നേരും നെറിയും നോക്കാതെ സമ്പാദിച്ചാല്‍

Posted on: June 2, 2017 6:53 am | Last updated: May 11, 2019 at 3:50 pm

ജീവിതം സന്തോഷകരമാകാന്‍ ആവശ്യത്തിന് സമ്പത്ത് വേണം. സമ്പാദിക്കാനുള്ള മോഹം മനുഷ്യന്റെ ജന്മവാസനകളില്‍ പെട്ടതാണ്. ഇതിനെ ശക്തമായി പ്രോത്സാഹിപ്പിക്കുകയാണ് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം. ഒരാള്‍ക്ക് എത്രയും സമ്പാദിക്കാം. സ്വകാര്യ സ്വത്തവകാശം തടയുന്നത് പ്രകൃതിപരമായ ഒരു താത്പര്യത്തെ തടഞ്ഞുനിര്‍ത്തലാണ്. ഇത് വിജയം കാണില്ല എന്നതിന്റെ തെളിവാണ് സോവിയറ്റ് റഷ്യയില്‍ മുമ്പ് നാം കണ്ടത്.
എന്നാല്‍, നേരം നെറിയും നോക്കാതെ ഏത് വിധേനയും സമ്പാദിക്കാനുള്ള ലൈസന്‍സാണ് മുതലാളിത്തം അനുവദിക്കുന്നത്. മദ്യവും മദിരാക്ഷിയും ആയുധങ്ങളും അധിനിവേശവുമെല്ലാം മുതലാളിത്ത രാജ്യങ്ങളുടെ സമ്പാദന മാര്‍ഗങ്ങളാണ്. ഇന്ന് ലോകമനുഭവിക്കുന്ന ഒട്ടുമിക്ക സംഘര്‍ഷങ്ങളും പ്രതിസന്ധികളുമെല്ലാം ഈ സാമ്പത്തിക കാഴ്ചപ്പാടിന്റെ പരിണിത ഫലങ്ങളാണ്.
ആയുധമാണെങ്കിലും നിര്‍മിച്ചു കഴിഞ്ഞാല്‍ ഒന്നുകില്‍ അത് വിറ്റുപോകണം. അല്ലെങ്കില്‍ അത് ആര്‍ക്കെങ്കിലുമെതിരെ ഉപയോഗിക്കണം. രണ്ടും നടന്നില്ലെങ്കില്‍ ഭീമമായ ഒരു സംഖ്യ ചിതലരിച്ചുപോകും. ഇത് മുതലാളിത്വ രാഷ്ട്രങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കും. ഇതുകൊണ്ട് തന്നെ ആയുധങ്ങള്‍ക്ക് വിപണിയുണ്ടാക്കാനാണ് അത് വ്യവസായമാക്കിയവര്‍ ആദ്യം ശ്രമിക്കുക. ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകണം. ഒരേ സമയത്ത് രണ്ട് രാജ്യങ്ങള്‍ക്കും ആയുധ വില്‍പ്പന നടത്തി പണമുണ്ടാക്കാന്‍ സാധിക്കും. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ പ്രശ്‌നം ഒരിക്കലും പരിഹരിക്കാന്‍ ഈ ആയുധ മുതലാളിമാര്‍ മുന്‍കൈ എടുക്കാത്തതിന്റെ പിന്നിലെ താത്പര്യവും മറ്റൊന്നല്ല.

