അമേരിക്കയില്ലാത്ത ലോകം

Posted on: June 4, 2017 6:12 am | Last updated: June 3, 2017 at 11:25 pm

അമേരിക്ക ഒരിക്കല്‍ കൂടി ലോകത്തിന് മേല്‍ വിഷം തളിച്ചിരിക്കുന്നു. ലോകത്തിന്റെ പൊതു ധാരയില്‍ നിന്ന് തെറിച്ചു നില്‍ക്കുകയും ഒരു അന്താരാഷ്ട്ര തീരുമാനത്തെയും അംഗീകരിക്കാതിരിക്കുകയും ചെയ്യുകയെന്ന ധാര്‍ഷ്ട്യം ഡൊണാള്‍ഡ് ട്രംപിലൂടെ വീണ്ടും ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ഭാവിയെക്കുറിച്ച് നിര്‍ണായക പ്രതീക്ഷകള്‍ പകരുന്ന പാരീസ് പാരിസ്ഥിതിക ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത്. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആശങ്കകള്‍ വെറും അക്കാദമിക് ആശയങ്ങള്‍ മാത്രമാണെന്നും അങ്ങനെയൊന്ന് യഥാര്‍ഥത്തില്‍ ഇല്ലെന്നും ആക്രോശിച്ചയാളാണ് ഈ റിയല്‍ എസ്റ്റേറ്റ് വ്യവസായി. ‘ബരാക് ഒബാമ ഒപ്പുവെച്ച പാരീസ് ഉടമ്പടി അമേരിക്കയുടെ കുതിപ്പിനെ തളര്‍ത്തുന്നതാണ്. രാജ്യത്തിന് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന കരാറാണ് അത്. വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ സമ്പത്ത് കൊടുത്ത് തുലക്കുന്ന ഏര്‍പ്പാടാണ്. താന്‍ അധികാരത്തില്‍ വന്നാല്‍ കരാര്‍ വലിച്ചു കീറിയെറിയു’മെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനമടക്കമുള്ള ഭ്രാന്തന്‍ നയങ്ങള്‍ക്ക് വോട്ട് ചെയ്താണ് അമേരിക്കന്‍ ജനത ട്രംപിനെ അധികാരത്തിലേറ്റിയത്. അത്രമേല്‍ അതൃപ്തവും അരാജകവുമായ അന്തരീക്ഷം അമേരിക്കന്‍ പോളിറ്റിയില്‍ സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു ട്രംപിന്റെ വിജയം. പരീസ് കരാറില്‍ നിന്ന് പിന്‍വാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് യഥാര്‍ഥത്തില്‍ സംഭവിക്കാന്‍ നാല് വര്‍ഷമെങ്കിലുമെടുക്കും. അപ്പോഴേക്കും ട്രംപിന്റെ ഈ ഊഴം കഴിഞ്ഞിരിക്കും. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാശ്ചാത്യ പത്രങ്ങള്‍ മിക്കവയുടെയും മുഖപ്രസംഗങ്ങള്‍ ഒരു കാര്യം ഒറ്റക്കെട്ടായി പറഞ്ഞിരുന്നു. ‘അമേരിക്ക ലോകത്തോട് ചെയ്തത്, ട്രംപ് അമേരിക്കയോട് ചെയ്യും’. എത്ര കൃത്യമാണ് അത്. ഇന്ന് ലോകമാകെ ഒരു വശത്തും അമേരിക്ക മാത്രം മറുവശത്തും നില്‍ക്കുകയാണ്. അമേരിക്കയില്ലാത്ത ലോകം!
പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിക്കുന്ന ട്രംപിന്റെ പ്രസംഗം നുണകളുടെയും അതിവൈകാരികതകളുടെയും സമാഹാരമാണ്. ‘ഞാന്‍ അമേരിക്കന്‍ പ്രസിഡന്റാണ്, എനിക്ക് നോക്കാനുള്ളത് പിറ്റ്‌സ്ബര്‍ഗിനെയാണ് പാരീസിനെയല്ല. അമേരിക്കക്ക് നഷ്ടം മാത്രമുണ്ടാക്കുന്ന കരാറില്‍ നിന്നാണ് പിന്‍വാങ്ങുന്നത്. ഈ കരാര്‍ പാലിച്ചാല്‍ 2025ഓടെ 2.7 മില്യണ്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സര്‍വ മേഖലയും പിന്നോട്ടടിക്കും. വികസ്വര രാജ്യങ്ങള്‍ അമേരിക്കയുടെ ചെലവില്‍ വളരും. ഞാന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ഇത് അനുവദിക്കില്ല’. ഇങ്ങനെ പോകുന്നു ട്രംപിന്റെ വാചകമടി.ട്രംപ് പറയുന്നതാണോ ശരി? ഈ കരാര്‍ വികസിത രാജ്യങ്ങളെ ശിക്ഷിക്കുന്നതും അവികസിത രാജ്യങ്ങളെ സഹായിക്കുന്നതുമാണോ?

