അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി റെയില്‍വേ

Posted on: June 2, 2017 9:32 am | Last updated: June 2, 2017 at 12:33 am

തിരുവനന്തപുരം: റെയില്‍വേ ലെവല്‍ ക്രോസുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി റെയില്‍വേ. ഇന്ന് അന്തരാഷ്ട്ര ലെവല്‍ ക്രോസ് ദിനാചരണം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ ബോധവത്കരണം.
എല്ലാ ലെവല്‍ ക്രോസുകളിലും ഗേറ്റുകളോ കാവല്‍ക്കാരോഉണ്ടാകാറില്ല. കാവല്‍ക്കാര്‍ ഉള്ളഎല്ലാ ഗേറ്റുകളും പഴുതടച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടില്ല. ആളില്ലാ ലെവല്‍ ക്രോസുകളില്‍ പ്രവേശിക്കും മുമ്പ് ട്രെയിന്‍ വരുന്നില്ലെന്ന് െ്രെഡവര്‍മാര്‍ സ്വയം ഉറപ്പാക്കണം. ലെവല്‍ ക്രോസുകളില്‍ ഗേറ്റ് ഉറപ്പിച്ച് കാവല്‍ക്കാരെ നിയമിക്കുന്നതിന് പ്രത്യേക മാനദണ്ഡമുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന തിരുവനന്തപുരം റയില്‍വേ ഡിവിഷനിലെ ആളില്ലാ ലെവല്‍ ക്രോസുകള്‍ 2016 ഓടെ പൂര്‍ണമായും ഇല്ലാതാക്കിയിട്ടുണ്ട്.
ലെവല്‍ ക്രോസുകളിലെ അപകടങ്ങള്‍ വികസിത രാജ്യങ്ങളില്‍പ്പോലും തുടര്‍ക്കഥയാണ്. 2016 ലെ കണക്കു പ്രകാരം അമേരിക്കയില്‍ 300 പേര്‍ക്കും യൂറോപ്യന്‍ യൂനിയനില്‍ 400 പേര്‍ക്കും ലെവല്‍ ക്രോസ്സുകളില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. അശ്രദ്ധയോടെ ലെവല്‍ ക്രോസുകള്‍ മറികടക്കുന്ന കാല്‍നടക്കാരാണ് ഇരകളില്‍ അധികവും. 2010 മുതല്‍ തുടങ്ങിയ അഞ്ച് വര്‍ഷകാലയളവില്‍ ഇന്ത്യയില്‍ 349 പേര്‍ ലെവല്‍ ക്രോസ്സ് അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. അഞ്ചിനും 19നും ഇടയിലുള്ളആണ്‍കുട്ടികളും 60 ന്മേല്‍ പ്രായമുള്ള വൃദ്ധജനങ്ങളുമാണ് ഇതില്‍ കൂടുതലും. പിന്നീട് മൊബൈല്‍ ഫോണുകളുടെയും ഇയര്‍ ഫോണുകളുടെയും ഉപയോഗത്തിലുള്ള വര്‍ധനവ് ലെവല്‍ക്രോസ്സ് ദുരന്തങ്ങളുടെ വ്യാപ്തിയും പലമടങ്ങ് വര്‍ധിപ്പിച്ചു.
ഓരോ ലെവല്‍ ക്രോസുകളും ഓരോ ‘അപകടമേഖല’കളായാണ് റെയില്‍വേ വിലയിരുത്തുന്നത്.

