മദ്യശാല തുറക്കാന്‍ ഇനി പഞ്ചായത്തിന്റെ അനുമതി വേണ്ട

Posted on: May 31, 2017 12:54 pm | Last updated: May 31, 2017 at 1:17 pm

തിരുവനന്തപുരം: മദ്യശാല തുറക്കാന്‍ പഞ്ചായത്തിന്റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്.സുപ്രീംകോടതി വിധി പ്രകാരം ദേശീയ പാതയില്‍ നിന്ന് മാറ്റിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ വലിയ പ്രാദേശിക എതിര്‍പ്പുകളും ഉണ്ടായിരുന്നു.

മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വലിയ നഷ്ടത്തിലേക്കും കൂപ്പ് കുത്തിയിരുന്നു. ഈയൊരു സാഹചര്യം പരിഗണിച്ചാണ് പഞ്ചായത്തുകള്‍ക്കുള്ള അധികാരം എടുത്തുകളായാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.