കൃഷി വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥരുടെ തുറന്ന പോര്

Posted on: May 23, 2017 4:45 pm | Last updated: May 24, 2017 at 9:44 pm

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന ആരോപണവുമായി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമി രംഗത്ത്. ഇതിന് രേഖകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ പരിശീലനപരിപാടിയില്‍ വിദേശ സംഘം പങ്കെടുത്തത് നിയമപ്രകാരമല്ലെന്നും ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ബിജുപ്രഭാകര്‍ നിയമനം നടത്തിയിട്ടുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.

ചട്ടങ്ങള്‍ പാലിച്ച് ജോലി ചെയ്താലും തന്നെ വിജിലന്‍സ് കേസുകളിലടക്കം കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബിജു പ്രഭാകര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനാണ് അദ്ദേഹം അവധി നല്‍കിയത്. ഇതിന് പിന്നാലെയാണ് രാജു നാരായണസ്വാമി രൂക്ഷവിമര്‍നങ്ങളുമായി രംഗത്തെത്തിയത്. കൃഷിവകുപ്പില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം അവധി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ പരശീലനപരിപാടിയില്‍ വിദേശ വിദഗ്ധനെ പങ്കെടുപ്പിച്ചത് സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്ന് കരുതിയാണെന്നും ബിജുപ്രഭാകര്‍ പ്രതികരിച്ചിരുന്നു.