ഖത്വര്‍ അനുകൂല പോസ്റ്റുകള്‍ക്ക് യുഎഇയില്‍ കടുത്ത നിയന്ത്രണം

Posted on: June 7, 2017 11:34 am | Last updated: June 7, 2017 at 2:35 pm

അബുദാബി: സമൂഹ മാധ്യമങ്ങളിലൂടെ ഖത്വറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിന് യുഎഇ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഖത്വറിനെ അനൂകൂലിച്ച് പ്രചാരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഏറ്റ് വാങ്ങേണ്ടി വരും. മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും കുറഞ്ഞത് അഞ്ചു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുന്ന സൈബര്‍ കുറ്റകൃത്യമായി ഇതിനെ കാണും. യുഎഇ ജനറല്‍ പ്രോസിക്യൂട്ടര്‍ സൈഫ് അല്‍ ഷംസിയാണ് ഇക്കാര്യം അറിയിച്ചതെന്ന് അല്‍ അറേബ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്വറിനെ അനുകൂലിക്കുന്നത് രാജ്യ വിരുദ്ധവും നിരുത്തരവാദപരവുമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം ഖത്വറിനെ അനുകൂലിച്ച് എഴുതുന്നര്‍ക്കും പോസ്റ്റിടുന്നവര്‍ക്കും യുഎഇയില്‍ ശിക്ഷ ലഭിക്കും.

സഊദിയും യുഎഇയും അടക്കം എട്ട് രാജ്യങ്ങള്‍ ഖത്വറുമായുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ ദിവസം പൂര്‍ണമായും ഒഴിവാക്കിയിരുന്നു.