Connect with us

Articles

പുണ്യമാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാം

Published

|

Last Updated

വിശുദ്ധ റമസാന്‍ ആഗതമായി. മുസ്ലിംകള്‍ ഏറ്റവും പവിത്രതയോടെ കാണുന്ന മാസം. സ്രഷ്ടാവായ അല്ലാഹുവുമായി അടുക്കാന്‍ ഉത്തമമായ സന്ദര്‍ഭം. കാത്തിരിക്കുകയായിരുന്നു വിശ്വാസികള്‍ ഈ മാസത്തെ വരവേല്‍ക്കാന്‍. കഴിഞ്ഞ രണ്ടു മാസവും പ്രാര്‍ഥനകളില്‍ നിത്യമായി തേടുകയായിരുന്നു, റമസാനിന്റെ ദിനരാത്രങ്ങളിലേക്ക് അടുപ്പിക്കാനും, വ്രതവും നിസ്‌കാരവും രാത്രിയുള്ള പ്രത്യേക പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവുമെല്ലാം നടത്തി ആത്മശുദ്ധീകരണത്തിന്റെ ധന്യതയിലേക്കുയരാനും.

ആലോചിച്ചു നോക്കൂ. എത്ര ഭാഗ്യവാന്മാരാണ് നമ്മള്‍. റമസാനിനെ വീണ്ടും സ്വീകരിക്കാനുള്ള ആയുസ്സ് അല്ലാഹു കനിഞ്ഞേകി തന്നിരിക്കുന്നു. പല മഹാന്മാരുടെയും പ്രാര്‍ഥനകള്‍, ധാരാളം റമസാനിനെ ജീവിതത്തില്‍ അഭിമുഖീകരിക്കാനുള്ള ഭാഗ്യം തേടിയായിരുന്നു. അനേകം റമസാനുകള്‍ ലഭിക്കുന്ന വിശ്വാസിക്ക് മുമ്പില്‍ പുണ്യങ്ങളുടെ വസന്തം ജീവിതത്തിലേക്ക് ചേര്‍ത്തുവെക്കാനുള്ള എത്രയോ അവസരങ്ങള്‍ ആണല്ലോ ലഭിക്കുന്നത്. പാരത്രിക ജീവിതത്തെ സമ്പന്നവും സുഖകരവും ആക്കാനുള്ള എത്രയെത്ര രാവുകള്‍. അതുകൊണ്ടു റമസാനിലെ ഓരോ നിമിഷവും ഉപയോഗപ്പെടുത്തണം. നാഥനില്‍ മനസ്സും ശരീരവും സമര്‍പ്പിക്കണം.
മുസ്ലിംകളുടെ ജീവിതത്തിന്റെ അടിസ്ഥാനമായ ലക്ഷ്യം പാരത്രിക ലോകത്തെ വിജയമാണ്. ഈ ലോകത്തെ ജീവിതം കേവലവും അപരിമിതവും നിത്യമായ ലോകം വരാനുള്ളത് മരണാന്തരവുമാണ് എന്നാണു അഖണ്ഡിതമായ ഇസ്ലാമിക വിശ്വാസം. പരമവും കാലാതീതവുമായ ആ പരലോക ജീവിതം വിജയകരമാക്കണമെങ്കില്‍ കൂടുതല്‍ അല്ലാഹുവും റസൂലുമായും അടുക്കണം. നാഥന്‍ കല്‍പ്പിച്ചത് പ്രവര്‍ത്തിക്കാനും നിരോധിച്ചത് ഉപേക്ഷിക്കാനും കഴിയണം.

