ഹനീഫയുടെ കൃഷിയിടത്തില്‍ വിദേശ പഴങ്ങളുടെ വൈവിധ്യം

Posted on: June 5, 2017 1:55 pm | Last updated: June 5, 2017 at 1:53 pm

കല്‍പകഞ്ചേരി: 20 വര്‍ഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പൊന്‍മുണ്ടം സ്‌റ്റേജ് പടിയിലെ മണ്ണിങ്ങല്‍ ഹനീഫയുടെ മനസ്സിലൊരു മോഹമുദിച്ചു. കൃഷിയിടം വ്യത്യസ്ത ഫലവ്യക്ഷങ്ങള്‍ കൊണ്ട് സമ്പന്നമാക്കണമെന്ന്. മോഹം കാര്യമായി. നിശ്ചയദാര്‍ഡ്യമുള്ള തീരുമാനം കൊണ്ട് പതിയെപ്പതിയെ ഹനീഫയുടെ വീടിനോട് ചേര്‍ന്ന് കൃഷിയിടത്തില്‍ വ്യത്യസ്ത ഫലവ്യക്ഷങ്ങള്‍ നാമ്പിടാന്‍ തുടങ്ങി.

ഇതിനിടയില്‍ ഹനീഫയുടെ അന്വേഷണം ചെന്നെത്തിയത് വിദേശ നാട്ടിലെ ഫലവ്യക്ഷങ്ങളെത്തേടിയായിരുന്നു. അന്വേഷണം വെറുതെയായില്ല. ആസ്‌ത്രേലിയന്‍ ചെറീസ്, ലോംഗന്‍, സ്‌പെയ്ന്‍, മാംഗോസ്റ്റ്, ബ്ലാക്‌ബെറി, സ്‌റ്റോബറി, ഊഗ്പ്ലസ്, പ്ലീനറ്റ്ബട്ടര്‍, തായ്‌ലന്റ്പുളി, മറാക്കിള്‍ ഫ്രൂട്ട്, പിസ്ത, ഊദ്മരം, തുര്‍ക്കി പേരക്ക, സാറോള്‍ ഫ്രൂട്ട്, റെഡ് മാംഗോസ്റ്റ്, സ്‌നാകര്‍ ഫ്രൂട്ട്, ഗള്‍ഫ്ഞാവല്‍, മധുര അമ്പായങ്ങ, സ്‌പെയ്ന്‍ റെഡ് ഇഞ്ചി തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ഫലവൃക്ഷങ്ങള്‍ കൊണ്ട് ഇദ്ദേഹത്തിന്റെ ക്യഷിയിടം സമ്പന്നമാണിന്ന്. ഓരോന്നും കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ വ്യത്യസ്ത ജൈവവള പ്രയോഗവും നടത്തി വരുന്നു. ഹനീഫയുടെ മോഹങ്ങള്‍ക്കൊപ്പം വ്യക്ഷങ്ങളും വളരാന്‍ തുടങ്ങി.
മൂന്ന് വര്‍ഷം മുമ്പ് മലേഷ്യയില്‍ നിന്ന് തന്റെ സുഹൃത്ത് സമ്മാനിച്ച ചൈനീസ് പഴയമായ ഡ്രാഗണ്‍ഫ്രൂട്ട് കായ്ച്ച് ഇപ്പോള്‍ തോട്ടത്തിന് അലങ്കാരമായി നില്‍ക്കുന്നു. ഇത്തരം മറുനാടന്‍ ഫലവൃക്ഷ കൃഷിയില്‍ തത്പര്യരായവരെ അറിഞ്ഞ് ഇവരില്‍ നിന്നും ശേഖരിക്കുന്ന തൈകളാണ് ഹനീഫ നട്ടുവളര്‍ത്തുന്നത്.
വീടിന്റെപടി കടന്നെത്തുന്നവരെ സ്വാഗതം ചെയ്യുന്നതും വിദേശ ഫല വൃക്ഷങ്ങളും തൈകളുമാണ്. വീടിന് ചുറ്റുഭാഗത്തായി ഒന്നര ഏക്കറോളം സ്ഥലത്തുള്ള കൃഷിയിടത്തില്‍ വിവിധ രാജ്യങ്ങളിലെ പഴങ്ങള്‍ക്ക് പുറമെ സുഗന്ധവ്യഞ്ജനവും ഔഷധ സസ്യങ്ങളുമുണ്ട്. 23 ലധികം വിദേശ രാജ്യങ്ങളിലെ പഴങ്ങളുടെ തൈകളും ഫല വ്യക്ഷങ്ങളുമാണ് ഹനീഫയുടെ കൃഷിയിടത്തിലുള്ളത്. പഴങ്ങളുടെ കൃഷിക്ക് പുറമെ പശു, ആട്, കോഴി, കാട എന്നിവയും ഇദ്ദേഹം വളര്‍ത്തുന്നു.
ഇവയുടെ അവശിഷ്ടമാണ് വളമായി ഉപയോഗിക്കുന്നത്. വിദേശ രാഷ്ട്രങ്ങളിലെ പഴങ്ങള്‍ നമ്മുടെ മണ്ണിലും കായ്ക്കുമെന്ന് വര്‍ഷങ്ങളുടെ കൃഷി രീതിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ അറുപതുകാരന്‍. പൊന്‍മുണ്ടം ക്യഷിഭവന്റെ സഹകരണവും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.