മോറ ചുഴലിക്കാറ്റ് കേരളത്തിലേക്ക് വീശാന്‍ സാധ്യത

Posted on: May 30, 2017 12:57 pm | Last updated: May 30, 2017 at 2:32 pm

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോറ ചുഴലിക്കാറ്റ് കേരളത്തിലേക്ക് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലേക്കും മോറ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോറ ഇന്ന് ബംഗ്ലാദേശ് തീരത്തുനിന്ന് മാറി ഉച്ചയോടടുത്ത് ചിറ്റഗോങ് തീരത്തേക്ക് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മോറ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗ്ലാദേശില്‍ പത്തുലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചുക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇന്നു ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ തീരത്തേക്കടുക്കുന്ന കാറ്റ് ഉച്ചയോടെ തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിനെ ലെവല്‍ 10 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബംഗ്ലാദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്തമഴ അനുഭവപ്പെടും. മോറയുടെ സ്വാധീനത്താലാണ് തെക്കുപടഞ്ഞാറന്‍ മണ്‍സൂണ്‍ എന്ന കാലവര്‍ഷം കേരളത്തില്‍ പ്രവേശിച്ചത്. ഒപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനു പ്രളയ ഭീഷണിയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.