ക്ലാസ് വൃത്തിയാക്കിയില്ല; വിദ്യാര്‍ഥിനിയെ അധ്യാപികമാര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടു

Posted on: May 30, 2017 10:36 am | Last updated: May 30, 2017 at 2:38 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ക്ലാസ് മുറി വൃത്തിയാക്കണമെന്ന ആവശ്യം നിരസിച്ച 14കാരിയായ വിദ്യാര്‍ഥിനിയെ രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിട്ടു. ശഹാദ്രയിലെ കോട് ശഹാബ്ദീനിലെ സിറ്റി ഡിസ്ട്രിക്ട് ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലാണ് സംഭവം. മെയ് 23ന് നടന്ന സംഭവം സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മറച്ചു പിടിക്കുകയായിരുന്നു.

താഴേക്ക് തള്ളിയിട്ടതിനെത്തുടര്‍ന്ന് പരുക്കേറ്റ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ ഫജര്‍ നൂര്‍ ലാഹോറിലെ ഗുര്‍ക്കി ആശുപത്രിയില്‍ കഴിയുകയാണ്. തന്റെ അധ്യാപികമാരായ ബുഷ്‌റയും രെഹ്നയും ഊഴമനുസരിച്ച് മെയ് 23ന് തന്നോട് ക്ലാസ് മുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം ചെയ്യാമെന്ന് അവരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇവര്‍ തന്നെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകള്‍ഭാഗത്തേക്ക് കൊണ്ടുപോയി അവിടം വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടുവെന്നും താന്‍ ഇതില്‍ തര്‍ക്കിച്ചതോടെ ഇരുവരും ചേര്‍ന്ന് തന്നെ താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ രണ്ട് അധ്യാപികമാരേയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.