പോസ്റ്റ് സഊദി അധികൃതര്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇതോടെ ഈദ് ദിനങ്ങളിലെ വ്യാപാരം ലക്ഷ്യമാക്കി യു എ ഇയില്‍ നിന്ന് സാധനങ്ങള്‍ കയറ്റി അയച്ച ട്രക്കുകള്‍ ഖത്വറിലേക്ക് പ്രവേശിക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ്. നൂറു കണക്കിന് ട്രക്കുകള്‍ ദിനം പ്രതി ഈ ചെക്ക് പോസ്റ്റുകള്‍ വഴി കടന്നു പോയിരുന്നു. അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ നിരവധി ട്രക്കുകള്‍ ഇവിടെ കാത്തുകിടക്കുകയാണ്. മതിയായ സംഭരണ സാഹചര്യങ്ങള്‍ ഇല്ലാത്ത ട്രക്കുകളിലെ സാധനങ്ങള്‍ കൂടുതല്‍ ദിവസം പുറത്തെ കാലാവസ്ഥയില്‍ സൂക്ഷിക്കാനും കഴിയില്ല എന്നതും വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്.

ഖത്വര്‍ പൗരന്മാര്‍ക്കും ഖത്വര്‍ വിസയുള്ളവര്‍ക്കും സഊദി, യു എ ഇ എന്നീ രാഷ്ട്രങ്ങളിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. യാത്ര വിലക്ക് കൂടി നിലവില്‍ വന്നതോടെ വ്യാപാര ആവശ്യങ്ങള്‍ക്ക് യു എ ഇയില്‍ നിരന്തരം വന്നു പോയിരുന്നവരും യു എ ഇയില്‍ നിന്ന് ഖത്വറിലേക്ക് പോയിരുന്നവരുമായ മലയാളികളടക്കമുള്ള വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വേറെ മാര്‍ഗങ്ങളില്ലാതായിട്ടുണ്ട്. ഇതോടെ തങ്ങളുടെ വ്യാപാര ബന്ധങ്ങള്‍ക്കാണ് മങ്ങലേല്‍ക്കുക എന്ന് പ്രവാസി മലയാളികളായ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ഈദ്, മധ്യ വേനലവധി സമയങ്ങളില്‍ ഒട്ടനവധി പ്രവാസി കുടുംബങ്ങളാണ് യു എ ഇ, സഊദി എന്നിവിടങ്ങളില്‍ നിന്ന് ഖത്വര്‍ എയര്‍ വെയ്‌സ് വഴി കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഖത്വര്‍ എയര്‍ വെയ്‌സിന് സഊദി, യു എ ഇ എന്നിവിടങ്ങളില്‍ നിന്ന് പുതിയ സാഹചര്യത്തില്‍ സര്‍വീസ് നടത്താന്‍ കഴിയില്ല എന്ന് വന്നതോടെ മറ്റ് വിമാന കമ്പനികളെ ആശ്രയിക്കേണ്ടുന്ന സ്ഥിതിയാണുള്ളത്. ഖത്വര്‍ എയര്‍വെയ്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചു നല്‍കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും അവധി ദിനങ്ങള്‍ അടുത്തതോടെ മറ്റ് വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഖത്വര്‍ എയര്‍വെയ്‌സില്‍ യു എ ഇ, സഊദി എന്നിവിടങ്ങളിലുള്ളവര്‍ക്ക് കേരളത്തിലേക്ക് പറക്കാന്‍ കഴിയില്ല എന്ന സ്ഥിതി സംജാതമായതോടെ ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്. ബജറ്റ് എയര്‍ ലൈനറായ എയര്‍ ഇന്ത്യ എസ്സ്പ്രസിന് ഈ മാസം 23 മുതല്‍ എക്കണോമി ശ്രേണിയില്‍ 2,210 ദിര്‍ഹമാണ് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള നിരക്ക്. എയര്‍ ഇന്ത്യയില്‍ 2300 ആണ് നിരക്ക്.