അടുത്തിടെയാണ് കര്‍ണാടകയില്‍ കാവലുള്ള അടച്ചിട്ട ലവല്‍ ക്രോസ്സിലൂടെ ഭാരമേറിയ മാര്‍ബിള്‍ കയറ്റിക്കൊണ്ടുവന്ന ലോറി ഗേറ്റ് തകര്‍ത്ത്, ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഇടിച്ച് ഒരു ജനപ്രതിനിധി മരിച്ചത്്. വാഹനങ്ങളിലെ യാത്രക്കാരുടെ ആവശ്യപ്രകാരം അടച്ചിട്ട ഗേറ്റുകള്‍ തുറന്നുകൊടുക്കാത്തതിന് കാവല്‍ക്കാരെ അക്രമിക്കുന്നതും പതിവാണ്. അടച്ചിട്ട ലെവല്‍ ക്രോസ്സിലൂടെ ട്രെയിന്‍ കടന്നു പോകാന്‍ വേണ്ട പരമാവധി 15 നിമിഷം കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവരുടെ നിയമലംഘനമാണിത്. ഒരു സ്‌റ്റേഷനില്‍ നിന്ന് അടുത്ത സ്‌റ്റേഷനിലേക്ക് ട്രെയിന്‍ കടത്തി വിടാന്‍ രണ്ട് സ്‌റ്റേഷനുകള്‍ക്കും ഇടയിലുള്ള എല്ലാ ലെവല്‍ ക്രോസ്സുകളും അടച്ചിടേണ്ടതുണ്ട്. ഇതിന് സ്‌റ്റേഷന്‍മാസ്റ്റര്‍ ലെവല്‍ ക്രോസ്സ് കാവല്‍ക്കാരന് ഒരു കോഡ് നമ്പര്‍ നല്‍കും. ഗേറ്റ്കീപ്പര്‍ ലെവല്‍ ക്രോസ ്അടച്ചുപൂട്ടിയ ശേഷം മറ്റൊരു കോഡ് നമ്പര്‍ നല്‍കി ഗേറ്റ് അടച്ചു എന്ന ഉറപ്പ് സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കും. ഇതിനുശേഷമാണ് ട്രെയിന്‍ കടത്തിവിടുന്നത്.

രണ്ട് റെയിവേ സ്‌റ്റേഷനുകള്‍ തമ്മിലുള്ള പരമാവധി ദൂരംസാധാരണ പന്ത്രണ്ട് കിലോമീറ്റര്‍ ആണ്. കേരളത്തില്‍ ഇത് എട്ട് മുതല്‍ പത്ത് വരെയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ട്രെയിനുകള്‍ പോലും പത്ത് മിനിറ്റ് കൊണ്ട് ലെവല്‍ ക്രോസുകള്‍കടന്നുപോകും. കേരളത്തില്‍ ലെവല്‍ ക്രോസുകളുടെ എണ്ണം കൂടുതലാണ്. 100 കിലോമീറ്റര്‍ ദൂരം വരുന്ന കായംകുളം ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള റയില്‍പാതയില്‍ നൂറിന് മേല്‍ ലെവല്‍ക്രോസുകള്‍ ഉണ്ട്. ഓരോ ലെവല്‍ക്രോസുകളില്‍ നിന്നും ഇത് അടച്ചിട്ടുണ്ട് എന്ന ഉറപ്പുലഭിച്ചശേഷം മാത്രമാണ് ട്രെയിനുകള്‍കടത്തി വിടുന്നത്. ഇത്തരം ഘട്ടങ്ങളില്‍ അടച്ചിട്ട റയില്‍വേ ഗേറ്റ് തുറക്കാന്‍ സാധിക്കില്ലെന്ന് റെയില്‍വേ പറയുന്നു. അടുത്തകാലത്ത് ഒരു രോഗിയുമായി വന്നആംബുലന്‍സിന് കടന്നു പോകാന്‍ അടച്ചിട്ട ഗേറ്റ്തുറന്ന് കൊടുക്കാത്തതിന് ഗേറ്റ്കീപ്പറെ മര്‍ദിച്ച സംഭവമുണ്ടായി. രോഗിയുടെ ജീവന്‍ രക്ഷപെടുത്താന്‍ അടച്ചിട്ട ലെവല്‍ ക്രോസുകള്‍ തുറന്നുകൊടുത്താല്‍ ആംബുലന്‍സിലെ മറ്റുള്ളവര്‍ കൂടി അപകടത്തില്‍പ്പെടുന്ന സാഹചര്യം വരും. വൈദ്യുതീകരിച്ച ലൈനുകള്‍ ഉള്ളതും സൂക്ഷിക്കേണ്ടതാണ്.