Connect with us

Ramzan

തെറ്റുകുറ്റങ്ങള്‍ പരസ്യപ്പെടുത്തരുത്

Published

|

Last Updated

സ്വന്തത്തിന്റെയോ മറ്റുള്ളവരുടെയോ തെറ്റ് കുറ്റങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നത് ഒരിക്കലും ശരിയല്ല. സാമൂഹിക ജീവിതത്തില്‍ പാലിക്കേണ്ട ചില മര്യാദകളില്‍ സുപ്രധാനമാണ് വ്യക്തിത്വം കാത്തുസൂക്ഷിക്കുക എന്നത്. ഓരോ വ്യക്തിയുടെയും അന്തസ്സും അഭിമാനവും ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നു.

വ്യക്തിഹത്യ നടത്തുന്നതും അഭിമാനം ക്ഷതപ്പെടുത്തുന്നതും മതം അനുവദിക്കുന്നില്ല. മറ്റുള്ളവരുടെ ന്യൂനതകള്‍ മറച്ചുവെക്കുന്നതും കുറ്റകൃത്യങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുന്നതും അഭിമാനം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഒരു മുസ്‌ലിമിന്റെ കുറവുകള്‍ ഒരാള്‍ മറച്ചുവെക്കുകയാണെങ്കില്‍ അവന്റെ ന്യൂനതകള്‍ അല്ലാഹു മറച്ചുവെക്കും. തന്റെ കൂട്ടുകാരന് സംഭവിച്ച ഒരു തെറ്റ് അറിഞ്ഞിട്ട് അത് രഹസ്യമാക്കിവെച്ചാല്‍ അന്ത്യനാളില്‍ അല്ലാഹു അവന്റെ ന്യൂനതകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുന്നതാണ്(മുസ്‌ലിം)
ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നുമസ്ഊദി(റ)ന്റെ മുമ്പില്‍ ഒരു മദ്യപാനെ കൊണ്ടുവന്നു. അയാള്‍ പറഞ്ഞു. ഇയാള്‍ കുടിച്ച് ലക്ക് കെട്ടവനാണ്. ഇബ്‌നു മസ്ഊദ് (റ) ജനങ്ങളോട് അയാളുടെ വായയും മുഖവും മണത്തുനോക്കാന്‍ പറഞ്ഞു. മദ്യപാനിയാണെന്നുറപ്പായപ്പോള്‍ ശിക്ഷിക്കാന്‍ ഉത്തരവിട്ടു. മദ്യപനെ കൊണ്ടുവന്നവനോട് ഇപ്രകാരം ഉപദേശിച്ചു: നീ അയാളുടെ കാര്യത്തില്‍ മര്യാദ കാണിച്ചില്ല. തെറ്റുകള്‍ മറച്ചുവെച്ചതുമില്ല. അധികാരിയുടെ മുമ്പില്‍ കുറ്റവാളിയെ ഹാജരാക്കിയാല്‍ ശിക്ഷ നടപ്പാക്കാതെ നിര്‍വാഹമില്ല. അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും പൊറുക്കുന്നവനുമാണ്. അതിനാല്‍ ജനങ്ങളും പരസ്പരം വിട്ടുവീഴ്ച ചെയ്യട്ടെ. നിങ്ങളുടെ കൂട്ടുകാരനെതിരില്‍ നിങ്ങള്‍ പിശാചിനെ സഹായിക്കരുത്. കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാകുന്നത് പോലെയോ ചിലപ്പോള്‍ അതിലേറെയോ ഗുരുതരമാണ് അത് പരസ്യപ്പെടുത്തി അപമാനിക്കല്‍. അത് അല്ലാഹുവിന് ഇഷ്ടമില്ല, ജനങ്ങള്‍ക്കും.

 

 

Latest