അതേസമയം, യു എ ഇ, സഊദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ വിമാന സര്‍വീസുകളും ഖത്വറില്‍ നിന്നുള്ളതുമായ ഇത്തിഹാദ് എയര്‍ വെയ്‌സ്, എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍ എന്നിവ ഖത്വറിലേക്കും തിരിച്ചും സര്‍വീസുകള്‍ റദ്ദ് ചെയ്തതോടെ ഈ വിമാനങ്ങളില്‍ കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഖത്വര്‍ പ്രവാസി മലയാളികളുടെ യാത്ര അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. അവധി ദിനങ്ങള്‍ അടുത്ത സമയത്തു ഈ വിമാന കമ്പനികളുടെ ടിക്കറ്റുകള്‍ റദ്ദ് ചെയ്തു ഖത്വറില്‍ നിന്ന് നേരിട്ട് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വീമാനങ്ങളില്‍ വീണ്ടും ബുക്ക് ചെയ്യുന്നതിന് വന്‍ തുക നല്‍കേണ്ടി വരും. ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂള്‍ അവധി ആരംഭിക്കുന്ന ആഴ്ചയില്‍ ദോഹയില്‍ നിന്ന് കോഴിക്കോട് വഴി കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 2700 യു എ ഇ ദിര്‍ഹമാണ് ഒരു ദിശയിലേക്ക് മാത്രം വരുന്ന നിരക്ക്. പെരുന്നാള്‍ ദിനം അടുക്കുന്നതോടെ ഖത്വറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്വര്‍ എയര്‍വെയ്‌സില്‍ ഇത് 3600 യു എ ഇ ദിര്‍ഹമോളം വരുന്നുണ്ട്. ഖത്വറില്‍ നിന്ന് മസ്‌കത്ത് വഴി കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ഒമാന്‍ എയര്‍വെയ്‌സ് 2700 ദിര്‍ഹമിനാണ് പെരുന്നാള്‍ അവധിക്ക് സര്‍വീസ് നടത്തുന്നത്. 12 മണിക്കൂറിലധികം യാത്രക്കായി ചിലവഴിക്കണമെന്നത് ഒമാന്‍ എയറിലേക്ക് ഖത്വര്‍ മലയാളികളെ അടുപ്പിക്കുന്നതിന് വിലങ്ങ് തടി ആകുന്നു.

ഖത്വറില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും അതിര്‍ത്തി അടച്ചതും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പിന്‍വലിച്ചതും മലയാളികളടങ്ങുന്ന ഖത്വറിലെ ഉംറ തീര്‍ഥാടകരെ ബാധിച്ചിട്ടുണ്ട്. യാത്ര വിലക്കില്ലാത്ത ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളിലെത്തി അവിടെ നിന്നും സഊദിയിലേക്ക് സര്‍വീസ് നടത്തുന്ന വീമാനങ്ങളില്‍ മാത്രമേ ഖത്വറില്‍ നിന്നുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ. ഉംറയെന്ന സ്വപ്‌നത്തില്‍ യാത്ര പുറപ്പെടുന്ന സാധാരണക്കാരായ മലയാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വന്‍ സാമ്പത്തിക പ്രയാസമാണ് ഇതിലൂടെ ഉണ്ടാകുക.
2014 ലും നിരവധി വിഷയങ്ങളെ ചൊല്ലി ജി സി സി സഹകരണ രാഷ്ട്രങ്ങള്‍ ഖത്വറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിഛേദിച്ചിരുന്നു. തുര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് തങ്ങളുടെ സ്ഥാനപതികളെ ഖത്വറിലേക്കും തിരിച്ചു അയക്കുവാന്‍ സമ്മതിച്ചത്. പുതിയ പ്രതിസന്ധി ഉടലെടുത്തതോടെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയിലാകാന്‍ ഇനി എത്ര നാളുകള്‍ കാത്തിരിക്കേണ്ടിവരുമെന്ന് നിശ്ചയമില്ല.
അതേസമയം, ഖത്വര്‍ എയര്‍ വേയ്‌സിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യു എ ഇയിലെ പ്രവാസി മലയാളികളടക്കമുള്ളവര്‍ യാത്ര നിരോധനം വന്നതോടെ വിമാന കമ്പനി ഓഫിസുകളിലും ട്രാവല്‍ ഏജന്‍സി സ്ഥാപനങ്ങളിലും ടിക്കറ്റ് തുക തിരിച്ചു കിട്ടുന്നതിന് എത്തിയതോടെ വന്‍ തിരക്കനുഭവപ്പെട്ടു. യു എ ഇയില്‍ നിന്ന് കേരത്തിലേക്ക് ഖത്വര്‍ വഴി യാത്ര ചെയ്യുന്നതിന് ഒട്ടനവധി പ്രവാസി മലയാളികളാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

---- facebook comment plugin here -----

Latest