കേദാര്‍ തിളങ്ങും, ഉറപ്പ് !

Posted on: May 30, 2017 1:59 pm | Last updated: May 30, 2017 at 1:28 pm

ലണ്ടന്‍: കരിയറിലെ ആദ്യ ഐ സി സി ടൂര്‍ണമെന്റ് കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് കേദാര്‍ യാദവ്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും സൈഡ് ബെഞ്ചിലിരുന്നും ഏറെ കാര്യങ്ങള്‍ പഠിക്കുന്നുണ്ട് യാദവ്.

ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഓരോ റണ്ണിനും വേണ്ടി കഠിനമായി പ്രയത്‌നിക്കേണ്ടതുണ്ട്, അനാവശ്യമായി ആക്രമോത്സുകത കാണിക്കുന്നത് തിരിച്ചടിയാകും – കേദാര്‍ യാദവിന്റെ നിരീക്ഷണം ഇതാണ്.
ഇന്ന് ബംഗ്ലാദേശിനെതിരെ ഇന്ത്യ രണ്ടാം സന്നാഹ മത്സരത്തിനിറങ്ങുമ്പോള്‍ കേദാര്‍ യാദവിന്റെ പക്വമായ ബാറ്റിംഗ് കാണാന്‍ സാധിച്ചേക്കും. ടെസ്റ്റ് മത്സരമോ രഞ്ജി ട്രോഫിയോ കളിക്കുന്നത് പോലെ വേണം ഇംഗ്ലണ്ടില്‍ അമ്പതോവര്‍ മത്സരം കളിക്കാന്‍. നല്ല പന്തിനായി കാത്തിരിക്കണമെന്നാണ് യാദവ് പറയുന്നത്.