പാരീസ് ഉടമ്പടി അത്ര വിശേഷപ്പെട്ട ഒന്നായിരുന്നുവെന്ന് പറയാനാകില്ല. ആഗോള താപനത്തിന്റെ വര്‍ധനയുടെ തോത് വ്യവസായിക വിപ്ലവ കാലത്തേക്കാള്‍ രണ്ട് ഡിഗ്രി കുറയ്ക്കുകയെന്നതാണ് 2015ല്‍ നിലവില്‍ വന്ന, അമേരിക്കയടക്കം 195 രാജ്യങ്ങള്‍ ഒപ്പുവെച്ച കരാറിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിനായി അംഗ രാജ്യങ്ങള്‍ ഓരോരുത്തരും കാര്‍ബണ്‍ ബഹിര്‍ഗമനം നിശ്ചിത അളവില്‍ കുറച്ച് കൊണ്ടുവരണം. 2025 ആകുമ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 26 മുതല്‍ 28 ശതമാനം വരെ (2005ലെ തോതില്‍ നിന്ന്) കുറക്കാമെന്നായിരുന്നു ഇതില്‍ അമേരിക്ക നല്‍കിയ ഉറപ്പ്. സങ്കീര്‍ണമായ ചര്‍ച്ചക്കൊടുവിലാണ് ഉടമ്പടി യാഥാര്‍ഥ്യമായത്. നിരവധി തര്‍ക്കങ്ങള്‍ നിലനിന്നു. കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനം കത്തിച്ച് തീര്‍ത്ത് വ്യവസായ വികസനം നടത്തുന്നതാണല്ലോ കാര്‍ബണ്‍ ബഹിര്‍ഗമനത്തിനും ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പ്രധാന കാരണമാകുന്നത്. അപ്പോള്‍ അവക്ക് പകരം ഊര്‍ജസ്രോതസ്സ് കണ്ടെത്തണം. ക്ലീന്‍ എനര്‍ജി സാങ്കേതിക വിദ്യ ആര്‍ജിക്കാന്‍ വന്‍കിട രാജ്യങ്ങള്‍ വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് സഹായം നല്‍കണം. ഇത്തരം സങ്കീര്‍ണമായ തീരുമാനങ്ങളുടെ ആകെത്തുകയായിരുന്നു യുനൈറ്റഡ് നാഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (യു എന്‍ എഫ് സി സി സി).

