സൈനിക ഹെലികോപ്റ്ററുകള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന

Posted on: June 7, 2017 10:00 am | Last updated: June 7, 2017 at 12:16 pm

ന്യൂഡല്‍ഹി: സൈനിക ഹെലികോപ്റ്ററുകള്‍ ഇന്ത്യയുടെ വ്യോമ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കുമീതെ ശനിയാഴ്ചയാണ് രണ്ട് ചൈനീസ് സേനാ ഹെലികോപ്റ്ററുകള്‍ അതിര്‍ത്തി ലംഘിച്ചുവെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയത്തിലാണ് ചൈന നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണം തെറ്റാണ്. ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ല. അതിര്‍ത്തിക്ക് സമീപം ചൈന പട്രോളിങ്ങും സൈനിക അഭ്യാസങ്ങളും നടത്താറുണ്ടെന്നും അതുമാത്രമാണ് ചെയ്തത്. ഇത് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിട്ടല്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും ചൈന അറിയിച്ചു. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം ഇപ്പോഴും തുടരുന്നുണ്ടെന്നും ചൈനീസ് വക്താവ് പറഞ്ഞു.