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ സമ്പാദിക്കാന്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നതോടൊപ്പം, ഹലാലും ഹറാമും പരിഗണിച്ച് മാത്രം സമ്പാദിക്കണമെന്ന് കര്‍ഷന നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. മദ്യം, മയക്കുമരുന്ന്, വ്യഭിചാരം, തുടങ്ങിയ ഇടപാടുകളിലൂടെ ലഭിക്കുന്ന പണവും പലിശ, ചൂതാട്ടങ്ങള്‍, തട്ടിപ്പ്, വെട്ടിപ്പ്, അഴിമതി, വഞ്ചന തുടങ്ങിയ മാര്‍ഗത്തിലൂടെ നേടുന്നതും ഇസ്‌ലാം നിഷിദ്ധമായി പ്രഖ്യാപിക്കുന്നു.
സമ്പത്തിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹുവാണെന്നും നിയമവിധേയമായി അത് കൈകാര്യം ചെയ്യാന്‍ ഭൂമിയില്‍ മനുഷ്യന് അവന്‍ അനുമതി നല്‍കുകയായിരുന്നുവെന്നും ഇസ്‌ലാം സിദ്ധാന്തിക്കുന്നു. ഇതുകൊണ്ട് തന്നെ നാളെ പാരത്രിക ലോകത്ത് വെച്ച് തന്റെ സമ്പാദ്യത്തിന്റെ സ്രോതസ്സുകള്‍ വെളിപ്പെടുത്തുകയും വരവും ചെലവും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടിവരുമെന്നുനം അല്ലാഹു മനുഷ്യനെ താക്കീത് ചെയ്യുന്നു.
നിഷിദ്ധമായ ധനം സമ്പാദ്യത്തില്‍ കലര്‍ന്നാല്‍ വന്‍ നാശങ്ങളാണ് അവനെ കാത്തിരിക്കുന്നത്. നബി(സ) പറഞ്ഞു: ഹറാമായ ഭക്ഷണം കഴിച്ചതിനാല്‍ ശരീരത്തില്‍ ഒരു കോശം വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് നരകവുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. (ബുഖാരി) കുടുംബത്തെ ഹറാം ഭക്ഷിപ്പിക്കുന്നതിലൂടെ ഭാര്യാ സന്താനങ്ങളെ നരകത്തിന്റെ വിറകുകളാക്കുകയാണ് നാം ചെയ്യുന്നത്. മുന്‍ഗാമികളുടെ കാലത്ത് ജോലിക്ക് പോകുന്ന ഭര്‍ത്താവിനെ തടഞ്ഞുവെച്ച് ഭാര്യമാര്‍ ഇപ്രകാരം പറയുമായിരുന്നത്രേ: ഞങ്ങള്‍ വിശപ്പ് എത്ര വേണമെങ്കിലും സഹിക്കാം. നരകത്തിന്റെ ചൂട് ഞങ്ങള്‍ക്ക് സഹിക്കാനാകില്ല. അതിനാല്‍ ഹലാല്‍ മാത്രം ഞങ്ങള്‍ക്ക് ഭക്ഷണമായി എത്തിച്ചുതരിക(ഇഹ്‌യാ)
ഹറാമായ പണമുപയോഗിച്ച് വാങ്ങിയ ഭൂമി, നിര്‍മാണം കഴിച്ച വീട് എന്നിവയില്‍ വെച്ച് നാം നിര്‍വഹിക്കുന്ന ഇബാദത്തുകള്‍ പ്രതിഫലം ലഭിക്കാത്ത കര്‍മങ്ങളായിരിക്കും. അനധികൃത മാര്‍ഗത്തിലൂടെ സമ്പാദിച്ചത് എത്ര ദാനം ചെയ്താലും അല്ലാഹു സ്വീകരിക്കുകയില്ല: ‘തീര്‍ച്ചയായും അല്ലുഹു പരിശുദ്ധനാണ്. വിശുദ്ധമായതല്ലാത്തതൊന്നും അവന്‍ സ്വീകരിക്കില്ല’ എന്നാണ് നബിവചനം.
ഇതിലുപരി നിഷിദ്ധമായ സമ്പാദ്യം ബാക്കിവെച്ച് മരണമടഞ്ഞാല്‍ പിന്‍മുറക്കാര്‍ അതില്‍ നിന്നും ഉപയോഗിക്കുന്ന ഓരോ ചില്ലിക്കാശിന്റെ കുറ്റങ്ങളും അത് സമ്പാദിച്ചു വിട്ടുപോയവന്റെ ഖബറിലേക്കെത്തും. ആലോചിച്ചുനോക്കൂ, ഹലാലും ഹറാമും പരിഗണിക്കാതെ സമ്പാദിച്ചാലുള്ള ദുരന്തങ്ങള്‍. ഇതു മാത്രമല്ല, അത്തരക്കാരുടെ പ്രാര്‍ഥന പോലും അല്ലാഹു സ്വീകരിക്കില്ലെന്നും നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.
പണം കാണുമ്പോള്‍ കണ്ണ് തള്ളരുത്. അനര്‍ഹമായതൊന്നും എടുത്തുപോകരുത്. സമ്പത്തില്‍ ഹറാം കലര്‍ന്നാല്‍ അതിന്റെ ബറകത്ത് ചോര്‍ന്ന് പോകും. പ്രകൃതി ദുരന്തം, രോഗം, കൊള്ള, കളവ് തുടങ്ങിയ ഏതെങ്കിലും രൂപത്തില്‍ ധനനഷ്ടം വരാനും ഇത് കാരണമാകും. ഉള്ളത് ഹലാല്‍ മാത്രമായാല്‍ മനസ്സമാധാനവും ഐശ്വര്യവുമുണ്ടാകും.