Gulf
ദുബൈ, ഷാര്‍ജ നഗരസഭകള്‍ കാമ്പയിന്‍ ആരംഭിച്ചു; റമസാനില്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തും

ദുബൈ: വിശുദ്ധ റമസാനില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബൈ, ഷാര്‍ജ നഗരസഭകള്‍ കാമ്പയിന്‍ ആരംഭിച്ചു. ഭക്ഷ്യവസ്തുക്കള്‍ വൃത്തിയും സുരക്ഷിതത്വവുമുള്ള സ്ഥലങ്ങളിലാണോ സൂക്ഷിച്ചിരിക്കുന്നതെന്നും ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതാണോയെന്നും കണ്ടെത്തുന്നതിനായി വെയര്‍ഹൗസ് അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്ന് ദുബൈ നഗരസഭ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഭക്ഷ്യ പരിശോധനാ മേധാവി സുല്‍ത്താന്‍ അല്‍ താഹിര്‍ പറഞ്ഞു.
ദുബൈയിലെ പഴം-പച്ചക്കറി മാര്‍ക്കറ്റിലും പാലുത്പന്ന കേന്ദ്രങ്ങളിലും പരിശോധന വ്യാപകമാക്കും. വില്‍പന കേന്ദ്രങ്ങളുടെ സഹകരണത്തോടെ തന്നെ ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും സംഭരണവും പരിശോധിക്കും. ഓരോ ഭക്ഷ്യോത്പന്നത്തിനും പാകമായ താപനിലയിലാണോ ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് എന്നാകും കൂടുതലായും പരിശോധിക്കുക
റമസാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വൃത്തിയും ഗുണമേന്മയുമുള്ള അന്നപാനീയങ്ങള്‍ ഉപഭോക്താക്കളിലേക്കെത്താന്‍ വേണ്ട തയ്യാറെടുപ്പുകളാണ് ഭക്ഷ്യപരിശോധനാ വിഭാഗത്തിന്റേത്.
ദുബൈയിലെ 2,920 ഭക്ഷ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ഉത്പന്നങ്ങളുടെ സുരക്ഷിതത്വവും ഗുണമേന്മയും വര്‍ഷങ്ങളായി നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. ദുബൈയിലാകമാനം 750 വെയര്‍ ഹൗസുകളും 1,580 ഗ്രോസറി, 590 ഹൈപ്പര്‍ മാര്‍ക്കറ്റുകളുമാണുള്ളത്.
ഷാര്‍ജയില്‍ മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, കിച്ചണുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിലെല്ലാം പരിശോധന വ്യാപകമാക്കുമെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ സാബിത് അല്‍ തറൈഫി പറഞ്ഞു. ഉത്പന്നങ്ങളുടെ കാലാവധി ഉറപ്പുവരുത്തും.
ചിട്ടയില്ലാത്ത ഭക്ഷ്യോത്പന്നങ്ങളുടെ സാമ്പിളുകള്‍ എടുത്ത് ഷാര്‍ജ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറിയില്‍ പരിശോധിക്കും.
ഷാര്‍ജ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് അഞ്ച് ഇഫ്താര്‍ ടെന്റുകള്‍ ഒരുക്കും. ഷാര്‍ജ നഗരസഭാ തൊഴിലാളികള്‍, വ്യവസായ മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവരടക്കം 3,200 പേര്‍ക്ക് സൗജന്യ ഇഫ്താര്‍ ഭക്ഷ്യപൊതികള്‍ വിതരണം ചെയ്യും. നോമ്പുതുറ സമയത്തെ വാഹന ഡ്രൈവര്‍മാര്‍ക്കും ഭക്ഷ്യപ്പൊതികള്‍ നല്‍കും.
റമസാനെ വരവേല്‍ക്കാനായി ഷാര്‍ജയിലെ തെരുവുകള്‍, പ്രധാന സ്‌ക്വയറുകള്‍, റൗണ്ട് എബൗട്ടുകള്‍ തുടങ്ങിയിടങ്ങളില്‍ വര്‍ണ വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്.