ഇന്‍കാസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ കെ ഉസ്മാന്‍ രാജിവെച്ചു

Posted on: June 1, 2017 8:03 pm | Last updated: June 1, 2017 at 8:03 pm

ദോഹ: കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസ് ഖത്വര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ കെ ഉസ്മാന്‍ രാജിവെച്ചു. കാലാവധി പൂര്‍ത്തിയാക്കിയ വേളയിലാണ് രാജിയെന്നും സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കണമെന്നും അതുവരെ ഭാരവാഹികളിലൊരാള്‍ക്ക് പ്രസിഡന്റിന്റെ ചുമതല നല്‍കണമെന്നും കെ പി സി സി പ്രസിഡന്റ് എം എം ഹസന് നല്‍കിയ രാജിക്കത്തില്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. രാജിക്കത്തിന്റെ പകര്‍പ്പ് ഉസ്മാന്‍ തന്നെ മാധ്യമങ്ങള്‍ക്കു നല്‍കി.

അതേസമയം സംഘടനയില്‍ രൂപപ്പെട്ട ആഭ്യന്തര പ്രശ്‌നങ്ങളാണ് ഉസ്മാന്റെ രാജിക്കു കാരണമെന്ന് ഭാരാവാഹികളില്‍ ചിലര്‍ പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന ഇന്‍കാസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉസ്മാന്റെ പ്രസിഡന്റ് പദവില്‍ അവിശ്വാസം രേഖപ്പെടുത്തി ജന. സെക്രട്ടറി ടി എച്ച് നാരായാണന്‍ അവതരിപ്പിച്ച പ്രമേയത്തെ ഭൂരിഭാഗം പേരും പിന്തുണച്ചു. യോഗത്തില്‍ പങ്കെടുത്ത 39 പേരില്‍ മൂന്നു പേരൊഴികെയുള്ളവര്‍ പ്രമേയത്തെ പിന്തുണച്ചതായും വിശദീകരണം നല്‍കാന്‍ എഴുന്നേറ്റ ഉസ്മാനെ അതിന് അനുവദിക്കാതെ അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നുവെന്നും ഒരു ഭാരാവാഹി പറഞ്ഞു. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രമേയാവതരണവും ചര്‍ച്ചകളും മീറ്റിംഗില്‍ നടന്നുവെന്നും എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ടി എച്ച് നാരായണന്‍ സിറാജിനോട് പറഞ്ഞു. നാരായണന്‍ അവതരിപ്പിച്ച അവിശ്വാസത്തെ രണ്ടു ജന. സെക്രട്ടറിമാരാണ് പിന്തുണച്ചത്. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ രാജിവെച്ചുവെന്നാണ് അറിഞ്ഞതെന്നും മറ്റു സംഘടനാ കാര്യങ്ങള്‍ പറയുന്നതില്‍ പരിമിതികളുണ്ടെന്നും ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗം ജോപ്പച്ചന്‍ തെക്കേക്കുറ്റ് പ്രതികരിച്ചു.
അതേസമയം, രാജി പെട്ടെന്നുണ്ടായ കാര്യമല്ലെന്നും നേരത്തേ തീരുമാനിച്ചതായിരുന്നുവെന്നും ഉസ്മാന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 2015 മെയ് 12ന് മൂന്നാം തവണയും തിരഞ്ഞെടുപ്പിലൂടെ ഇന്‍കാസ് പ്രസിഡന്റ് സ്ഥാനത്തു വന്നത് വാശിയുടെ അടിസ്ഥാത്തിലാണ്. ഒരു വര്‍ഷമേ സ്ഥാനത്തു തുടരൂ എന്ന് റിട്ടേണിംഗ് ഓഫീസറായിരുന്ന ഭാരതീപുരം ശശിയോട് പറഞ്ഞിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഒഴിയാന്‍ കഴിഞ്ഞില്ല. രണ്ടു വര്‍ഷത്തെ കാലാവധി മെയ് 12ന് പൂര്‍ത്തിയായ സാഹചര്യത്തില്‍ തുടരുന്നത് ശരിയല്ലെന്ന് മനസ്സാക്ഷി പറയുന്നു. ബിസിനസ്പരവും വ്യക്തിപരവുമായ സാഹചര്യങ്ങള്‍ സംഘടനാ ചുമതല മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്തതുമാണ്. ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് രാജി നീണ്ടു പോയതെന്നും ഉസ്മാന്‍ പറഞ്ഞു.

സംഘടനയുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികളായ എന്‍ സുബ്രമണ്യന്‍, മാന്നാര്‍ അബ്ദുല്‍ലത്വീഫ് എന്നിവരെ ഖത്വറിലേക്ക് അയച്ച് സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉസ്മാന്‍ കെ പി സി സി പ്രസിഡന്റിന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്‍കാസില്‍ ആരംഭിച്ച ഗ്രൂപ്പ് വടംവലിയികളെത്തുടര്‍ന്നാണ് പ്രമേയാവതരണവും രാജിയും എന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശനമുള്‍പ്പെടെയുള്ള ഘട്ടങ്ങളില്‍ ജനാധിപത്യ സ്വഭാവത്തിലല്ല ഉസ്മാന്‍ പ്രവര്‍ത്തിച്ചതെന്നും ഏകാധിപത്യ സ്വഭാവമാണ് പുലര്‍ത്തിയതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. വ്യക്തിപരമായ അഭിപ്രായ ഭിന്നതകളല്ല ഇതെന്നും തികച്ചും സംഘടനാപരവും ചുമതലകളോടുള്ള വിയോജിപ്പാണെന്നും ഒരു ഭാരവാഹി പറഞ്ഞു.