അഭിമുഖത്തിനിടെ റിപ്പോര്‍ട്ടറെ ചുംബിച്ചു; ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് വിലക്കി

Posted on: May 31, 2017 5:42 pm | Last updated: May 31, 2017 at 5:42 pm

പാരീസ്: തത്സമയ അഭിമുഖത്തിനിടെ വനിതാ റിപ്പോര്‍ട്ടറെ ചുംബിച്ച ടെന്നീസ് താരത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് വിലക്കി. ഫ്രഞ്ച് ടെന്നീസ് താരമായ മാക്‌സിമെ ഹമോവുയെയാണ് വിലക്കിയത്. യൂറോ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറെ അഭിമുഖത്തിനിടെ ബലം പ്രയോഗിച്ച് ചുംബിച്ചതിനെ തുടര്‍ന്നാണ് താരത്തിനെതിരെ നടപടിയെടുത്തത്.

സംഭവത്തില്‍ മാക്‌സിമെയുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ ടൂര്‍ണമെന്റ് മാനേജ്‌മെന്റ് തീരുമാനിച്ചതായി ഫ്രഞ്ച് ടെന്നിസ് ഫെഡറേഷന്‍ വ്യക്തമാക്കി. ഫെഡറേഷന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

ഹമോവുമായുള്ള അഭിമുഖം അങ്ങേയറ്റം അരോചകമായിരുന്നുവെന്നും ലെവിലല്ലായിരുന്നുവെങ്കില്‍ ഹമോവുവിനെ തൊഴിച്ചേനെ എന്നും സംഭവത്തിന് ശേഷം റിപ്പോര്‍ട്ടര്‍ പ്രതികരിച്ചു. സംഭവത്തില്‍ ഹമോവു ഖേദം പ്രകടിപ്പിച്ചു.