ബൗളര്‍മാര്‍ മിന്നി; ബംഗ്ലാദേശിനെതിരെ ഓസീസിന് 183 റണ്‍സ് വിജയലക്ഷ്യം

Posted on: June 5, 2017 9:57 pm | Last updated: June 5, 2017 at 9:59 pm

ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ആസ്‌ത്രേലിയ. ഓസീസ് ബൗളര്‍മാരുടെ കൂട്ടമായ ആക്രമണത്തിന് മുമ്പില്‍ പതറിയ ബംഗ്ലാദേശ് 44.3 ഓവറില്‍ 182 റണ്‍സിന് എല്ലാവരും പുറത്തായി.

8.3 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ ഏറ്റവും നാശംവിതച്ചത്. ആദം സാംമ്പ രണ്ടും ഹാസില്‍വുഡ്, കുമ്മിന്‍സ്, ട്രാവിസ് ഹെഡ്, ഹെന്റിക്വസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

95 റണ്‍സെടുത്ത ഓപണര്‍ തമിം ഇഖ്ബാലാണ് ബംഗ്ലാദേശിനെ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 114 പന്തുളില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു തമിം ഇഖ്ബാലിന്റെ ഇന്നിംഗ്‌സ്. സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹാസില്‍വുഡ് പിടിച്ചാണ് താരം പുറത്തായത്. 29 റണ്‍സെടുത്ത ഷാക്കിബല്‍ ഹസനും 14 റണ്‍സെടുത്ത മെഹദി ഹസനുമൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ആദ്യമത്സരത്തില്‍ ബംഗ്ലാദേശ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ആസ്‌ത്രേലിയയുടെ ആദ്യമത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.