സത്യത്തില്‍ ഇത് സമ്പന്ന രാജ്യങ്ങള്‍ക്ക് അനുകൂലമായ ഒന്നായിരുന്നു. നിക്കരാഗ്വേ ഈ കരാറിന്റെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടിയാണ് ഒപ്പിടാതിരുന്നത്. അമേരിക്കന്‍ ചേരിയുടെ മേധാവിത്വവും മുഷ്‌കും തന്നെയാണ് ക്യോട്ടോയിലെപ്പോലെ പാരീസിലും കണ്ടത്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് നിയന്ത്രിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വെട്ടിക്കുറക്കുകയും വേണം. പക്ഷേ, ഉത്തരവാദിത്വം തുല്യമായി വീതിക്കുകയാണോ വേണ്ടത്? ഉത്തരവാദിത്വം തുല്യമാണോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യക്ഷ സൂചകം ആഗോള താപനമാണ്. ഈ ആഗോളതാപനമാകട്ടേ താരതമ്യം ചെയ്യുന്നത് വ്യാവസായിക വിപ്ലത്തിന്റെ മുമ്പും പിമ്പുമെന്നാണ്. വ്യാവസായിക വിപ്ലവം താനേയങ്ങ് ഉണ്ടായതല്ല. ദരിദ്ര രാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടു പോയ അസംസ്‌കൃത വസ്തുക്കളാണ് ഈ വിപ്ലവത്തിന് അസ്തിവാരമിട്ടത്. മാത്രമോ? വന്‍കിട വ്യവസായിക രാഷ്ട്രങ്ങള്‍ ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ കത്തിച്ച് തീര്‍ത്താണ് ഇന്നത്തെ നില കൈവരിച്ചത്. ദരിദ്ര രാജ്യങ്ങളെ ചൂഷണം ചെയ്താണ് അവര്‍ വികസിത രാഷ്ട്രങ്ങളായി മാറിയത്. എന്നാല്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ പലതും ഇപ്പോള്‍ പുതുതായി വ്യവസായിക പുരോഗതി നേടി വരുന്നവയാണ്. അത്‌കൊണ്ട് ഈ ഘട്ടത്തില്‍ അവരോട് ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തിക്കൊള്ളണമെന്ന് ശഠിക്കുന്നത് നീതിയല്ല. അത്‌കൊണ്ട് ഒന്നുകില്‍ അവര്‍ക്ക് സാവകാശം അനുവദിക്കണം. അല്ലെങ്കില്‍ വന്‍കിട രാഷ്ട്രങ്ങള്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് നഷ്ടപരിഹാരമോ ബദല്‍ ആവിഷ്‌കരിക്കാനുള്ള സാമ്പത്തിക സഹായമോ നല്‍കണം. ഇതായിരുന്നു ഇന്ത്യയുടെ നേതൃത്വത്തിലുള്ള വികസ്വര ചേരിയുടെ കാഴ്ചപ്പാട്. ഇത് പൂര്‍ണമായി സ്വീകരിക്കാന്‍ വന്‍കിടക്കാര്‍ തയ്യാറായില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ എല്ലാവരും ഒരു പോലെ അനുഭവിക്കുന്നു, അത്‌കൊണ്ട് അതിന്റെ ഉത്തരവാദിത്വവും തുല്യമായി വീതിക്കപ്പെടണമെന്നാണ് വികസിത രാജ്യങ്ങളുടെ ലളിത യുക്തി. അത്‌കൊണ്ട് ഉടമ്പടിയില്‍ വൈരുധ്യങ്ങള്‍ നിറഞ്ഞു. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ നിയമപരമായ ബാധ്യതയുണ്ടോ? വ്യക്തമായ ഉത്തരമില്ല. വികസ്വര രാജ്യങ്ങള്‍ക്കുള്ള പരിഹാര ഫണ്ടിലേക്ക് ആരൊക്കെ സംഭാവന ചെയ്യണം. വ്യക്തതയില്ല. ഇത്രമേല്‍ വശംചരിഞ്ഞ ഒരു കരാര്‍ പോലും സ്വീകാര്യമല്ലെന്ന് പറഞ്ഞാണ് അമേരിക്ക ഇറങ്ങിപ്പോകുന്നത്.

എന്നുവെച്ചാല്‍ കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്‍ഥ്യത്തെ നിരാകരിക്കുകയാണ് ട്രംപ് ചെയ്യുന്നത്. മാലിദ്വീപ് അടക്കമുള്ള ദ്വീപ് രാഷ്ട്രങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ കാര്‍ഷിക വൃത്തി അസാധ്യമാക്കിയിരിക്കുന്നു. പല നഗരങ്ങളിലും ശ്വസനം പോലും അസാധ്യമാണ്. പുതിയ രോഗങ്ങള്‍ കടന്ന് വന്ന് ഭീഷണിപ്പെടുത്തുന്നു. രോഗകാരിയായ അണുക്കള്‍ എല്ലാ മരുന്നുകളെയും അതിജീവിക്കുന്നു. ഈ പ്രതിസന്ധിയുടെയെല്ലാം ഏറ്റവും വലിയ ഇര വ്യവസായ വളര്‍ച്ചയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അമേരിക്ക തന്നെയാണ്. പരിസ്ഥിതി എന്നത് മനുഷ്യന്റെ ആവാസ സംവിധാനവുമായി ബന്ധപ്പെട്ട സര്‍വസ്വവുമാണെന്ന് മനസ്സിലാക്കിയാല്‍ അങ്ങേയറ്റത്തെ പ്രതിസന്ധി അനുഭവിക്കുന്നത് അമേരിക്കന്‍ ജനതയാണെന്ന് മനസ്സിലാകും. വല്ലാത്ത അരക്ഷിതാവസ്ഥയാണ് അവര്‍ അനുഭവിക്കുന്നത്.

