സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഗോര്‍ഡിയോളയുടെ കുടുംബം

Posted on: May 24, 2017 11:59 am | Last updated: May 24, 2017 at 11:54 am

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുടെ കുടുംബവും ചില താരങ്ങളും സ്‌ഫോടനത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിയില്‍ ഗോര്‍ഡിയോളയുടെ ഭാര്യ ക്രിസ്റ്റിനെ സെറയും രണ്ട് പെണ്‍മക്കളും പങ്കെടുത്തിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളുടെ കുടുംബാംഗങ്ങളും പരിപാടിക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊന്നും അപകടം സംഭവിച്ചിട്ടില്ല. ഗോര്‍ഡിയോള ട്വിറ്ററിലൂടെ ഞെട്ടല്‍ രേഖപ്പെടുത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം തിങ്കളാഴ്ച രാത്രിയിലെ സംഗീത പരിപാടിയില്‍ സംബന്ധിച്ച വിവരം പുറത്തറിയുന്നത്.ഐലൗവ്മാഞ്ചസ്റ്റര്‍ എന്ന ആഷ് ടാഗോടെ പെപ് ഗോര്‍ഡിയോള സോഷ്യല്‍ മീഡിയയിലൂടെ അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വിഷമത്തില്‍ പങ്കുചേര്‍ന്നു. സിറ്റിയുടെ വേദിയായ എത്തിഹാദ്‌സ്റ്റേഡിയത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഹെല്‍പ് ഡെസ്‌കുകള്‍ തുറന്നിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന് വേണ്ട സഹായങ്ങള്‍ ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ട്. ഭക്ഷണം, വെള്ളം, ബ്ലാങ്കറ്റുകള്‍, ഫോണ്‍ ചാര്‍ജറുകള്‍ എന്നിവ ഹെല്‍പ് സെന്ററുകള്‍ വഴി ക്ലബ്ബ് അധികൃതര്‍ നല്‍കുന്നുണ്ട്. നഗരം നേരിട്ട വലിയ പ്രതിസന്ധിയില്‍ രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ ഒപ്പം നില്‍ക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.