ഗോവധ നിരോധത്തിന് വളഞ്ഞ വഴി

Posted on: May 27, 2017 6:48 am | Last updated: May 26, 2017 at 11:49 pm

വളഞ്ഞ വഴിയിലൂടെ രാജ്യവ്യാപകമായി ഗോവധനിരോധം. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കയാണ്. പശുക്കളെ കൈമാറേണ്ടത് ക്ഷീരകര്‍ഷകര്‍ക്ക് ആയിരിക്കണമെന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമേ അവയെ ഉപയോഗിക്കാവൂ എന്നും വിജ്ഞാപനത്തിലുണ്ട്. കന്നുകാലികളെ കൊല്ലുകയില്ലെന്ന സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പ്പനക്കായി പോലും എത്തിക്കരുതെന്നും കാലികളെ വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. മതാചാരങ്ങളുടെ ഭാഗമായുള്ള മൃഗബലിയും നിരോധിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ക്ക് കന്നുകാലികളെ അറുക്കുകയില്ലെന്ന് വാങ്ങുന്നയാള്‍ ഉറപ്പു നല്‍കണം. നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുന്നുണ്ടെന്ന് ജില്ലാ കലക്ടറും തദ്ദേശ സ്ഥാപനങ്ങളുടെ ചെയര്‍മാന്മാരും അടങ്ങുന്ന ത്രിതല സമിതി ഉറപ്പാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

കാലികളെ വാങ്ങാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. വാങ്ങിയ കന്നുകാലിയെ ആറുമാസത്തേക്ക് വില്‍ക്കരുത്. കാള, പശു, പോത്ത്, എരുമ, ഒട്ടകം എന്നിവയെല്ലാം നിരോധിത പട്ടികയില്‍ പെടുന്നു. കാലികളെ സംസ്ഥാനത്തിന് പുറത്ത് വില്‍ക്കുന്നതിനും നിരോധനമുണ്ട്. സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ പരിധിയിലും അന്താരാഷ്ട്ര അതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധിയിലും കന്നുകാലി ചന്തകള്‍ പാടില്ല. സംസ്ഥാനത്തിന് പുറത്ത് കന്നുകാലികളെ കൊണ്ടുപോകുന്നതിന് സംസ്ഥാനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെയും കന്നുകാലി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് മജിസ്‌ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മറ്റിയുടെയും അനുമതി വേണമെന്നും വിജ്ഞാപനം നിര്‍ദേശിക്കുന്നു.

ഗോസംരക്ഷണ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണം അഴിച്ചു വിടുന്ന പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ ന്യായീകരണം. എന്നാല്‍ ബി ജെ പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഗോവധ നിരോധം. മോദി അധികാരമേറ്റ ഉടനെ തന്നെ ഇതുസംബന്ധിച്ച ആലോചനകള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പശുക്കളെയും പാല്‍ ഉത്പാദിപ്പിക്കുന്ന മറ്റു മൃഗങ്ങളെയും കൊല്ലുന്നതു തടയാന്‍ ഭരണഘടനാപരമായി സാധുതയുണ്ടോ എന്നു പരിശോധിച്ച് ഉപദേശം നല്‍കാനാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് 2015 മാര്‍ച്ചില്‍ നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു പിന്നാലെ മഹാരാഷ്ട്രയിലും ഗോവധ നിരോധനം നടപ്പാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ പ്രതിഷേധങ്ങളുയര്‍ത്തിയതിനു പിന്നാലെയായിരുന്നു കേന്ദ്ര നീക്കം. ഇതടിസ്ഥാനത്തില്‍ നിയമമന്ത്രാലയത്തില്‍ ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമെന്നാണ് കരുതപ്പെടുന്നത്.

റമസാന്‍ ആഗതമാകുകയും ബലി പെരുന്നാളിന് മൂന്ന് മാസം മാത്രം അവശേഷിക്കുകയും ചെയ്യവെ, മുസ്‌ലിം സമുദായത്തിനും ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിനും നേരെയുള്ള കടുത്ത വെല്ലുവിളിയാണ് കേന്ദ്ര തീരുമാനം. കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ട പോലെ രാജ്യവ്യാപകമായി മനുസ്മൃതി നടപ്പാക്കുന്നതിന്റെ വിളംബരമായി വേണം ഇതിനെ കാണാന്‍. രാജ്യത്ത് വര്‍ഗീയമായ ചേരിതിരിവും മതസ്പര്‍ധയും വര്‍ധിക്കാന്‍ ഇത് ഇടയാക്കും. ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യ പ്രതിവര്‍ഷം 3500 കോടിയിലധികം രൂപയുടെ വരുമാനമുണ്ടാക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ബീഫിന് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുമാണ്. രാജ്യത്ത് വാര്‍ഷിക ജനസംഖ്യാ വര്‍ധനവ് 1.58 ശതമാനമാണെങ്കില്‍ മൃഗസംരക്ഷണമേഖലയിലെ വര്‍ധന 4.48 ശതമാനം വരും. ഈ സാഹചര്യത്തില്‍ പുതിയ വിജ്ഞാപനം സാമ്പത്തികമായും വന്‍പ്രത്യാഘാതമുണ്ടാക്കും.

കന്നുകാലികളെ അറുക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ പരിധിയില്‍ പെട്ടതാണെന്നിരിക്കെ, സംസ്ഥാനത്തിന്റെ അധികാരത്തിന്മേലും പൗരന്‍മാരുടെ ഭക്ഷണ അവകാശത്തിന്മേലുമുള്ള കടന്നുകയറ്റവും കൂടിയാണിത്. പശുമാംസം ഭക്ഷിക്കുന്നത് പൗരാണിക ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയില്‍ നടപ്പുണ്ടായിരുന്നതാണ്. ഹിന്ദു പുരാണഗ്രന്ഥങ്ങളിലെല്ലാം ഭക്ഷണത്തിലെ പശു ഇറച്ചിയുടെ പങ്കിനെയും യാഗങ്ങള്‍ക്കുവേണ്ടി ബലികഴിക്കുന്നതിനെയും കുറിച്ചു വിവരണങ്ങളുണ്ട്. ഹൈന്ദവരിലെ ന്യൂനാല്‍ന്യൂനപക്ഷമായ ബ്രാഹ്മണ സവര്‍ണവിഭാഗത്തിന് മാത്രമാണ് ഗോമാംസത്തോട് എതിര്‍പ്പ്. അവരുടെ വിശ്വാസാചാര സംഹിതകള്‍ എല്ലാം മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയെന്നത് ആര്‍ എസ് എസ് അജന്‍ഡയാണ്. പുതിയ വിജ്ഞാപനത്തിന്റെ പിന്നാമ്പുറവും അതാണ്. എലി, പാമ്പ് തുടങ്ങിപല ജീവജാലങ്ങളുമായും ബന്ധപ്പെട്ടുണ്ട് ചില വിശ്വാസങ്ങള്‍. അത് അംഗീകരിക്കുന്നവര്‍ അവയെ ആദരിക്കുകയോ പൂജിക്കുകയോ ചെയ്യട്ടെ. അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ന്യായീകരിക്കാവതല്ല. കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിട്ടുണ്ട്. കേരള സര്‍ക്കാര്‍ കേന്ദ്ര വിജ്ഞാപനം അംഗീകരിക്കില്ലെന്ന് മന്ത്രി കെ ടി ജലീലും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്.