ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെട്ടാകെ ഒരു കോടി വൃക്ഷത്തൈകള്‍ നടും

Posted on: June 2, 2017 11:50 pm | Last updated: June 2, 2017 at 11:50 pm

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെട്ടാകെ ഒരു കോടി വൃക്ഷത്തൈകള്‍ നട്ട് ചരിത്രം സൃഷ്ടിക്കാന്‍ കേരളം ഒരുങ്ങുന്നു. ഹരിത കേരളം മിഷന്റെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനത്തില്‍ മരതൈകള്‍ നടുന്നത്. മൂന്ന് കോടിയില്‍പ്പരം ജനങ്ങളുള്ള കേരളത്തില്‍ മൂന്ന് പേരില്‍ ഒരാള്‍ക്ക് ഒരു തൈ എന്ന നിരക്കിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന വനം വകുപ്പ് ‘പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ’ എന്ന ആഹ്വാനത്തോടെ അന്നേ ദിനം വനംവകുപ്പ് സംസ്ഥാനവ്യാപകമായി 72 ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് വനം മന്ത്രി കെ രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് പുറമേ സന്നദ്ധ സംഘടനകളും ഇതര സ്ഥാപനങ്ങളും ചേര്‍ന്നാണ് ബാക്കി തൈകള്‍ നടുക.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം സൗജന്യമായാണ് തൈകള്‍ നല്‍കുന്നത്. തൈകളുടെ ശേഖരണവും പരിപാലനവും അതാത് സ്ഥാപനങ്ങളുടെ ചുമതലയായിരിക്കും.
വനംവകുപ്പിന്റെ നൂറോളം നഴ്‌സറികളില്‍ തദ്ദേശീയ ഇനങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധയിനങ്ങള്‍ എന്നിവക്ക് പ്രാമുഖ്യം നല്‍കിയ തൈകളാണ് വിതരണത്തിനായി തയാറായിരിക്കുന്നത്. മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവല്‍, കമ്പകം, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിള്‍, പൂവരശ് തുടങ്ങിയ നൂറോളം ഇനങ്ങളാണ് വിതരണം ചെയ്യുക. സംസ്ഥാനത്തുടനീളം ഓരോ പഞ്ചായത്തിനും 2500 തൈകള്‍ വീതം നല്‍കും. തൈകള്‍ വിതരണം ചെയ്യുന്നതിനായി ജില്ലകളില്‍ സജ്ജീകരണമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നട്ടുപിടിക്കുന്ന തൈകള്‍ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും നിശ്ചിത ഇടവേളകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.എസ് സി ജോഷി പറഞ്ഞു.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് നിശാഗന്ധിയില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കും. വനംമന്ത്രി കെ രാജു അധ്യക്ഷത വഹിക്കും. കെ മുരളീധരന്‍ എം എല്‍ എ, മേയര്‍ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിശിഷ്ട സംഭാവനകള്‍ നല്‍കിയ സുഗതകുമാരിയെയും സി കെ കരുണാകരനെയും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഫോറസ്‌റ്റേഴ്‌സ് എന്ന സംഘടനയെയും ചടങ്ങില്‍ ആദരിക്കും.
ഹരിതകേരളം ഫോട്ടോ ആല്‍ബത്തിന്റെ സമര്‍പ്പണവും വനംവകുപ്പ് പ്രസിദ്ധീകരണമായ അരണ്യം മാസികയുടെ പരിസ്ഥിതി ദിന പതിപ്പിന്റെ പ്രകാശനവും നടക്കും. സൈക്കിള്‍റാലി, സെമിനാര്‍, ഡോക്യുമെന്ററി വീഡിയോ പ്രദര്‍ശനം, സ്‌കൂള്‍ കോളജ് തലങ്ങളില്‍ ക്വിസ് മത്സരം എന്നിവയും സംഘടിപ്പിക്കും.
ജില്ലകളില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളും സംഘടിപ്പിക്കും.