ഉംറ തീര്‍ഥാടനത്തിന് പോയ മാതാവും രണ്ട് കുട്ടികളും വാഹനാപകടത്തില്‍ മരിച്ചു

Posted on: June 2, 2017 8:36 pm | Last updated: June 2, 2017 at 10:55 pm

ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മാതാവും രണ്ട് കുട്ടികളും മരിച്ചു. എറണാകുളം സ്വദേശിയായ ഷഹീന്‍ ബാബുവിന്റെ ഭാര്യ സബീന പാലക്കല്‍ , ആറ് മാസം പ്രായമുള്ള മകള്‍ ദിയാ ഫാത്തിമ, മൂത്തമകള്‍ അസ്‌റ ഫാത്തിമ (ഏഴ് ) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷഹീന്‍ ബാബുവിനെ തായിഫിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സബീനയും ദിയ ഫാത്തിമയും സംഭവ സ്ഥലത്തും അസ്‌റ ഫാത്തിമ തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലുമാണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടോടെ തായിഫില്‍നിന്നും 150 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ദിലം എന്ന സ്ഥലത്തായിരുന്നു അപകടം. റിയാദില്‍ നിന്ന് ഇന്നലെയായിരുന്നു കുടുംബം ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടത്. തിരുവനന്തപുരത്ത് താമസമാക്കിയ ഷഹീന്‍ ബാബുവും കുടുംബവും സുഹൃത്തുക്കളോടൊപ്പം റിയാദില്‍ നിന്ന് മൂന്ന് വാഹനങ്ങളിലായാണ് മക്കയിലേക്ക് പുറപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിനു പിറകില്‍ സൗദി സ്വദേശിയുടെ കാര്‍ ഇടിക്കുകയായിരുന്നു. തൊട്ടു മുന്നിലുണ്ടായിരുന്ന മിനി ലോറിയില്‍ ഇടിച്ച് കാര്‍ മരുഭൂമിയില്‍ മറിഞ്ഞു. മൃതദേഹങ്ങള്‍ ദിലം ആശുപത്രി മോര്‍ച്ചറിയിലാണ്. മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.