സ്ത്രീകള്‍ക്ക് സൈന്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കും: കരസേനാ മേധാവി

Posted on: June 4, 2017 4:41 pm | Last updated: June 5, 2017 at 11:18 am
SHARE

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കു സൈന്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും അധികം വൈകാതെ സ്ത്രീകളെ നിയോഗിക്കാനുള്ള പദ്ധതിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യന്‍ കരസേന ചരിത്രപരമായ നീക്കത്തിലാണെന്നും രാജ്യാന്തരതലത്തില്‍ അപൂര്‍വമായിട്ടേ കരസേനയില്‍ സ്ത്രീകളെ മുന്‍നിരയിലേക്കു കൊണ്ടുവന്നിട്ടുള്ളൂവെന്നും ബിപിന്‍ റാവത്ത് അറിയിച്ചു.

സ്ത്രീകളെ ജവാന്‍മാരായി സൈന്യത്തിലേക്കു കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ഉടനെ ഈ നടപടിയുമായി മുന്നോട്ടുപോവും. ആദ്യം സ്ത്രീകളെ സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക ഓപ്പറേഷനുകള്‍ക്കും ഉപയോഗിക്കുമെന്നും റാവത്ത് പറഞ്ഞു. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ചശേഷമേ നടപടിയുണ്ടാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ കരസേനയില്‍ മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്‌നല്‍, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലാണു സ്ത്രീകള്‍ക്കു പ്രവേശനമുള്ളത്. യുദ്ധമുഖത്തും സൈനിക നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും നിലവില്‍ പുരുഷന്‍മാര്‍ മാത്രമാണുള്ളത്. ഇക്കാര്യത്തിലാണ് ഇന്ത്യ മാറ്റം വരുത്താനൊരുങ്ങുന്നത്.

സുരക്ഷയുടെ പുറംതോടു പൊട്ടിച്ചു യുദ്ധമുഖത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള കരുത്തു സ്ത്രീകള്‍ക്കുണ്ട്. ജര്‍മനി, ഓസ്‌ട്രേലിയ, കാനഡ, യുഎസ്, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, നോര്‍വെ, സ്വീഡന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളാണു സ്ത്രീകള്‍ക്കു യുദ്ധമുഖത്തും ഓപ്പറേഷനുകള്‍ക്കും അനുവാദം നല്‍കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കരസേനാമേധാവിയുടെ വെളിപ്പെടുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here