അമേരിക്കന്‍ വ്യവസായ ലോകം മാറ്റത്തിന് തയ്യാറാണ്. അത്‌കൊണ്ടാണ് പാരമ്പര്യേതര ഊര്‍ജ സംവിധാനങ്ങളിലേക്ക് കമ്പനികള്‍ സ്വയം നീങ്ങുന്നത്. അമേരിക്കയിലെ 20 വന്‍കിട കമ്പനികളും ഏതാനും വന്‍ ഖനിയുടമകളും പ്രസിഡന്റിനോട് അഭ്യര്‍ഥിച്ചത് പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങരുത് എന്നാണ്. പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള മുതല്‍ മുടക്ക് നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നാണ്് അവര്‍ ട്രംപിനെ അറിയിച്ചത്. ഇങ്ങനെ സ്വന്തം രാജ്യം മാറാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് വികസ്വര രാഷ്ട്രങ്ങള്‍ക്ക് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന 300 കോടി ഡോളര്‍ ലാഭിക്കാന്‍ വേണ്ടി മാത്രം കരാറില്‍ നിന്ന് പിന്‍വാങ്ങുകയെന്ന വിഡ്ഢിത്തം ട്രംപ് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങള്‍ പ്രസിഡന്റിനെ തള്ളി രംഗത്ത് വന്നത് ഇതിന് തെളിവാണ്. പ്രസിഡന്റ് എന്തും ചെയ്യട്ടെ ആഗോളതാപനം കുറക്കാനുള്ള നടപടിയുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്ന ബോസ്റ്റണ്‍ മേയര്‍ മാര്‍ട്ടി വാള്‍ഷിന്റെ വാക്കുകളും ആഭ്യന്തര സമ്മര്‍ദത്തെ അടയാളപ്പെടുത്തുന്നു.
ഈ എടുത്തു ചാട്ടം ലോകത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയിരുക്കുന്നുവെന്നതും ആഗോള കൂട്ടായ്മയെ ഇത് ദുര്‍ബലപ്പെടുത്തുന്നുവെന്നതും യാഥാര്‍ഥ്യമാണ്. ഒബാമ പറഞ്ഞത് പോലെ ഇത് ഭാവിയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ യാഥാര്‍ഥ്യം ഈ തീരുമാനം അമേരിക്കയെ ഒറ്റപ്പെടുത്തിയിരിക്കുന്നുവെന്നതാണ്. കരാറിനെ ശക്തമായി പ്രതിരോധിക്കുമെന്നും ഒരു തിരുത്തും സാധ്യമല്ലെന്നും ചൈന വ്യക്തമാക്കിക്കഴിഞ്ഞു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയും ഇത് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. സംയുക്ത പ്രസ്താവനയില്‍ ചേര്‍ന്നില്ലെങ്കിലും ബ്രിട്ടനും യൂറോപ്യന്‍ യൂനിയന്‍ ഒന്നാകെയും അമേരിക്കന്‍ നിലപാടിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യയും ചൈനയും കൂടുതല്‍ കല്‍ക്കരി ഖനികള്‍ സ്ഥാപിക്കാന്‍ പോകുന്നുവെന്ന് മുറവിളി കൂട്ടി വികസിത രാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ ട്രംപ് ശ്രമിക്കുന്നുണ്ടെങ്കിലും വലിയ തോതില്‍ വിലപ്പോകുന്നില്ലെന്ന് തന്നെയാണ് ഏറ്റവും പുതിയ പ്രവണതകള്‍ കാണിക്കുന്നത്. ആഗോളവത്കരണത്തിന്റെ സ്തുതിപാഠകരായ പാശ്ചാത്യ ശക്തികള്‍ക്ക് ട്രംപിന്റ ഈ തീവ്ര ദേശീയ, അടച്ചിടല്‍ നയത്തിനോട് കടുത്ത വിയോജിപ്പുണ്ട്. ‘അമേരിക്ക ഫസ്റ്റ്’ എന്ന അദ്ദേഹത്തിന്റെ ആശയഗതി യു എസിന്റെ വ്യാപാര പങ്കാളികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഈ പ്രതിഷേധങ്ങള്‍ ഒരു യഥാര്‍ഥ രാഷ്ട്രീയ ഐക്യപ്പെടലായി വികസിക്കുകയാണെങ്കില്‍ അമേരിക്ക വെള്ളം കുടിക്കുമെന്നുറപ്പാണ്. മെച്ചപ്പെട്ട കാലാവസ്ഥാ കരാറിലേക്ക് അമേരിക്കയൊഴിച്ചുള്ളവര്‍ നീങ്ങുകയും യു എസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ പരിസ്ഥിതി ചുങ്കം ചുമത്തുകയെന്ന ധീരമായ തീരുമാനത്തിലേക്ക് എത്തിച്ചേരുകയും ചെയ്താല്‍ ട്രംപ് ശരിക്കും വിയര്‍ക്കും.

ഇന്നത്തെ ലോകക്രമത്തില്‍ അത്രക്കൊക്കെ സ്വപ്‌നം കാണാമോ എന്ന ചോദ്യം അപ്പോഴും അവശേഷിക്കുകയാണ്. ഇന്ത്യയെ തന്നെ നോക്കൂ. നമ്മുടെ ഊര്‍ജ നയത്തെ ട്രംപ് കടന്നാക്രമിച്ചിട്ടും ഒരക്ഷരം മിണ്ടിയില്ല. അപ്പുറത്ത് അമേരിക്കയാകുമ്പോള്‍ പലര്‍ക്കും മുട്ടിടിക്കും.