റമസാന്‍ വിശ്വാസികളുടെ മനസ്സില്‍ ആത്മീയതയുടെയും ഭക്തിയുടെയും സാന്നിധ്യം ഉറപ്പിച്ചു നിറുത്തുന്ന മാസമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റമസാന്‍ കാലത്ത് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. മുസ്ലിംകളില്‍ മുഴുവന്‍ സവിശേഷമായ മാറ്റം അവിടങ്ങളിലെല്ലാം പ്രകടമാണ്. എല്ലാ സംഘര്‍ഷങ്ങളുടെയും അസ്വസ്ഥതകളുടെയും നടുവിലും റമസാനിന്റെ സുകൃതങ്ങള്‍ കൊയ്തെടുക്കുവാനുള്ള പരിശ്രമത്തിലാണ് വിശ്വാസികള്‍. ഈ ലോകത്തെ കേവല ജീവിതത്തിനപ്പുറം കാര്യങ്ങളെ കാണുന്നവര്‍ക്ക് പരലോകം തന്നെയാണല്ലോ പ്രധാനം.

സ്വര്‍ഗ പ്രവേശമാണ് വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം എന്ന് പറയാം. നരകത്തില്‍ നിന്നുള്ള എല്ലാ അര്‍ഥത്തിലുമുള്ള വിമോചനത്തിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ, മനുഷ്യനെ വഴി പിഴപ്പിക്കാന്‍ സദാ ശ്രമിക്കുന്നു പിശാച്. തിരുനബി(സ)യുടെ പ്രശസ്തമായ ഒരു ഹദീസ് ഇമാം മുസ്ലിം നിവേദനം ചെയ്തത് ഇങ്ങനെയാണ്: റമസാന്‍ കടന്നുവന്നാല്‍ കരുണയുടെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ താഴിയിടപ്പെടുകയും ചെയ്യും. പിശാചിനെ ബന്ധനത്തിലാക്കും. വിശ്വാസികള്‍ ആരാധനകളിലും സത്കര്‍മങ്ങളിലുമായി റമസാനെ സജീവമാക്കണം എന്നതിലേക്കുള്ള കൃത്യമായ സൂചകങ്ങള്‍ ഉണ്ട് ഈ വചനത്തില്‍.
കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് മാത്രമല്ല റമസാനിന്റെ താത്പര്യം. അടിസ്ഥാനപരമായി മനുഷ്യരെ ഭക്തിയുള്ളവര്‍ ആക്കിത്തീര്‍ക്കുകയാണ് ഈ മാസം. അല്ലാഹു ഖുര്‍ആനില്‍ പഠിപ്പിച്ചതും അതാണല്ലോ. വിശ്വാസികളെ സംബോധന ചെയ്ത് “നിങ്ങള്‍ക്കും മുന്‍ഗാമികള്‍ക്കും വ്രതമനുഷ്ഠാനം നിര്‍ബന്ധമാക്കിയത്, നിങ്ങള്‍ ഭക്തിയുള്ളവരായി തീരാന്‍ വേണ്ടിയാണ്” എന്ന സൂക്തം റമസാനിന്റെ ആത്മസത്തയെ പ്രകാശിപ്പിക്കുന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും ആസക്തികളില്‍ നിന്നകലുക എന്നതാണ് മനുഷ്യര്‍ തഖ്വയുള്ളവര്‍ ആയിത്തീരാന്‍ അടിസ്ഥാനപരമായി വേണ്ടത്. പൈശാചികമായ ചിന്തകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള വിമോചനം എന്നും പറയാം. ശരീരത്തെ നിയന്ത്രണങ്ങള്‍ക്കപ്പുറം സഞ്ചരിപ്പിക്കുന്നതില്‍ വലിയ പങ്കു ഭക്ഷണത്തിനുണ്ട്. വയറു നിറഞ്ഞിരിക്കുമ്പോള്‍ അലസനുമാവും മനുഷ്യന്‍. എന്നാല്‍ റമസാനിലെ വ്രതമനുഷ്ഠാനങ്ങളിലൂടെ അത്തരം ആലസ്യങ്ങളില്‍ നിന്നും വൈകാരിക പ്രവണതകളില്‍ നിന്നുമെല്ലാം ചിന്തകള്‍ മാറ്റി അല്ലാഹുവിലേക്ക് അടുക്കാന്‍ കഴിയണം വിശ്വാസികള്‍ക്ക്. അപ്പോഴേ, നോമ്പിന്റെ ഫലം ലഭിക്കുകയുള്ളൂ.
റമസാനിന്റെ രാത്രികളിലും സജീവമാവണം വിശ്വാസികള്‍. തറാവീഹ് ഇരുപത് റകഅത്ത് നിസ്‌കാരവും വിത്‌റും തഹജ്ജുദും എല്ലാം അനുഷ്ഠിച്ചു പ്രാര്‍ഥനാനിരതമാവണം. റമസാനിലെ റസൂല്‍(സ)യുടെ ജീവിതം അപ്രകാരമായിരുന്നു. അവിടുത്തെ അനുചരരും പില്‍ക്കാലത്തു വന്ന ഇമാമുകളുമെല്ലാം കാണിച്ചുതന്ന മാതൃകയും അതാണ്.
അല്ലാഹുവുമായി അടുക്കാനുള്ള എല്ലാ വഴികളിലും ആത്മാര്‍ഥമായി ഇടപഴകണം ഈ മാസത്തില്‍ വിശ്വാസികള്‍. വിശുദ്ധ ഖുര്‍ആന്‍ ധാരാളമായി പാരായണം ചെയ്യണം. പഠിക്കാന്‍ സമയം കണ്ടെത്തണം. ദാനധര്‍മങ്ങളില്‍ സജീവമാകണം. ഇപ്പോഴും, ദരിദ്രരായ അനേകം പേരുണ്ട് നമ്മുടെയൊക്കെ നാടുകളില്‍. അയല്‍ സംസ്ഥാനങ്ങളില്‍ ആവട്ടെ, നമ്മുടെ സഹോദരന്മാരുടെ അവസ്ഥ പരമദയനീയമാണ്. അല്ലാഹു നല്‍കിയതില്‍ നിന്ന് ദാനം ചെയ്യുമ്പോഴാണ് സമ്പത്തില്‍ ബറകത് ഉണ്ടാവുക.
ലോകത്തിന്റെ പല ഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി, കിടപ്പാടം തേടി അലയുകയാണ് നമ്മുടെ സഹോദരന്മാര്‍. അഭയാര്‍ഥികളെന്ന ലേബലുകളില്‍ പലര്‍ക്കും ഒരു നാട്ടിലും തങ്ങാനുള്ള പൗരത്വം പോലുമില്ല. എന്നിട്ടും പലരും പ്രതീക്ഷയിലാണ്. കഷ്ടപ്പാടുകളുടെ മധ്യത്തിലും റമസാനെ വരവേല്‍ക്കുന്നു അവര്‍. പ്രയാസങ്ങളില്‍ ക്ഷമിക്കുമ്പോള്‍, പലരും ആഗ്രഹിക്കുന്നത് അല്ലാഹുവിന്റെ തുണയാണ്. ഈ ലോകത്തിലെ സഹനങ്ങള്‍ക്കു പാരത്രികജീവിതത്തില്‍ പ്രതിഫലം കിട്ടുമെന്ന ഉറച്ച വിശ്വാസം. ഈ ശുഭപ്രതീക്ഷയാണ് മുസ്‌ലിംകളുടെ ജീവിതത്തെ ചലനാത്മകമാക്കുന്നത്. ഹൃദയത്തെ നിത്യവസന്തത്തിന്റെ മൂര്‍ധന്യതയില്‍ നിറുത്തുന്നത്. റമസാന്‍ നല്‍കുന്നതും അവശേഷിപ്പിക്കുന്നതും അത്തരം ഒരു കരുത്താവണം.
വിശ്വാസത്തിന്റെ ബലം. അല്ലാഹു റമസാനെ ഹൃദയപൂര്‍വം സ്വീകരിച്ച, അല്ലാഹു നിര്‍ദേശിച്ച പോലെ വിനിയോഗിച്ച വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.

Latest