ഉപരോധത്തിന് കാരണം പൊതുനയങ്ങള്‍ക്ക് എതിര് നില്‍ക്കുന്നത്: വിദേശകാര്യ സഹ മന്ത്രി

Posted on: June 7, 2017 2:56 pm | Last updated: June 7, 2017 at 2:56 pm

അബുദാബി: ഖത്വറുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെങ്കില്‍ സൗഹൃദത്തിന്റെ ഉറപ്പുള്ള ഒരു റോഡ് മാപ്പ് ഉണ്ടാകണമെന്ന് യു എ ഇ വിദേശകാര്യ സഹ മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്. യു എ ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപരോധം നടപ്പാക്കാന്‍ കാരണം ഖത്വറിന്റെ പിന്തുണയോടെ ഇസ്‌ലാമിക തീവ്ര വാദികള്‍ വളരുന്നതും ഇറാന്‍ വിരുദ്ധ നയങ്ങള്‍ക്ക് ഖത്വര്‍ എതിര്‍ നില്‍ക്കുന്നതും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്വറിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

ബുദ്ധിമാന്ദ്യത്തിന് പകരം യുക്തി പുലര്‍ത്തുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷിച്ചിരുന്നു. സമ്മര്‍ദവും ബുദ്ധിമുട്ടും നിറഞ്ഞ ദിവസമായിരുന്നു കഴിഞ്ഞ ദിവസം. സഹോദരന്‍മാര്‍ തമ്മിലുള്ള വിടവ് വളരെ സമ്മര്‍ദത്തിലാക്കി, ഗാര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു. ഖത്വറുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഏത് തരത്തിലുള്ള വ്യവസ്ഥകളാണ് നടപ്പാക്കുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹം വിശദമായ വിവരങ്ങള്‍ നല്‍കിയില്ല.