ക്രൂരം, ഹൃദയശൂന്യം: തെരേസ മെയ്

Posted on: May 23, 2017 11:08 pm | Last updated: May 23, 2017 at 11:08 pm

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയിലുണ്ടായ തീവ്രവാദി ആക്രമണം ഏറ്റവും ക്രൂരവും ഹൃദയശൂന്യവുമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. തീവ്രവാദി ആക്രമണത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിരോധമില്ലാത്ത സാധാരണക്കാര്‍ക്ക് നേരെയാണ് അക്രമി ക്രൂരത അഴിച്ചുവിട്ടത്. ഏറ്റവും കൂടുതല്‍ ആളപായം ഉണ്ടാക്കാന്‍ പ്രാപ്തമായ രീതിയിലുള്ള സ്ഥലമാണ് തീവ്രവാദി ആക്രമണത്തിനായി തിരഞ്ഞെടുത്തത്. സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇത്തരം ഹൃദയശൂന്യര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.

ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി കാബിനറ്റ് അംഗങ്ങളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ അത് വെളിപ്പെടുത്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.