സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് 55.3 ശതമാനം

Posted on: June 5, 2017 11:23 pm | Last updated: June 5, 2017 at 11:23 pm

ന്യൂഡല്‍ഹി: ഈയിടെ പുറത്തുവന്ന സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ ഒന്നാം റാങ്കുകാരിയുടെ മാര്‍ക്ക് 55.3 ശതമാനം. ഒന്നാം സ്ഥാനത്തെത്തിയ കെ ആര്‍ നന്ദിനി നേടിയത് 55.3 ശതമാനം മാര്‍ക്കാണെന്ന് യു പി എസ് സി വെളിപ്പെടുത്തി.

രാജ്യത്തെ ഉദ്യോഗസ്ഥ മേധാവികളാകേണ്ടവരെ കണ്ടെത്തുന്ന പരീക്ഷയുടെ നിലവാരം ഉയര്‍ത്താന്‍ യു പി എസ് സി കൈക്കൊണ്ട കടുത്ത നിബന്ധനകളെയാണ് ഈ മാര്‍ക്ക് കാണിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐ എ എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ എഫ് എസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ എപി എസ്) എന്നിവയിലേക്ക് പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്ന് വന്നാണ് ഉദ്യോഗാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്നത്.
ഇന്ത്യന്‍ റവന്യൂ സര്‍വീസി ല്‍ ഉദ്യോഗസ്ഥയായ നന്ദിനി മൊത്തം 1,120 മാര്‍ക്കാണ് നേടിയത്. 927 മാര്‍ക്ക് മെയിനിലും 193 മാര്‍ക്ക് അഭിമുഖത്തിലും. പരീക്ഷയിലെ പരമാവധി മാര്‍ക്ക് 2,025. അതുപ്രകാരം 55.3 ശതമാനം മാര്‍ക്കാണ് നന്ദിനി നേടിയതെന്ന് യു പി എസ് സി വ്യക്തമാക്കി. മെയ് 31നാണ് ഫലം പ്രഖ്യാപിച്ചിരുന്നത്. രണ്ടാം സ്ഥാനത്തെത്തിയ അന്‍മോള്‍ ഷേര്‍ സിംഗ് ബേദി 1,105 മാര്‍ക്ക് നേടി (54.56 ശതമാനം). മൂന്നാം റാങ്ക് ജേതാവ് ഗോപാലകൃഷ്ണ റോണാങ്കി 1,101 മാര്‍ക്ക് (54.37 ശതമാനം) നേടി തൊട്ടു പിറകിലെത്തി. 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ടീനാ ദാബി 1,063 മാര്‍ക്കാണ് നേടിയിരുന്നത്- 52.49 ശതമാനം.

2016ലെ പരീക്ഷയുടെ ഫലം പ്രകാരം മൊത്തം 1099 പേരാണ് വിവിധ സര്‍വീസുകളില്‍ നിയമിക്കപ്പെടാന്‍ യോഗ്യത നേടിയത്. ഇതില്‍ 846 പേര്‍ പുരുഷന്‍മാരും 253 പേര്‍ സ്ത്രീകളുമാണ്. 500 പേര്‍ ജനറല്‍ കാറ്റഗറിയില്‍ നിന്നും 347 പേര്‍ ഒ ബി സിയില്‍ നിന്നും 163 പേര്‍ പട്ടിക ജാതിയില്‍ നിന്നും 89 പേര്‍ പട്ടിക വര്‍ഗത്തില്‍ നിന്നുമാണ്. ഏറ്റവും താഴ്ന്ന റാങ്ക് നേടിയ അഭിഷേക് ശ്രീവാസ്തവക്ക് 817 മാര്‍ക്കാണ് കിട്ടിയത്- 40.34 ശതമാനം.