Gulf
ഹോട്ടല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏഴ് ശതമാനത്തിന്റെ വളര്‍ച്ച; ആദ്യ പാദത്തില്‍ അബുദാബിയിലെത്തിയത് 16 ലക്ഷം സന്ദര്‍ശകര്‍

അബുദാബി: ഈ വര്‍ഷം ആദ്യ പാദത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ 16 ലക്ഷം സന്ദര്‍ശകരെത്തിയതായി അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി (ടി സി എ). കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു എമിറേറ്റിലെത്തിയ അതിഥികളുടെ എണ്ണത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനവുണ്ട്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലാണ് വര്‍ധനവ് കൈവരിച്ചത്. ചൈന, ഇന്ത്യ, ബ്രിട്ടന്‍, യു എസ് എ, ജര്‍മനി, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായി എത്തിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. ആഭ്യന്തര സന്ദര്‍ശകരുടെ എണ്ണം 130,000 വര്‍ധിച്ചു. എമിറേറ്റിലെ അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നീ മൂന്ന് ജില്ലകളിലെ കണക്കാണിത്. ഞങ്ങളുടെ ലക്ഷ്യത്തില്‍ താത്പര്യം ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി തുടരുകയാണ്, ഞങ്ങളുടെ ഏറ്റവും പുതിയ ഹോട്ടല്‍ അതിഥികളുടെ വളര്‍ച്ച ഫലങ്ങള്‍ ശക്തമായ പുരോഗതി പ്രകടിപ്പിക്കുന്നതില്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, ഡയറക്ടര്‍ ജനറല്‍ സൈഫ് സഈദ് ഗോബാഷ് പറഞ്ഞു. വാര്‍ഷിക പരിപാടികളുടെ ഭാഗമായി കൂടുതല്‍ സന്ദര്‍ശകരെ എമിറേറ്റിലേക്ക് എത്തിക്കുന്നതിന് വിപുലമായ കുടുംബ സാംസ്‌കാരിക പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ലോകത്തിലെ 80 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെയും കലാ സാംസ്‌കാരിക പ്രവര്‍ത്തകരേയും ഒരുമിച്ചു കൂട്ടി സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. കഴിഞ്ഞ മാസം അബുദാബി അന്താരാഷ്ട്ര പ്രദര്‍ശന നഗരിയില്‍ നടന്ന പുസ്തകോത്സവത്തില്‍ മൂന്ന് ലക്ഷം സന്ദര്‍ശകരാണ് എത്തിയത്. അബുദാബിയെ ആഗോള സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുന്നതിന് ഞങ്ങളുടെ കാഴ്ചപ്പാടുകളെ ഉയര്‍ത്തിക്കാട്ടാന്‍ പുസ്തകോത്സവം സഹായിച്ചു, അദ്ദേഹം പറഞ്ഞു. ലോകത്തിലെ പ്രധാന ബുകിംഗ് വെബ്‌സൈറ്റായ ട്രിപ്പ് അഡൈ്വസര്‍ അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനെ ലോകത്തിലെ രണ്ടാമത്തെ ആകര്‍ഷണീയ സ്ഥലമായി തിരഞ്ഞെടുത്തതും ഏറെ സന്തോഷം നല്‍കുന്നു. 52 ലക്ഷം സന്ദര്‍ശകരാണ് ഇതുവരെയായി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശിച്ചത്.
ഹോട്ടലുകളിലേക്ക് ആദ്യ പാദത്തിലെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത് ചൈനയില്‍ നിന്നാണ്, 131,253 സന്ദര്‍ശകരാണെത്തിയത്. രണ്ടാം സ്ഥാനം 104,436 ഇന്ത്യക്കും മൂന്നാം സ്ഥാനം 86,529 ബ്രിട്ടനാണ്. ചൈനയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വിസാ നിയമാവലി ലഘൂകരിച്ചതും ചൈനയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവിന് കാരണമായി. സഊദി അറേബ്യ, ചൈന, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ സന്ദര്‍ശകരെ എമിറേറ്റിലേക്ക് ആകര്‍ഷിപ്പിക്കുന്നതിന് പ്രാദേശിക, അന്തര്‍ദേശീയ റോഡ് ഷോകള്‍ സംഘടിപ്പിക്കാറുണ്ട്. 11 വിദേശ രാജ്യങ്ങളിലാണ് അബുദാബി ടൂറിസം അതോറിറ്റിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.